ഷാർജ രാജ്യാന്തര പുസ്തകോത്സവം നവംബർ ഒന്നു മുതൽ

ഷാർജ രാജ്യാന്തര പുസ്തകോത്സവം നവംബർ ഒന്നു മുതൽ പതിനൊന്ന് വരെ നടക്കുമെന്ന് ഷാർജ ബുക്ക് അതോറിറ്റി ചെയർമാൻ അഹ്മദ് അൽ അമീരി അറിയിച്ചു. ഇത്തവണയും ഷാർജ എക്‌സ്‌പോ സെന്ററിൽ ആയിരിക്കും പുസ്തകമേള. ബ്രിട്ടനാണ് ഇത്തവണത്തെ അതിഥി രാജ്യം.
പതിവു പോലെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് എഴുത്തുകാരും പ്രസാധകരും ആസ്വാദകരും എത്തുമെന്നും അഹ്മദ് അൽ അമീരി പറഞ്ഞു. കഴിഞ്ഞ വർഷം 15 ലക്ഷത്തിലധികം സന്ദർശകരാണ് എത്തിയത്.
ഷാർജ ഭരണാധികാരി ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ രക്ഷാകർതൃത്വത്തിൽ 35 വർഷം പിന്നിട്ട പുസ്തകമേള ലോകത്തു തന്നെ ശ്രദ്ധേയമായ സാംസ്‌കാരികോത്സവമാണ്. ലോകത്തെ വലിയ മൂന്നാമത്തെ പുസ്തമേളയാണ് ഷാർജ പുസ്തകോത്സവം.
മേളയുടെ ഭാഗമായുള്ള പ്രൊഫഷണൽ പ്രോഗ്രാം ഒക്ടോബർ 30, 31 തീയതികളിൽ നടക്കും. വിവർത്തനങ്ങൾക്കുള്ള അവകാശ കൈമാറ്റങ്ങൾ ഈ പരിപാടിയിലാണ് നടക്കുന്നത്. ലോകത്തെ 250 ലധികം പ്രസാധകർ പങ്കെടുക്കും.
മേളയിൽ ഇത്തവണയും മലയാളത്തിൻറെ സാന്നിധ്യം വലുതായിരിക്കും. കേരളത്തിലെ നിരവധി പ്രസാധകർ പവലിയൻ ബുക്ക് ചെയ്തിട്ടുണ്ട്. ഡി സി, ഗ്രീൻ ബുക്‌സ്, മാതൃഭൂമി തുടങ്ങിയ പ്രസാധകരുടെ സജീവ സാന്നിധ്യം ഉണ്ടാകും .
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here