ബലാത്സംഗത്തിന് പുറമെ കൊലപാതക കേസുകളും; ഗുർമീതിന് കുരുക്ക് മുറുക്കി സിബിഐ

ദേരാ സച്ചാ സൗദ തലവൻ ഗുർമീത് റാം റഹീം അനുയായികളെ പീഡിപ്പിച്ച കേസിൽ ശിക്ഷാവിധി നാളെ വരാനിരിക്കെ ഗുർമീത് ഉൾപ്പെട്ട മറ്റ് കേസുകളും ചർച്ചയാകുന്നു. ഗുർമീത് അനുയായികളെ പീഡിപ്പിച്ചുവെന്ന വാർത്ത നൽകിയ മാധ്യമപ്രവർത്തകന്റെ മരണമാണ് ഇനി പരിഗണിക്കാനിരിക്കുന്ന കേസ്. രാം ചന്ദർ ചത്രപതി എന്ന മാധ്യമപ്രവർത്തകനാണ് ഗുർമീതിനെതിരെ വാർത്ത നൽകിയതിന്റെ പേരിൽ കൊല്ലപ്പെട്ടത്. ഈ കേസിൽ അടുത്ത സെപ്തംബർ 16നാണ് അടുത്ത വിചാരണ.
വിധിയിൽ നീതി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് മാധ്യമപ്രവർത്തകന്റെ കുടുംബം. നിലവിൽ ഗുർമീതിനെതിരായി വന്ന വിധി സ്വാഗതം ചെയ്യുന്നുവെന്നും സാധാരണക്കാരന് നീതി ലഭിക്കു മെന്ന പ്രതീക്ഷയാണ് വിധി നൽകുന്നതെന്നും രാം ചന്ദറിന്റെ മകൻ അൻഷുൽ പറഞ്ഞു. പൂര സച്ച് എന്ന പേരിൽ പ്രസിദ്ധീകരിച്ചു വന്നിരുന്ന സായാഹ്ന പത്രത്തിലാണ് രാം ചന്ദർ വാർത്ത നൽകിയത്. വാർത്ത പ്രസിദ്ധീകരിച്ചതിന് ശേഷം ഗുർമീത് അനുയായികളിൽനിന്ന് മാധ്യമപ്രവർത്തകന് വധഭീഷണി ഉണ്ടായിരുന്നു.
നിലവിൽ രണ്ട് കൊലപാതക കേസുകളിലാണ് ഗുർമീത് വിചാരണ നേരിടുന്നത്. ബലാത്സംഗം നേരിട്ട അനുയായിയുടെ സഹോദരനെ കൊന്ന കേസിലാണ് മറ്റൊന്ന്. ഈ കേസിലും സിബിഐ തന്നെയാണ് അന്വേഷിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here