Advertisement

സൗത്ത്‌ലൈവ് ‘പ്രതി’സന്ധിയിൽ; സെബാസ്റ്റ്യൻ പോളിനെതിരെ മാധ്യമപ്രവർത്തകർ

September 14, 2017
1 minute Read
southlive sebastian paul

സൗത്ത്‌ലൈവ് എഡിറ്റർ ഇൻ ചീഫ് സെബാസ്റ്റ്യൻ പോളിന്റെയും മാനേജ്‌മെന്റിന്റെയും ദിലീപ് അനുകൂല നിലപാടിൽ പ്രതിഷേധിച്ച് സ്ഥാപനത്തിലെ മാധ്യമപ്രവർത്തകർ രംഗത്ത്. സെബാസ്റ്റ്യൻ പോളിന്റെ സഹാനുഭൂതി കുറ്റമല്ല; ദിലീപിനുവേണ്ടിയും ചോദ്യങ്ങൾ ഉണ്ടാകണം എന്ന ലേഖനം സൗത്ത്‌ലൈവിൽ പബ്ലിഷ് ചെയ്തതിന് തൊട്ടുപിന്നാലെ ഇത് സ്ഥാപനത്തിന്റെ നിലപാടല്ലെന്ന് വ്യക്തമാക്കി രംഗത്തെത്തിയ ആതേ ടീം തന്നെയാണ് വീണ്ടും വിയോജിപ്പ് അറിയിച്ചിരിക്കുന്നത്.

സെപ്തംബർ 10ന് പ്രസിദ്ധീകരിച്ച ലേഖനം സൗത്ത് ലൈവിന്റെ നിലപാടാണെന്ന് മാനേജ്‌മെന്റ് ഇന്ന് അറിയിച്ചുവെന്നും ചീഫ് എഡിറ്ററുടെ ലേഖനത്തോട് വിയോജിപ്പുള്ളവർ പുറത്തുപോകണം എന്ന സെബാസ്റ്റ്യൻ പോളിന്റെ പ്രഖ്യാപനവും ഉണ്ടായതായും സൗത്ത്‌ലൈവിലെ എക്‌സിക്യൂട്ടീവ് എഡിറ്റർ എൻ കെ ഭൂപേഷ് ഫേസ്ബുക്കിൽ കുറിച്ചത്.

ലേഖനത്തിലെ നിലപാട് സൗത്ത് ലൈവിന്റെ നിലപാടാണെന്ന് മാനേജ്‌മെന്റ് ഔദ്യോഗികമായി ജീവനക്കാരുടെ യോഗം വിളിച്ച് അറിയിക്കുകയായിരുന്നു. മാനേജിംഗ് ഡയറക്ടർ സാജ് കുര്യനും സി ഇ ഒ ജോഷി സിറിയക്കുമാണ് തീരുമാനം ജീവനക്കാരെ അറിയിച്ചത്. ചീഫ് എഡിറ്റർ സെബാസ്റ്റ്യൻ പോളിന്റെ നയം അതെന്താണോ അതാണ് സൗത്ത് ലൈവ് എന്ന മാധ്യമത്തിന്റെ നയം എന്നാണ് മാനേജ്‌മെന്റിന്റെ വിശദീകരണമെന്നും തുടർന്നുള്ള നിലപാടുകളും ഇത്തരത്തിലായിരിക്കുമെന്ന് വ്യക്തമാക്കിയതായും പോസ്റ്റിൽ ഭൂപേഷ് പറയുന്നു.

”തടവറയ്ക്ക് താഴിട്ടാൽ തടവുകാരനെ മറക്കുകയെന്നതാണ് സാമാന്യരീതി. ഇന്ത്യൻ ജയിലുകളിൽ വിചാരണയില്ലാതെ കഴിയുന്ന ഹതഭാഗ്യരുടെ എണ്ണം പറഞ്ഞാൽ സ്വതന്ത്ര പരമാധികാര റിപ്പബഌക് തല താഴ്ത്തും. ദാരിദ്ര്യംകൊണ്ടുമാത്രം ജയിലിൽ കഴിയുന്ന ചിലരെ പണം നൽകി വിമോചിതരാക്കിയ കാര്യം ജയിലിൽനിന്നിറങ്ങിയ മംഗളം ടെലിവിഷൻ സിഇഒ അജിത്കുമാർ എന്നോട് പറഞ്ഞു…” എന്നിങ്ങനെ പറഞ്ഞു പോകുന്ന ലേഖനം അങ്ങേയറ്റം സ്ത്രീ വിരുദ്ധവും ആക്രമിക്കപ്പെട്ട പെൺകുട്ടിയെ തള്ളി വിചാരണ തടവിൽ കഴിയുന്ന നടനെ പിന്തുണയ്ക്കുന്നതാണെന്നും ആരോപണം ഉയരുന്ന സാഹചര്യത്തിലാണ് വീണ്ടും നിലപാടിലുറച്ച് സെബാസ്റ്റ്യൻ പോളും സൗത്ത്‌ലൈവ് മാനേജ്‌മെന്റും മാധ്യമപ്രവർത്തകർക്ക് താക്കീത് നൽകിയിരിക്കുന്നത്.

‘ ആക്രമിക്കപ്പെട്ടവൾ ചൂണ്ടിക്കാട്ടിയ പ്രതികൾ ജയിലിലുണ്ട്. അവർക്കെതിരെ തെളിവുകൾ ശക്തമാക്കി പരമാവധി ശിക്ഷ ഉറപ്പിക്കാനാണ് പൊലീസ് ശ്രമിക്കേണ്ടത്. സ്ത്രീയെ ലൈംഗികമായി ആക്രമിക്കുന്ന പുരുഷന്റെ ഉദ്ദേശ്യമെന്തെന്ന് അന്വേഷിക്കേണ്ടതില്ല. സമാനമായ ആക്രമണം മറ്റ് നടികൾക്കെതിരെയും പൾസർ സുനി നടത്തിയതായി വാർത്തയുണ്ട്. ദിലീപ് പ്രതിയാക്കപ്പെട്ട കേസിന് ആസ്പദമായ സംഭവത്തിന്റെ ആസൂത്രണം മുഖ്യപ്രതി സുനി നേരിട്ട് നടത്തിയതാകണം. അതിനുള്ള പ്രാപ്തിയും പരിചയവും അയാൾക്കുണ്ട്. വെളിവാക്കപ്പെട്ട രേഖകളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിൽ എനിക്കുള്ള മറ്റ് സന്ദേഹങ്ങളിലേക്ക് ഇപ്പോൾ കടക്കുന്നില്ല. ‘ – ലേഖനത്തിൽ നിന്ന്

കടുത്ത സ്ത്രീവിരുദ്ധതയും വ്യക്തിവിദ്വേഷവും പ്രതിഫലിക്കുന്ന മനുഷ്യത്വവിരുദ്ധമായ ഈ ലേഖനം കേരള സമൂഹം ചർച്ച ചെയ്ത് തള്ളികളഞ്ഞിട്ടും ആ ലേഖനത്തിലെ നിലപാടുകളാണ് സൗത്ത് ലൈവിന്റെ തുടർനയമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് മാനേജ്‌മെന്റ്. ഈ നിലപാടിനെ
അംഗീകരിക്കാൻ തയ്യാറല്ലെന്നും നടിയെ ആക്രമിച്ചവർക്കും ആസൂത്രണം ചെയ്തവർക്കും അനുകൂലമായി സഹതാപതരംഗം സൃഷ്ടിക്കാനുള്ള ശ്രമത്തിനിടയിലും കുറ്റക്കാർ ശിക്ഷിക്കപ്പെടുമെന്ന് തന്നെയാണ് പ്രതീക്ഷയെന്നും സൗത്ത് ലൈവ് മാധ്യമപ്രവർത്തകർ ഒന്നടങ്കം പറയുന്നു.

പോസ്റ്റിന്റെ പൂർണ്ണരൂപം

നടി ആക്രമിക്കപ്പെട്ട കേസില്‍ സൗത്ത് ലൈവ് എഡിറ്റര്‍ ഇന്‍ ചീഫ് സെബാസ്റ്റ്യന്‍ പോള്‍ എഴുതിയ ‘സഹാനുഭൂതി കുറ്റമല്ല, ദിലീപിന് വേണ്ടിയും ചോദ്യങ്ങള്‍ ഉണ്ടാകണം’ – ലേഖനം(സെപ്തംബര്‍ 10) സൗത്ത് ലൈവ് എന്ന മാധ്യമ സ്ഥാപനത്തിന്റെ നിലപാടാണെന്ന് മാനേജ്മെന്റ് ഇന്ന് അറിയിച്ചിരിക്കുന്നു. ചീഫ് എഡിറ്ററുടെ ലേഖനത്തോട് വിയോജിപ്പുള്ളവര്‍ പുറത്തുപോകണം എന്ന സെബാസ്റ്റിയന്‍ പോളിന്റെ പ്രഖ്യാപനവും
സൗത്ത് ലൈവിന്റെ നിലപാടാണെന്ന് മാനേജ്‌മെന്റ് ഔദ്യോഗികമായി ജീവനക്കാരുടെ യോഗം വിളിച്ച് അറിയിച്ചിരിക്കുന്നു. മാനേജിംഗ് ഡയറക്ടര്‍ സാജ് കുര്യനും സി ഇ ഒ ജോഷി സിറിയക്കുമാണ് തീരുമാനം ഞങ്ങള്‍ ജീവനക്കാരെ അറിയിച്ചിരിക്കുന്നത്. ചീഫ് എഡിറ്റര്‍ സെബാസ്റ്റ്യന്‍
പോളിന്റെ നയം അതെന്താണോ അതാണ് സൗത്ത് ലൈവ് എന്ന മാധ്യമത്തിന്റെ നയം എന്നാണ് മാനേജ്‌മെന്റിന്റെ വിശദീകരണം. ആക്രമിക്കപ്പെട്ട നടിയെ പിന്തുണയ്ക്കുന്നതിന് പകരം കുറ്റാരോപിതന്റെ മനുഷ്യാവകാശമാണ് ഉയര്‍ത്തിപ്പിടിക്കേണ്ടതെന്ന എഡിറ്റോറിയല്‍ നയംമാറ്റത്തോട് അതിശക്തമായി വിയോജിക്കുന്നതായി ഞങ്ങള്‍ മുഴുവന്‍ മാധ്യമപ്രവര്‍ത്തകരും യോഗത്തില്‍ എം ഡി സാജ് കുര്യനെയും സിഇഒയെയും അറിയിച്ചു. സൗത്ത് ലൈവിന്റെ നിലപാട് അറിയിച്ച് മറ്റ് മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖങ്ങളില്‍ അദ്ദേഹം സഹപ്രവര്‍ത്തകരുടെ ആത്മാഭിമാനം ചോദ്യം ചെയ്യുന്ന തരത്തില്‍ നടത്തിയ ചില പരാമര്‍ശങ്ങളിലുള്ള കടുത്ത വിയോജിപ്പും മാനേജ്‌മെന്റിനെ എല്ലാ ജീവനക്കാരും അറിയിച്ചു. എക്സിക്യൂട്ടീവ് എഡിറ്റര്‍ എന്‍ കെ ഭൂപേഷ്, സീനിയര്‍ എഡിറ്റര്‍ സി പി സത്യരാജ് , അസോസിയേറ്റ് എഡിറ്റര്‍ മനീഷ് നാരായണന്‍ എന്നിവര്‍ സെബാസ്റ്റ്യയന്‍ പോളിന്റെ നിലപാടുകള്‍ക്ക് വേണ്ടി, സൗത്ത് ലൈവ് എന്ന മാധ്യമത്തിന്റെ വിശ്വാസ്യത ഇല്ലാതാക്കുന്ന നടപടിയെ വിമര്‍ശിച്ചു. വനിതാ മാധ്യമപ്രവര്‍ത്തകര്‍ അടക്കമുള്ള യോഗത്തിലാണ് സെബാസ്റ്റ്യന്‍ പോളിന്റെ മനുഷ്യത്വ വിരുദ്ധ നിലപാടുകളാണ് സ്ഥാപനത്തിന്റെതെന്ന നിലപാട് ഇവര്‍ ആവര്‍ത്തിച്ചത്. മാനേജ്‌മെന്റിന്റെ നിലപാടിനോട് യോജിക്കാത്തവര്‍ക്കെതിരെ നടപടിയെടുക്കൂ എന്ന് യോഗത്തില്‍ ഒന്നടങ്കം ആവശ്യപ്പെട്ടു.
കടുത്ത സ്ത്രീവിരുദ്ധതയും വ്യക്തിവിദ്വേഷവും പ്രതിഫലിക്കുന്ന മനുഷ്യത്വവിരുദ്ധമായ ഈ ലേഖനം കേരള സമൂഹം ചര്‍ച്ച ചെയ്ത് തള്ളികളഞ്ഞിട്ടും ആ ലേഖനത്തിലെ നിലപാടുകളാണ് സൗത്ത് ലൈവിന്റെ തുടര്‍നയമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് മാനേജ്‌മെന്റ്. ഈ നിലപാടിനെ
അംഗീകരിക്കാന്‍ ഞങ്ങള്‍ തയ്യാറല്ല. നടിയെ ആക്രമിച്ചവര്‍ക്കും ആസൂത്രണം ചെയ്തവര്‍ക്കും അനുകൂലമായി സഹതാപതരംഗം സൃഷ്ടിക്കാനുള്ള ശ്രമത്തിനിടയിലും കുറ്റക്കാര്‍ ശിക്ഷിക്കപ്പെടുമെന്ന് തന്നെയാണ് ഞങ്ങളുടെ പ്രതീക്ഷ.
എന്‍ കെ ഭൂപേഷ്
സിപി സത്യരാജ്
മനീഷ് നാരായണന്‍
രഞ്ജിമ ആര്‍
നിര്‍മല്‍ സുധാകരന്‍
സികേഷ് ഗോപിനാഥ്
അജ്മല്‍ ആരാമം
ശ്യാമ സദാനന്ദന്‍
എയ്ഞ്ചല്‍ മേരി മാത്യു
ആല്‍ബിന്‍ എം യു
ശ്രിന്‍ഷ രാമകൃഷ്ണന്‍
റെയക്കാഡ് അപ്പു ജോര്‍ജ്ജ്
നിര്‍മ്മലാ ബാബു
നിസാം ചെമ്മാട്

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top