മതം മാറ്റാൻ ശ്രമം; യോഗാ സെന്റർ പൂട്ടാൻ ഹൈക്കോടതി ഉത്തരവ്

ഇതര മതസ്ഥരെ വിവാഹം കഴിച്ച യുവതികളെ മതം മാറ്റാൻ പ്രേരിപ്പിച്ച് തടങ്കലിലാക്കി മർദിച്ച സംഭവത്തിൽ ഉദയംപേരൂരിലെ യോഗാ സെൻററിന്റെ പ്രവർത്തനം നിർത്തിവെക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. നിലവിലുള്ള അന്തേവാസികൾക്ക് സെന്ററിൽ തുടരാമെന്ന് കോടതി നിർദേശിച്ചു. പഞ്ചായത്ത് നൽകിയ അടച്ചുപൂട്ടൽ നോട്ടീസിനെതിരെ യോഗാ സെന്റർ സമർപ്പിച്ച ഹർജിയിലാണ് ഉത്തരവ്.
ഉദയംപേരൂർ യോഗാ സെന്ററിൽ ശാരീരികമായി പീഡിപ്പിച്ചുവെന്ന മറ്റൊരു പെൺകുട്ടിയുടെ പരാതിയിൽ കേസെടുക്കാൻ ഹൈക്കോടതി സർക്കാരിന് നിർദേശം നൽകി. ഹേബിയസ് കോർപ്പസ് ഹർജിയിൽ കോടതിയിൽ ഹാജരായ പയ്യന്നൂർ സ്വദേശി ശ്രുതിയുടെ പരാതിയിലാണ് കോടതിയുടെ നടപടി. തന്നെ യോഗാ സെൻററിൽ മർദിച്ചുവെന്ന് പെൺകുട്ടി പരാതിപ്പെട്ടതിനെ തുടർന്ന് മൊഴിയെടുക്കാൻ സിറ്റി പോലീസ് കമ്മീഷണർക്ക് നിർദ്ദേശം നൽകി. കേസ് ദുർബല്ലപ്പെടുത്താൻ പോലീസ് ശ്രമിക്കുകയാണെന്ന് കോടതി വാക്കാൽ പറഞ്ഞു.
പെൺകുട്ടിയുടെ മൊഴി കോടതി നേരിട്ട് രേഖപ്പെടുത്തി. പോലീസ് കമ്മിഷണറോട് മൊഴി രേഖപ്പെടുത്താൻ നിർദേശിച്ചിട്ടും വനിതാ എസ് ഐ മൊഴി രേഖപ്പെടുത്തിയതിൽ കോടതി അതൃപ്തി രേഖപ്പെടുത്തി. ഡിജിപിയെ കോടതി നേരിട്ട് വിളിച്ചു വരുത്തി അതൃപ്തി അറിയിച്ചു. പെൺകുട്ടിയെ യുവാവിനൊപ്പം പോകാൻ കോടതി അനുവദിച്ചു. യോഗാ സെൻററിൽ മർദിച്ചുവെന്ന പെൺകുട്ടിയുടെ മൊഴി ശരിയല്ലെന്നും കൂടെ ഉണ്ടായിരുന്ന മാതാവിന്റെ ഭാഗം കുടി കേൾക്കണമെന്നുമുള്ള അഭിഭാഷകന്റെ ആവശ്യം കോടതി നിരസിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here