ഭഗത് സിംഗ്; മരണത്തിലും അവസാനിക്കാത്ത പോരാട്ടം

ഭഗത് സിംഗ് എന്ന പേര് വിപ്ലവത്തിന്റെ മറുവാക്കാകാൻ തുടങ്ങിയിട്ട് 86 വർഷമാകുന്നു. രാജ്യത്തിന്റെ വിപ്ലവപോരാളി തന്റെ പ്രത്യയ ശാസ്ത്രം ലോകത്തിനും ശത്രുവിനും മുന്നിൽ വെളിപ്പെടുത്തിയാണ് മരണം വരിച്ചത്. അതുകൊണ്ടുതന്നെ 86 വർഷങ്ങൾക്കിപ്പുറവും ഇന്ത്യക്കാരന് വിപ്ലവമെന്ന് കേൾക്കുമ്പോൾ ഭഗത് സിംഗ് എന്ന് പറയാതിരിക്കാനാകില്ല.
ജനനം
1907 സെപ്തംബർ 28ന് ഇപ്പോൾ പാകിസ്താന്റെ ഭാഗമായ പഞ്ചാബിലെ ലയൽപൂർ ജില്ലയിലുള്ള ബങ്കാ ഗ്രാമത്തിലെ ഒരു സിഖ് കർഷക കുടുംബത്തിലാണ് ഇന്ത്യയുടെ എക്കാലത്തെയും വിപ്ലവകാരിയായ ഭഗത് സിംഗിന്റെ ജനനം. ഭാഗ്യമുള്ള കുട്ടി എന്നർത്ഥം വരുന്ന ഭഗോൺവാല എന്നാണ് ഭഗത് സിംഗിന് മുത്തശ്ശി നൽകിയ പേര്. അതിന് ഒരു കാരണവുമുണ്ട്; അദ്ദേഹത്തിന്റെ ജനന ദിവസം തന്നെയാണ് സ്വാതന്ത്ര്യ സമര പ്രവർത്തകരായിരുന്ന പിതാവും പിതൃസഹോദരങ്ങളും ജയിൽ മോചിതരായത്.
1931 മാർച്ച് 23 ന് ബ്രിട്ടീഷ് ഗവൺമെന്റ് ഭഗത് സിംഗിനെ തൂക്കിലേറ്റുമ്പോൾ അദ്ദേഹത്തിന് 23 വയസ്സ് മാത്രമായിരുന്നു പ്രായം. ഭഗത് സിംഗിനൊപ്പം തൂക്കിലേറ്റിയത് അദ്ദേഹത്തോളമോ അതിലേറയോ, സ്വാതന്ത്ര്യം മനസിൽ സൂക്ഷിച്ച സുഗ്‌ദേവിനേയും രാജ് ഗുരുവിനേയും കൂടെയാണ്.
ബാല്യകാലം മുതൽ ബ്രിട്ടീഷ് രാജിനെതിരെ പോരാടിയിരുന്ന ഭഗത് സിംഗിനെ തീവ്ര ഇടത് ചിന്താഗതിക്കാരനാക്കിയത് യൂറോപ്പിലെ വിപ്ലവ സംഘടനകളെക്കുറിച്ചുള്ള പുസ്തകങ്ങളായിരുന്നു. അതോടെ അദ്ദേഹം അരാജക വാദത്തോടും മാർക്‌സിസത്തോടും അടുത്തു. ഇന്ത്യയിലെ ആദ്യ മാർക്‌സിസ്റ്റുകളിലൊരാളായും അദ്ദേഹം വിശേഷിപ്പിക്കപ്പെടുന്നുണ്ട്. കടുത്ത നിരീശ്വര വാദിയായിരുന്ന അദ്ദേഹം എന്തുകൊണ്ട് ഞാൻ ഒരു അവിശ്വാസി (വൈ അയാം ആൻ എത്തീയിസ്റ്റ്) എന്ന പേരിൽ ലേഖനമെഴുതി. തന്റെ ചിന്തകൾ പൊള്ളയാണെന്ന് പറഞ്ഞവർക്ക് മറുപടിയായി ആ പുസ്തകം.
ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കൻ അസോസിയേഷന്റെ സ്ഥാപക നേതാക്കളിലൊരാളായ സിംഗ് ലാഹോറിലെ സെൻട്രൽ ലെജിസ്ലേറ്റീവ് അസംബ്ലിയിൽ ബോംബെറിഞ്ഞതുമായി ബന്ധപ്പെട്ട കേസിലാണ് പോലീസിൽ കീഴടങ്ങുന്നതും തൂക്കിലേറ്റപ്പെടുന്നതും. രക്ഷപ്പെടാൻ മാർഗ്ഗങ്ങളുണ്ടായിട്ടും തന്റെ ആശയം ബ്രിട്ടീഷ്‌കാർ തിരിച്ചറിയാനാണ് ഭഗത് സിംഗും സുഹൃത്തുക്കളും കീഴടങ്ങുന്നത്.
86 വർഷങ്ങൾക്ക് മുമ്പ്, 1931 മാർച്ച് 24 ന് നടപ്പിലാക്കാൻ തീരുമാനിച്ച വധശിക്ഷ ഭഗത് സിംഗിനെപ്പോലും മുൻകൂറായി അറിയിക്കാതെ മാർച്ച് 23 വൈകീട്ട് 7:30 ബ്രിട്ടീഷുകാർ നടപ്പിലാക്കി.
പുറത്തു കാത്തുനിന്ന ബന്ധുക്കളേയോ സുഹൃത്തുക്കളേയോ അറിയിക്കാതെ ജയിലിന്റെ മൃതശരീരങ്ങൾ പുറകുവശത്തെ മതിലു പൊളിച്ച് ലാഹോറിൽ നിന്നും അറുപതു കിലോമീറ്റർ അകലെയുള്ള ഗന്ധ സിംഗ് വാല ഗ്രാമത്തിൽ വെച്ച് ദഹിപ്പിച്ചു. ആ പോരാളികളുടെ ചാരം, സത്‌ലജ് നദിയിലൊഴുക്കുകയാണ് ബ്രിട്ടീഷുകാർ ചെയ്തത്.
ഭഗത് സിംഗ് തെളിച്ച അഗ്‌നിനാളം ഇന്നും കെട്ടിട്ടില്ല. പുതിയ വിപ്ലവ ശബ്ദങ്ങൾക്ക് ഭഗത് സിംഗ് എന്ന ചുവടെഴുത്തു കൂടിയെത്തുന്നത് അത് കൊണ്ടാണ്. എല്ലാ എതിർ ശബ്ദങ്ങളെയും നവീകരണ പോരാട്ടങ്ങളെയും ഭഗത് സിംഗിന്റെ പേരുകൂട്ടി തന്നെയേ ഓരോഇന്ത്യക്കാരനും വരും നാളുകളിലും വായിക്കൂ. അങ്ങനെയാണ് ആ ജീവൻ ബലിനൽകിയതിന്റെ അർഥം പൂർണ്ണമാകുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here