85 ദിവസങ്ങൾക്ക് ശേഷം ദിലീപ് പുറത്തേക്ക്; സിനിമയെ വെല്ലുന്ന നാടകീയതകൾ നിറഞ്ഞതായിരുന്ന ആ കേസ്

കൊച്ചിയിൽ നടിയെ അക്രമിച്ച കേസിൽ റിമാൻഡിൽ കഴിയുകയായിരുന്ന പ്രതി ദിലീപിന് 85 ദിവസങ്ങൾക്ക് ശേഷം ഒടുവിൽ ജാമ്യം ലഭിച്ചു. കഴിഞ്ഞ നാല് തവണയും ദിലീപിന് കോടതി ജാമ്യം നിഷേധിച്ചിരുന്നു.
ഏറെ ആവേശത്തോടെയാണ് ദിലീപിന് ജാമ്യം ലഭിച്ചുവെന്ന വാർത്ത ദിലീപ് ഫാൻസ് വരവേറ്റിരിക്കുന്നത്. മൂന്ന് മാസത്തോളം കാലം ജയിലിൽ കഴിഞ്ഞ താരം പുറത്തേക്ക് വരുമ്പോൾ വൻ വരവേൽപ്പാണ് ഫാൻസ് ഒരുക്കുന്നത്. റോഡ് ഷോ, ലഡു വിതരണം, പടക്കം പൊട്ടിക്കൽ, ഇങ്ങനെ നീളുന്നു പ്രതി ദിലീപിനെ വരവേൽക്കാൻ ഫാൻസ് രൂപംകൊടുത്തിരിക്കുന്ന പരിപാടികൾ. ദിലീപിനെതിരെ പ്രഥമദൃഷ്ടിയാ തെളിവുണ്ടെന്ന സത്യം ദിലീപ് ഫാൻസുകാരെ ബാധിക്കുന്നില്ല. അവരെ സംബന്ധിച്ച് ഇപ്പോഴും ദിലീപ് വിചാരണ നേരിടുന്ന ‘കുറ്റാരോപിതൻ’ മാത്രമാണ്.
ഒരു സിനിമയിലും കാണത്ത വിധം നാടകീയത നിറഞ്ഞതായിരുന്നു, നടിയ്‌ക്കെതിരെ ഉണ്ടായ ആക്രമണവും, തുടർന്ന് ഇന്ന് വരെ ഉണ്ടായിരിക്കുന്ന സംഭവ വികാസങ്ങളും, ആ നാൾവഴികളെ കുറിച്ച് അറിയാം..
ആ കറുത്ത ദിനം….
ഫെബ്രുവരി 17, 2017 നാണ് കൊച്ചിയിൽ ദേശീയപാതയിലൂടെ സഞ്ചരിച്ച സിനിമാനടിയുടെ അതിക്രമിച്ച് കയറിയ സംഘനം താരത്തെ അക്രമിക്കുന്നതും, അപകീർത്തികരമായി ദൃശ്യങ്ങൾ ചിത്രീകരിക്കുന്നതും. ഇതേ തുടർന്ന് നടി പോലീസിൽ പരാതിപ്പെട്ടു.
സംഭവവുമായി ബന്ധപ്പെട്ട് ഫെബ്രുവരി 18 ന് തന്നെ നടിയുടെ കാർ ഓടിച്ചിരുന്ന മാർട്ടിനെ പോലീസ് അറസ്റ്റ് ചെയ്യുകയും, പൾസർ സുനി എന്ന സുനിൽകുമാറടക്കമുള്ള 6 പേർക്കെതിരെ പോലീസ് കേസെടുക്കുകയും ചെയ്തു.
ഫെബ്രുവരി 19 ന് നടിയെ ആക്രമിച്ച കേസിൽ രണ്ടുപേർകൂടി പൊലീസ് പിടിയിലായി. കൃത്യത്തിന് ശേഷം സുനിയെ രക്ഷപെടാൻ സഹായിച്ച ആലപ്പുഴ സ്വദേശി വടിവാൾ സലിം, കണ്ണൂർ സ്വദേശി പ്രദീപ് എന്നിവരാണ് പിടിക്കപ്പെട്ടത്. ഇതേ ദിവസമാണ് സിനിമാപ്രവർത്തകർ നടിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കൂട്ടായ്മ സംഘടിപ്പിച്ചത്.
ഫെബ്രുവരി 20 ന് നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ നാലാമനായി തമ്മനം സ്വദേശി മണികണ്ഠൻ പിടിയിലായി. ഒളിവിലായിരുന്ന പൾസർ സുനിയെയും കൂട്ടാളി വിജീഷിനെയും ഫെബ്രുവരി 23 നാണ് പൊലീസ് അറസ്റ്റ് ചെയ്യുന്നത്. കോടതിയിൽ കീഴടങ്ങാനെത്തിയപ്പോഴാണ് ഇവരെ അറസ്റ്റ് ചെയ്യാൻ പൊലീസിന് സാധിച്ചത്. ജഡ്ജി ഭക്ഷണം കഴിക്കാൻ പോയപ്പോഴാണ് ഇവർ കീഴടങ്ങാനെത്തിയത്. ഈ സാഹചര്യം പൊലീസിന് തുണയായി. അറസ്റ്റിലായ പൾസർ സുനി 50 ലക്ഷം രൂപയ്ക്ക് കൊട്ടേഷനെടുത്തതാണെന്ന് ഫെബ്രുവരി 24 ന് മൊഴിനൽകി.
പ്രതികളെ തിരിച്ചറിയുന്നു….
ഫെബ്രുവരി 25 ന് പൊലീസ് തെളിവെടുപ്പിനായി എത്തിയ ആക്രമിക്കപ്പെട്ട നടി പ്രതികളെ തിരിച്ചറിഞ്ഞു. മാർച്ച് 3 കൂടുതൽ അന്വേഷണം നടത്തണമെന്നു പൊലീസ് പ്രതികളുടെ കസ്റ്റഡി കാലാവധി നീട്ടിവാങ്ങി.
ദിലീപിന്റെ രംഗപ്രവേശം….
ജൂൺ 24 നാണ് കേസിലേക്ക് ദിലീപിന്റെയും സുഹൃത്ത് നാദിർഷയുടേയും രംഗപ്രവേശം. പൾസർ സുനി പണം തട്ടാൻ ശ്രമിച്ചെന്നാരോപിച്ച ദിലീപ്, തന്റെ മാനേജർ അപ്പുണ്ണിയും പൾസർ സുനിയും തമ്മിലുള്ള ഫോൺ സംഭാഷണവും ദിലീപ് വൃത്തങ്ങൾ പുറത്തുവിട്ടു.
ജൂൺ 26 ന് ദിലീപിനെ ബ്ലാക്ക്‌മെയിൽ ചെയ്യാൻ ശ്രമിച്ചുവെന്ന കേസിൽ പൾസർ സുനിയുടെ സഹതടവുകാരനായ വിഷ്ണു അറസ്റ്റിലായി. അന്നുതന്നെയാണ് സിനിമാ ലോകത്തെ പിടിച്ചുകുലുക്കിയ വെളിപ്പെടുത്തല് ദിലീപ് നടത്തിയത്. അക്രമിക്കപ്പെട്ട നടിയും പൾസർ സുനിയും അടുത്ത സുഹൃത്തുക്കളാണെന്നാണ് ദിലീപ് പറഞ്ഞത്. ഇത്തരം ആളുകളുമായി കൂട്ടുകൂടുമ്പോൾ ഓർക്കണമെന്നും ദിലീപ് പറഞ്ഞു. വൻ വിവാദങ്ങൾക്കാണ് ഈ പ്രസ്ഥാവന വഴിവെച്ചത്.
തുടർന്ന് ജൂൺ 28 ന് ദിലീപിനെയും നാദിർഷയേയും 13 മണിക്കൂർ പൊലീസ് ചോദ്യം ചെയ്തു. അറസ്റ്റ് ചെയ്യുമെന്ന അഭ്യൂഹങ്ങൾ പരന്നെങ്കിലും അറസ്റ്റ് ഉണ്ടായില്ല. ശേഷം ജൂൺ 29 ന് ഇരയേയും വേട്ടക്കാരനെന്ന് ആരോപിക്കപ്പെട്ട ദിലീപിനെയും ഒരുപോലെ സംരക്ഷിക്കുമെന്ന വിചിത്ര നിലപാടുമായി ‘അമ്മ’ രംഗത്തെത്തി. മാധ്യമപ്രവർത്തകർക്കുനേരെ ‘അമ്മ’ അംഗങ്ങൾ ആക്രോശിക്കുകയും ചെയ്തു. ഇത് സംഭവത്തിൽ താരങ്ങളുടെ സംഘടനയോട് ജനമനസ്സുകളിൽ വിള്ളൽ വീഴ്ത്തുകയും, വൻ വിവാദത്തിനും, ചർച്ചയ്ക്കും തിരി കൊളുത്തുകയും ചെയ്തു.
ജൂൺ 30 ന് കേസുമായി ബന്ധപ്പെട്ട് ദിലീപിന്റെ ഭാര്യയും നടിയുമായി കാവ്യാ മാധവന്റെ വസ്ത്രവ്യാപാര സ്ഥാപനത്തിൽ പോലീസ് പരിശോധന നടത്തി. ഇതിനിടെ ദിലീപിന്റെ സഹോദരൻ അനൂപ്, ധർമജൻ ബോൾഗാട്ടി തുടങ്ങി ദിലീപ് ചിത്രമായ ജോർജേട്ടൻസ് പൂരമായി ബന്ധപ്പെട്ട സിനിമാ പ്രവർത്തകരെ പോലീസ് ചോദ്യം ചെയ്തു. ഈ ചിത്രത്തിന്റെ ഷൂട്ടിങ്ങ് സെറ്റിൽ സുനി എത്തിയിരുന്നു.
ദിലീപ് ജയിലിലാകുന്നു….
ജൂലൈ 10 നാണ് മലയാള സിനിമാ ലോകത്തെ ഞെട്ടിച്ചുകൊണ്ട് ദിലീപ് ജയിലിലാകുന്നത്. ദിലീപിനെതിരെ ശക്തമായ തെളിവുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് പോലീസ് ദിലീപിനെ അറസ്റ്റ് ചെയ്തത്.
നടിയുടെ ആദ്യ പ്രതികരണം….
ജൂലൈ 13 നാണ് അക്രമിക്കപ്പെട്ട നടി ദിലീപിന്റെ അറസ്റ്റ് സംബന്ധിച്ച് ആദ്യ പ്രതികരണവുമായി രംഗത്തെത്തുന്നത്. നടി അക്രമിക്കപ്പെട്ട കേസിൽ റിമാൻഡിൽ കഴിയുന്ന നടനുമായി തനിക്ക് സൗഹൃദമൊന്നുമില്ലെങ്കിലും, വ്യക്തി വൈരാഗ്യത്തിന്റെ പേരിൽ ആരേയും പ്രതിയാക്കാൻ ശ്രമിച്ചിട്ടില്ലെന്ന് നടി പ്രതികരിച്ചു. ആദ്യം ചിത്രങ്ങളിൽ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ടെങ്കിലും പിന്നീട് ചില പ്രശ്‌നങ്ങൾ മൂലം സൗഹൃം വെടിയുകയായിരുന്നു. ഒരു പേര് പോലും താൻ എവിടെയും സൂചിപ്പിച്ചിട്ടില്ലെന്നും, ദിലീപ് തെറ്റ് ചെയ്തിട്ടില്ലെങ്കിൽ അത് തെളിയട്ടെയെന്നും, തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അതും തെളിയട്ടെയെന്ന് നടി പ്രസ്താവനയിൽ വ്യക്തമാക്കി. ഒപ്പം എത്രയും പെട്ടെന്ന് സത്യം തെളിയട്ടെയെന്നും നടി പ്രതികരിച്ചു. തനിക്ക് സാമ്പത്തീക ഇടപാടുകളോ വസ്തു ഇടപാടുകളോ ഇല്ലെന്നും നടി കൂട്ടിച്ചേർത്തു.
ജൂലൈ 20 ന് മുഖ്യപ്രതി പൾസർ സുനിയുടെ അമ്മ ശോഭന രഹസ്യ മൊഴി നൽകി. കാലടി കോടതി മുമ്പാകെയാണ് ശോഭന മൊഴി നൽകിയത്. തനിയ്ക്ക് അറിയാവുന്നതെല്ലാം പറഞ്ഞെന്നാണ് മൊഴി നൽകിയ ശേഷം ശോഭന മാധ്യമങ്ങളോട് പ്രതികരിച്ചത്.
കേസിലേക്ക് കാവ്യയും അമ്മയും എത്തുന്നു….
ജൂലൈ 26 ന് കാവ്യയുടെ അമ്മ ശ്യാമളയെയും ചോദ്യം ചെയ്തു. ലക്ഷ്യയുടെ നടത്തിപ്പ് ചുമതല കാവ്യയുടെ അമ്മയ്ക്കാണ്. 2013 ൽ നടന്ന ലണ്ടൻ താരനിശയാണ് ദിലീപിന്റെ ദാമ്പത്യ ജീവിതത്തിൽ ഉലച്ചിലുകൾ സൃഷ്ടിച്ചത്. ആ താരനിശയിൽ അക്രമിക്കപ്പെട്ട നടിയും, ദിലീപും, കാവ്യ മാധവനും പങ്കെടുത്തിരുന്നു. അതുകൊണ്ട് തന്നെ 2013 മുതലുള്ള വിശദാംശങ്ങളാണ് ശ്യാമളയിൽ നിന്നും കാവ്യയിൽ നിന്നും പോലീസ് ചോദിച്ചറിഞ്ഞത്.
അപ്പുണ്ണി ഹാജരാകുന്നു….
ദീർഘകാലം ഒളിവിലായിരുന്ന അപ്പുണ്ണി ജൂലൈ 31 ന് അപ്പുണ്ണി ആലുവ പോലീസ് കൽബിൽ ഹാജരായി. നേരത്തെ അപ്പുണ്ണിയുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. ഹർജിക്കാരൻ അന്വേഷണോദ്യോഗസ്ഥൻ മുമ്പാകെ ഹാജരാകണമെന്നാണ് കോടതി നിർദേശിച്ചത്. ചോദ്യംചെയ്യൽ നിയമപ്രകാരമാകണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്. പോലീസിൽ ഹാജരായാൽ മർദനവും പീഡനവുമുണ്ടാകുമെന്ന് ആശങ്കയുണ്ടെന്ന് ഹർജിക്കാരൻ ബോധിപ്പിച്ചപ്പോഴാണ് കോടതിയുടെ ഈ നിർദേശം.
ദിലീപും ജാമ്യവും….
ഈ സമയങ്ങളിലെല്ലാം ജയിലിൽ കഴിഞ്ഞ ദിലീപ് പലപ്രാവശ്യം ജാമ്യാപേക്ഷ നടത്തിയെങ്കിലും ലഭിച്ചില്ല. പലദിവസവും ജാമ്യാപേക്ഷയിൽ വാദം നടന്നുവെങ്കിലും നിരവധി തവണ വിധി പറയാൻ മാറ്റിയതും ദിലീപിന്റെ ജയിൽ കാലാവധി ദീർഘിപ്പിക്കുന്നതിന് കാരണമായി.
അച്ഛന്റെ ശ്രാദ്ധ ചടങ്ങുകൾക്കായി പുറത്തേക്ക്….
സെപ്തംബർ 6 നാണ് ദിലീപിന് അച്ഛന്റെ ശ്രാദ്ധ ചടങ്ങുകളിൽ പങ്കെടുക്കാൻ കോടതി അനുമതി നൽകുന്നത്. രാവിലെ എട്ട് മുതൽ പത്ത് വരെയാണ് ദിലീപിന് കർശന ഉപാധികളോടെ കോടതി അനുവദിച്ച സമയം. പോലീസിന്റെ വൻ വാഹനവ്യൂഹമാണ് ദിലീപിനെ ആലുവ സബ് ജയിലിൽ നിന്നും അച്ഛന്റെ ശ്രാദ്ധ ചടങ്ങുകൾ നടക്കുന്നിടത്തേക്ക് അനുഗമിച്ചത്.
മാധ്യമങ്ങളെ കാണാനും മൊബൈൽ ഫോൺ അടക്കമുള്ളവ ഉപയോഗിക്കാനും ദിലീപിന് കോടതി വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ദിലീപിന്റെ സുരക്ഷക്കായി 200 ഓളം പോലീസുകാരെയാണ് നിയോഗിച്ചിരുന്നത്.
കുരുക്ക് മുറുക്കിയ വിവരങ്ങൾ….
ദിലീപിന്റെ കുരുക്ക് മുറുക്കുന്ന നിർണ്ണായക വിവരങ്ങൾ പ്രോസിക്യൂഷനാണ് പുറത്തുവിട്ടത്. നടി അക്രമിക്കപ്പെട്ട ദിവസം രാത്രി രമ്യാ നമ്പീശന്റെ വീട്ടിലേക്ക് ലാന്റ് ഫോണിലേക്ക് ദിലീപിന്റെ വീട്ടിലെ ലാന്റ് ലൈനിൽ നിന്നും കോൾ പോയിരുന്നു. ഇത് എന്തിന് വേണ്ടിയാണെന്നോ ആരാണ് വിളിച്ചതെന്നോ ദിലീപ് കൃത്യമായ മറുപടി നൽകിയിട്ടില്ല.
ആക്രമിക്കുന്നത് ക്വട്ടേഷനാണെന്ന കാര്യം പൾസർ നടിയോട് പറഞ്ഞിരുന്നു.ക്വട്ടേഷൻ നൽകിയ ആൾ നിങ്ങളെ വിളിക്കും എന്നും പറഞ്ഞിരുന്നു. രമ്യാ നമ്പീശന്റെ വീട്ടിലേക്ക് പോയ ഫോൺകോളിന് ഇതുമായി ബന്ധമുണ്ടെന്നാണ് പൊലീസ് സമർത്ഥിച്ചത്.
ആക്രമിക്കപ്പെട്ട നടിയുടെ അടുത്ത സുഹൃത്തായ രമ്യയുടെ വീട്ടിലേക്ക് വിളിച്ചത് വെറുതേയല്ലെന്ന് തെളിവുകൾ നിരത്തി പൊലീസ് സമർപ്പിച്ചു.
പനിയായതിനാൽ വിശ്രമിച്ചെന്ന് പറഞ്ഞ അന്ന് രാത്രി 12 അര വരെ ദിലീപ് പലരുമായും ഫോണിൽ സംസാരിച്ചു. പനികാരണം വിശ്രമിക്കുന്ന ആളാണോ പാതിരാത്രി വരെ പലരുമായും ഫോണിൽ സംസാരിച്ചതെന്ന ചോദ്യത്തിനും ദിലീപിന് ഉത്തരം നൽകിയില്ല.
ഒടുവിൽ ജാമ്യം…..
ഒടുവിൽ കഴിഞ്ഞ നാല് തവണയുണ്ടായ ജാമ്യനിഷേധനത്തിന് ശേഷം അഞ്ചാം തവണ ദിലീപിന് കർശന ഉപാധികളോടെ ജാമ്യം ലഭിച്ചിരിക്കുകയാണ്. കുറ്റപത്രം സമർപ്പിക്കുന്നതിന് തൊട്ടുമുമ്പ് ദിലീപിന് ജാമ്യം ലഭിച്ചതിനാൽ വിചാരണ കാലയളവിൽ ജയിലിൽ കഴിേണ്ടതില്ല.
പാസ്‌പോർട്ട് സമർപ്പിക്കുക, ഒരു ലക്ഷം രൂപ ബോണ്ട് നൽകണം , 2 ആൾ ജാമ്യം എന്നിവയാണ് കോടതി നിഷ്‌കർശിച്ചിരിക്കുന്ന ഉപാധികൾ. ഏഴ് ദിവസത്തിനകം അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയിൽ പാസ്‌പോർട്ട് സമർപ്പിക്കണമെന്നാണ് കോടതി പറഞ്ഞത്. അന്വേഷണ ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടാൽ ഹാജരാകണമെന്നും കോടതി പറഞ്ഞിട്ടുണ്ട്.
കേസന്വേഷണം പൂർത്തിയായിരിക്കുന്നു, ഒപ്പം പ്രധാനപ്പെട്ട സാക്ഷികളുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ ദിലീപ് ഇനിയും ജയിലിൽ തുടരേണ്ടതില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ദിലീപിന് ജാമ്യം അനുവദിച്ചത്.
kochi actress attack case dileep involvement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here