വേങ്ങര മണ്ഡലത്തിൽ മികച്ച പോളിംഗ്; പ്രതീക്ഷ പങ്കുവച്ച് മുന്നണികൾ

മലപ്പുറം വേങ്ങര നിയമസഭാ മണ്ഡലത്തിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ ശക്തമായ പോളിംഗ്. ഉച്ചയായതോടെ 50.3 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയിരിക്കുന്നത്. വോട്ടർമാർ കൂടുതലായി ബൂത്തിലേക്കെത്തുന്നത് ആത്മവിശ്വാസം നൽകുന്നുവെന്നാണ് ഇടത് വലത് മുന്നണികളുടെ അഭിപ്രായം. പോളിംഗ് കൂടുന്നത് ഭൂരിപക്ഷം വർദ്ധിപ്പിക്കുമെന്ന് മുസ്ലീം ലീഗും മികച്ച പോളിംഗ് വിജയ പ്രതീക്ഷ ഉയർത്തുന്നുവെന്ന് ഇടതുമുന്നണിയും പറയുന്നു.
ഒരു മാസം നീണ്ടുനിന്ന വാശിയേറിയ തെരഞ്ഞെടുപ്പ് പ്രചാരണത്തിനൊടുവിലാണ് വേങ്ങരയിൽ വോട്ടെടുപ്പ് നടക്കുന്നത്. വോട്ടെണ്ണൽ ഈ മാസം 15നാണ്.
ആകെ 1,70,009 വോട്ടർമാരാണ് മണ്ഡലത്തിലുള്ളത്. ഇവരിൽ 87,750 പുരുഷന്മാർ, 82, 259 സ്ത്രീകൾ. ഇത്തവണ 178 പ്രവാസി വോട്ടർമാർ പട്ടികയിൽ ഉണ്ട്. വേങ്ങര ഉൾപ്പെടുന്ന പ്രദേശം ഈ മണ്ഡലം ആകുന്നതിനു മുമ്പും ശേഷവും മുസ്‌ലിം ലീഗ് മാത്രം ജയിച്ച ചരിത്രമാണുള്ളത്.
ലീഗിലെ കെ.എൻ.എ. ഖാദറും സി.പി.എമ്മിലെ അഡ്വ. പി.പി. ബഷീറുമാണ് മുഖ്യപോരാട്ടം. ജനചന്ദ്രൻ മാസ്റ്റർ (ബി.ജെ.പി), അഡ്വ. കെ.സി. നസീർ (എസ്.ഡി.പി.ഐ ), എസ്.ടി.യു മുൻ ജില്ല പ്രസിഡൻറ് അഡ്വ. ഹംസ (സ്വത.), ശ്രീനിവാസ് (സ്വത.) എന്നിവരും മത്സരത്തിനുണ്ട്.
ആറു മാസം മുൻപു നടന്ന ലോക്‌സഭാ ഉപതിരഞ്ഞെടുപ്പിൽ വേങ്ങര അസംബ്ലി മണ്ഡലത്തിലെ വോട്ടിങ് ശതമാനം തിരിച്ചാൽ അത് 67.70 ശതമാനമായിരുന്നു. കുഞ്ഞാലിക്കുട്ടി ജയിച്ച നിയമസഭാ തിരഞ്ഞെടുപ്പിൽ 70.77 ശതമാനവും പോളിങ് ഉണ്ടായിരുന്നു.
തിരൂരങ്ങാടി പിഎസ്എംഒ കോളജിലെ സ്‌ട്രോങ് റൂമിലാണ് വോട്ടെടുപ്പിനുശേഷം വോട്ടിങ് യന്ത്രങ്ങൾ സൂക്ഷിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here