റേഷൻ സമരം ഒത്തുതീർപ്പിൽ

സംസ്ഥാന വ്യാപകമായി റേഷൻ കടയുടമകൾ നടത്തിവന്ന സമരം ഒത്തുതീർന്നു. മന്ത്രി പി.തിലോത്തമനുമായി നടത്തിയ ചർച്ചയെ തുടർന്നാണ് തീരുമാനം ഉണ്ടായത്. വേതന പാക്കേജ് അംഗീകരിച്ച സർക്കാർ നടപടി സ്വാഗതാർഹമെന്ന് റേഷൻ വ്യാപാരികൾ അറിയിച്ചു.
സംസ്ഥാനത്തെ റേഷൻ ചില്ലറവ്യാപാരികൾക്ക് ഏറ്റവും കുറഞ്ഞത് പ്രതിമാസം 16,000 രൂപ കമ്മീഷൻ ലഭിക്കുന്ന പാക്കേജിന് ഇന്ന് ചേർന്ന മന്ത്രിസഭായോഗം തീരുമാനം എടുത്തിരുന്നു. നവംബർ ഒന്നു മുതൽ പാക്കേജ് നടപ്പാകും. ദേശീയ ഭക്ഷ്യഭദ്രതാനിയമം സംസ്ഥാനത്ത് നടപ്പാക്കുന്നതിന്റെ ഭാഗമായാണ് പാക്കേജ് അംഗീകരിച്ചത്. 207 കോടി രൂപയാണ് ഇതിന് അധിക ചെലവ് വരുന്നത്. ഇതിൽ 44.59 കോടി രൂപ കേന്ദ്രസഹായമായി ലഭിക്കും.
അന്ത്യോദയ അന്നയോജന വിഭാഗം ഒഴികെയുളളവരിൽ നിന്നും കിലോഗ്രാമിന് ഒരു രൂപ നിരക്കിൽ കൈകാര്യ ചെലവ് ഈടാക്കിക്കൊണ്ടാണ് പാക്കേജ് നടപ്പാക്കുക. ഇതുപ്രകാരം റേഷൻ അരിയ്ക്കും ഗോതമ്പിനും ഒരു രൂപ വീതം വില കൂടും.
45 ക്വിന്റലോ അതിൽ കുറവോ ഭക്ഷ്യധാന്യം എടുക്കുന്ന വ്യാപാരിക്ക് ക്വിന്റലിന് 220 രൂപ നിരക്കിൽ കമ്മീഷനും സഹായധനമായി പരമാവധി 6,100 രൂപയും കാർഡുകളുടെ എണ്ണവും ധാന്യത്തിന്റെ അളവും ഏകീകരിക്കുന്നതുവരെ ലഭ്യമാവും. ഇപോസ് മെഷീൻ സ്ഥാപിക്കുന്നത് വരെ ക്വിന്റലിന് 100 രൂപ എന്ന കമ്മീഷൻ നിരക്ക് തുടരും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here