റയാന്‍ സ്ക്കൂളില്‍ ആ രണ്ടാം ക്സാസുകാരന്‍ അര്‍ഹിച്ച നീതി തന്നെയാണ് അശോക് കുമാറും അര്‍ഹിച്ചത്, അര്‍ഹിക്കുന്നത്!!

സെപ്തംബര്‍ എട്ട് വെള്ളിയാഴ്ച വരെ ഗുഡ്ഗാവിലെ റയാന്‍ ഇന്റര്‍നാഷണല്‍ സ്ക്കൂളിലെ കണ്ടക്ടര്‍ അശോക് കുമാറിന്റെ ജീവിതം സാധാരണ നിലയിലായിരുന്നിരിക്കണം. ഒരു ദിവസം കൊണ്ട് മാറി മറിഞ്ഞ തന്റെ വിധിയോര്‍ത്ത് കണ്ണ് നിറയാത്ത ഒരു ദിവസം പോലും ഈ കഴിഞ്ഞ രണ്ട് മാസത്തില്‍ മധ്യവയസ്കന് ഉണ്ടായിക്കാണില്ല. ഇനി ഒരിക്കലും കണ്ണില്‍ നിന്ന് ആ നനവ് മാറി പോകുകയും ഇല്ല. കാരണം ഒരു ഏഴ് വയസ്സുകാരനെ കഴുത്ത് അറുത്ത് കൊലപ്പെടുത്തിയാള്‍, പ്രകൃതി വിരുദ്ധ പീഡനത്തിന് വഴങ്ങാത്തതിന് കുഞ്ഞിന്റെ കഴുത്തറുത്ത് കൊന്നയാള്‍ എന്നൊക്കെയാണ് നമ്മള്‍ അടങ്ങുന്ന സമൂഹം അശോക് കുമാറിന് കഴിഞ്ഞ രണ്ട് മാസം കൊണ്ട് കല്‍പ്പിച്ച് കൊടുത്ത ‘അഡ്രസ്സ്’.
പട്ടാപ്പകല്‍ സ്കൂള്‍ ടോയ്‍ലറ്റില്‍വച്ച് കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ അശോക് കുമാര്‍ ശ്രമിച്ചുവെന്നും എതിര്‍ത്ത കുട്ടിയെ കഴുത്തറുത്തു കൊന്നുവെന്നുമായിരുന്നു ഹരിയാന പൊലീസ് അശോക് കുമാറിനെ ജയിലിലേക്ക് പോകുന്നതിന് മുമ്പായി ലോകത്തോട് വിളിച്ച് പറഞ്ഞത്. രാജ്യം മുഴുവന്‍ ഉറ്റുനോക്കിയ കേസ് ആയത് കൊണ്ട് തന്നെ അറസ്റ്റും ആ തലത്തില്‍ ചര്‍ച്ചയായി. സദാചാരക്കാരും അല്ലാത്തവരും ശാപവാക്കുകള്‍ കൊണ്ടാവണം ആ മനുഷ്യനെ കണ്ടതും, ആ വാര്‍ത്തകള്‍ വായിച്ചതും.
എന്നാല്‍ കൃത്യം രണ്ട് മാസത്തിന് ശേഷം നമ്മളറിഞ്ഞതും, വായിച്ചതും കുട്ടിയുടെ ഘാതകന്‍ ഇയാളല്ലെന്നാണ്. സിബി ഐ അന്വേഷിച്ച് കണ്ടെത്തിയത് ആ സ്ക്കൂളിലെ തന്നെ പതിനൊന്നാം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു യഥാര്‍ത്ഥ വില്ലനെന്നാണ്. അറും കൊല പരീക്ഷ മാറ്റിവയ്ക്കാനായിരുന്നുവെന്നത് ഞെട്ടലോടെയാണ് രാജ്യം കേട്ടത്.
എന്നാല്‍ ആദ്യം ഈ കൊലപാതക കേസ് അന്വേഷിച്ച ഹരിയാന പോലീസ് കേസിന്റെ തുടക്കം മുതല്‍ നന്നായി ‘പ്രവര്‍ത്തിച്ചു’. അവര്‍ക്ക് വേണ്ടത് ഒരു പ്രതിയെ മാത്രമായിരുന്നു. മണിക്കൂറുകള്‍ക്കുള്ളില്‍ അവര്‍ അശോകിനെ പിടികൂടുകയും ചെയ്തു. കൊല പ്രകൃതി വിരുദ്ധ പീഡനത്തിന് വഴങ്ങാത്തതിനാലാണെന്ന ഒരു കഥയും പടച്ച് വിട്ടു. ലോകം മുഴുവന്‍ ആ വാര്‍ത്ത് അത് പോലെ വിഴുങ്ങി.
തെറ്റുകാരനല്ലെന്ന് അറിഞ്ഞിട്ടും ജയിലിന്റെ പടികടക്കുമ്പോള്‍ ഒരു പൂര്‍ണ്ണ നിരപരാധിയുടെ കണ്ണില്‍ കാണുന്ന നിസ്സഹായതയല്ല, ഭയമാണ് അശോക് കുമാറിന്റെ കണ്ണില്‍ അന്ന് കണ്ടതെന്ന് ഇന്ന് തിരിച്ചറിയുകയാണ്. താന്‍ നിഴലുകൊണ്ട് പോലും ഇടപെടാത്ത കേസില്‍ അതിന്റെ ഉള്ളറകളിലേക്ക് വീണുപോകുന്നതിലെ ഭയമാണ് ആ കണ്ണുകളില്‍ തിളങ്ങിയത്.
കൊടും കുറ്റവാളിയായി സമൂഹത്തിന് മുന്നില്‍ അവതരിപ്പിച്ചതിനും, ആ രണ്ട് മാസത്തെ ജയില്‍ വാസത്തിനും ഹരിയാന പോലീസിന് എന്ത് തിരിച്ച് നല്‍കിയാല്‍ മതിയാവും ഈ പാവത്തിന്. വിലങ്ങണിയിച്ച് പോലീസുകാര്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിച്ചപ്പോഴും, ;പ്രതി’ കുറ്റം സമ്മതിച്ചെന്ന് വിളിച്ച് പറഞ്ഞപ്പോഴും അശോകിന് തന്റെ ചുറ്റും നടക്കുന്നതെന്തെന്ന് കൃത്യമായി മനസിലായി കാണില്ല. അല്ലേ? ചോരയില്‍ കുളിച്ച കുഞ്ഞിനെ ആശുപത്രിയിലാക്കാന്‍ ശ്രമിച്ചതില്‍ കൂടുതല്‍ എന്ത് തെറ്റാണ് ഈ പാവം ചെയ്തത്?
അശോക് കുമാറിനെ പൊലീസ് ഇരുട്ടറയിലിട്ട് തല്ലിച്ചതച്ചു, തല വെള്ളത്തില്‍ മുക്കിപ്പിടിച്ച് ശ്വാസം മുട്ടിച്ചു. ഷോക്കടിപ്പിച്ചു, കുറ്റം സമ്മതിച്ച് ഒപ്പിട്ടുതന്നില്ലെങ്കില്‍ വീട്ടിലിരിക്കുന്ന ഭാര്യയേയും മക്കളേയും ഇവിടെയെത്തിച്ച് കണ്‍മുന്നിലിട്ട് ചതയ്ക്കുമെന്ന് ഭീഷണിപ്പെടുത്തി. രക്ഷകനാകേണ്ട നിയമപാലകര്‍ കേസില്‍ നിന്ന് തടിയൂരാന്‍ അശോകിനോട് കാണിച്ച ക്രൂരതകളാണിത്. പോലീസ് മുറയില്‍ കിടന്ന് പുളയുമ്പോഴും ഇനി വേദന സഹിക്കാന്‍ കഴിയില്ലെന്ന് ശരീരം തന്നെ പറഞ്ഞിട്ടും ആ പൈശാചിക കൃത്യം അശോക് കുമാര്‍ ഏറ്റെടുക്കാന്‍ തയ്യാറായില്ല. ഒടുക്കം പൊലീസ് തന്നെ കുറ്റസമ്മതമൊഴി തയാറാക്കി അതില്‍ ബലമായി വിരലടയാളം വാങ്ങിക്കുകയാണ് ഉണ്ടായത്.
ഈ രണ്ട് മാസം കൊണ്ട് ഈ മനുഷ്യന്‍ അനുഭവിച്ച മാനസിക സംഘര്‍ഷങ്ങളെ എങ്ങനെയാണ് വാക്കുകള്‍ കൊണ്ട് വിവരിക്കുക??? കേസില്‍ സിബിഐ അന്വേഷണം നടത്താന്‍ പ്രദ്യുന്‍ ഠാക്കൂറിന്റെ അച്ഛന്‍ തീരുമാനിച്ച ആ നിമിഷത്തേയാണ് അശോക് കുമാറും കുടുംബവും ഇന്ന് സ്മരിക്കുന്നത്. ആ പുനരന്വേഷണം സംഭവിച്ചിരുന്നില്ലെങ്കില്‍, നിരപരാധിയായ അശോക് കുമാറിന്‍റെ ശിഷ്ടജീവിതം ഹരിയാനയിലെ ഏതോ ജയിലറയില്‍ അവസാനിച്ചേനെ.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here