Advertisement

മുന്നോക്കക്കാരിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കു സംവരണം കൊണ്ടുവരാന്‍ സമ്മര്‍ദ്ദം ചെലുത്തുമെന്ന് മുഖ്യമന്ത്രി

November 15, 2017
0 minutes Read
pinarayi vijayan , adjournement motion Kerala assembly passes motion against slaughter ban, beef fest, beef ban

സര്‍ക്കാര്‍ നിയമനങ്ങളില്‍ മുന്നോക്കക്കാരിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കു സംവരണം കൊണ്ടുവരാന്‍ സമ്മര്‍ദ്ദം ചെലുത്തുമെന്ന് മുഖ്യമന്ത്രി
സാമൂഹ്യനവോത്ഥാന നേതാവ് ശ്രീനാരായണഗുരുവിന്റെ പ്രതിമ നിയമസഭക്ക് മുന്നില്‍ സ്ഥാപിക്കാന്‍ മന്ത്രിസഭ യോഗത്തില്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. വിഖ്യാതമായ ജാതിയില്ലാ വിളംബരത്തിന്റെ നൂറാം വാര്‍ഷികവുമായി ബന്ധപ്പെട്ടാണ് പ്രതിമ സ്ഥാപിക്കുന്നത്.പ്രതിമ സ്ഥാപിക്കുന്നതിന് അനുയോജ്യമായ സ്ഥലം കണ്ടെത്തുന്നതിന് റവന്യു അഡീഷണല്‍ ചീഫ് സെക്രട്ടറി ശ്രീ പിഎച് കുര്യനേയും സാസ്‌കാരിക വകുപ്പ് സെക്രട്ടറി റാണി ജോര്‍ജിനേയും ചുമതലപ്പെടുത്തി.ഒപ്പം സ്വാമി വിവേകാനന്ദന്‍ കേരളം സന്ദര്‍ശിച്ചതിന്റെ 125ാം വാര്‍ഷികം വിവേകാനന്ദ സ്പര്‍ശം എന്ന പേരില്‍ നവംബര്‍ 27 മുതല്‍ ഡിസംബര്‍ 28 വരെ സാംസ്‌കാരിക വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടത്താനും മന്ത്രിസഭായോഗം തീരുമാനിച്ചു.

പട്ടികജാതിപട്ടിക വര്‍ഗ്ഗ വിഭാഗങ്ങള്‍ക്കും മറ്റു പിന്നോക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍ക്കും സര്‍ക്കാര്‍ ഉദ്യോഗങ്ങളില്‍ ഇപ്പോള്‍ നിലനില്‍ക്കുന്ന സംവരണം തുടരണമെന്ന് തന്നെയാണ് എല്‍ഡിഎഫിന്റെ പ്രഖ്യാപിത നയമെന്നും മുഖ്യമന്ത്രി പറഞ്ഞു.എന്നാല്‍ ഈ സംവരണം തുടരുന്നതിനോടൊപ്പം തന്നെ മുന്നോക്ക വിഭാഗങ്ങൡല സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് ഒരു നിശ്ചിത ശതമാനം സംവരണം ഏര്‍പ്പെടുത്താന്‍ കഴിയണം എന്ന അഭിപ്രായം നേരത്ത തന്നെ എല്‍ഡിഎഫ് മുന്നോട്ടുവച്ചു. ഭരണഘടന ഭേദഗതി ആവശ്യമുള്ള കാര്യമാണിത്. എന്നാല്‍ ഭരണഘന ഭേദഗതി ഇല്ലാതെ നടപ്പാക്കാന്‍ കഴിയുന്ന ചില മേഖലകളില്‍ ഇത് നടപ്പാക്കാന്‍ ആകണം എന്നാണ് സര്‍ക്കാര്‍ കാണുന്നത്.

അങ്ങനെ പരിശോധിക്കുമ്പോള്‍ ദേവസ്വം നിയമനങ്ങളില്‍ ഇത്തരത്തിലുള്ള നിലപാടുകള്‍ സ്വീകരിക്കാനാകുമെന്നും മന്ത്രിസഭ വിലയിരുത്തി. ദേവസ്വം നിയമനങ്ങളില്‍ മറ്റ് മതവിഭാഗങ്ങള്‍ക്ക് ന്യൂനപക്ഷ മതവിഭാഗങ്ങള്‍ക്കുള്ള സംവരണമില്ല.ആ സംവരണം ഒഴിവായിക്കിടക്കും.അതിനാല്‍ ദേവസ്വം ബോര്‍ഡില്‍ ഇത്തരത്തില്‍ ഒഴിഞ്ഞുകിടക്കുന്ന ഭാഗം മുന്നോക്കവിഭാഗത്തിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍ക്ക് ഒരു നിശ്ചിത ശതമാനം സംവരണമായി കൊടുക്കാമെന്നും മന്ത്രിസഭ കണ്ടെത്തി.മുന്നോക്ക വിഭാഗത്തിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് പത്ത് ശതമാനം സംവരണം നല്‍കാമെന്നാണ് മന്ത്രിസഭ തീരുമാനിച്ചിരിക്കുന്നത്. അതോടൊപ്പം തന്നെ ദേവസ്വം ബോര്‍ഡ് നിയമനങ്ങളില്‍ പട്ടികജാതി പട്ടികവര്‍ഗ്ഗക്കാരുടേയും ഇൗഴവരുടേയും മറ്റ് പിന്നോക്കവിഭാഗത്തിന്റേയും സംവരണത്തിന്റെ തോത് ഉയര്‍ത്താനും തീരുമാനിച്ചു.

ഈഴവര്‍ക്ക് 14 ശതമാനമാണ് സംവരണം നിലവിലുള്ളത്. അത് 17 ശതമാനമായി വര്‍ധിപ്പിക്കും. പട്ടികജാതി പട്ടികവര്‍ഗ്ഗക്കാര്‍ക്കുള്ള നിലവിലെ പത്ത് ശതമാനം സംവരണം 12 ശതമാനമാക്കാനും മന്ത്രിസഭ യോഗത്തില്‍ തീരുമാനമായതായി മുഖ്യമന്ത്രി അറിയിച്ചു. ഈഴവര്‍ ഒഴികെയുള്ള പിന്നോക്ക വിഭാഗക്കാര്‍ക്ക് മൂന്ന് ശതമാനത്തില്‍ നിന്നും ആറുശതമാനമായി സംവരണം വര്‍ധിപ്പിക്കും. രാജ്യത്ത് തന്നെ ആദ്യമായാണ് ഒരു സര്‍ക്കാര്‍ ഇത്തരത്തില്‍ നിലപാട് സ്വീകരിക്കുന്നത്. ഇതിനാവശ്യമായ ചട്ട ഭേദഗതികള്‍ ഉടനെ തന്നെ കൊണ്ടുവരും. മുന്നോക്ക വിഭാഗത്തിലേ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് സംവരണം നല്‍കുക എന്ന സര്‍ക്കാരിന്റെ പ്രഖ്യാപിത നയത്തിന്റെ അടിസ്ഥാനത്തില്‍ എടുത്ത തീരുമാനമാണിതെന്നും പിണറായി വ്യക്തമാക്കി.

അതേസമയം തന്നെ പൊതുവെയുള്ള സര്‍ക്കാര്‍ നിയമനങ്ങളില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് സംവരണം കൊണ്ടുവരാന്‍ ഭരണഘടന ഭേദഗതികൊണ്ടുവരാനുള്ള സമ്മര്‍ദ്ദം കേന്ദ്രത്തില്‍ സര്‍ക്കാരും എല്‍ഡിഎഫും തുടര്‍ന്നും ചെലുത്തുക തന്നെ ചെയ്യും.

സര്‍ക്കാര്‍ ഡോക്ടര്‍മാരുടേയും സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലെ അധ്യാപകരുടേയും പെന്‍ഷന്‍ പ്രായം ഉയര്‍ത്താനും തീരുമാനമായി. ഡയറക്ടര്‍ ഓഫ് ഹെല്‍ത്ത് സര്‍വ്വീസിന് കീഴില്‍ വരുന്ന ഡോക്ടര്‍മാരുടെ പ്രായം 56ല്‍ നിന്നും അറുപതായി വര്‍ധിപ്പിക്കാന്‍ മന്ത്രിസഭ യോഗം തീരുമാനിച്ചു.ഡയറക്ടര്‍ ഓഫ് മെഡിക്കല്‍ എഡ്യുക്കേഷനു കീഴില്‍വരുന്ന മെഡിക്കല്‍ കോളേജ് അധ്യാപകരുടെ പെന്‍ഷന്‍ പ്രായംഅറുപതില്‍ നിന്നും അറുപത്തിരണ്ടായും വര്‍ധിപ്പിക്കും.

ആരോഗ്യമേഖലയില്‍ പരിചയസമ്പന്നരായ ഡോക്ടര്‍മാരുടെ ദൗര്‍ലഭ്യം പലപ്പോഴും പ്രശ്‌നമായി വരാറുണ്ട്. ഇതുകൂടി കണക്കിലെടുത്താണ് ഇപ്പോഴത്തെ തീരുമാനം.അധ്യാപികമാരുടെ ക്ഷാമം കൂടിപരിഹരിക്കുന്നതിനാണ് സര്‍ക്കാര്‍ ഇത്തരം തീരുമാനങ്ങളില്‍ എത്തിച്ചേര്‍ന്നതെന്നും മന്ത്രിസഭ തീരുമാനങ്ങള്‍ വിശദീകരിച്ചുകൊണ്ട് മുഖ്യമന്ത്രി അറിയിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top