അനുബന്ധ കുറ്റപത്രത്തില്‍ ദിലീപ് ഒന്നാം പ്രതി

കൊച്ചിയില്‍ നടിയെ ആക്രമിച്ച സംഭവത്തില്‍ നടന്‍ ദിലീപ് ഉൾപ്പെടെ ഉള്ളവർക്കെതിരായ കുറ്റപത്രം അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിച്ചു. നേരത്തെയുള്ള കുറ്റപത്രത്തിനു പുറമെ ഇന്ന് സമർപ്പിച്ച അനുബന്ധ കുറ്റപത്രത്തില്‍ ദിലീപ് ഒന്നാം പ്രതിയാണെന്ന് സൂചനയുണ്ട്. മജിസ്ട്രേറ്റ് കോടതിയില്‍ നിന്ന് കേസ്സ് എറണാകുളം സെക്ഷന്‍സ് കോടതിയിലേക്ക് വിചാരണയ്ക്കായി എത്തുമ്പോള്‍ മാത്രമേ പൂർണ്ണമായ പ്രതിപ്പട്ടിക അറിയാന്‍ സാധിക്കൂ. അപ്പോൾ അനുബന്ധപട്ടിക ക്രമത്തിലായാൽ ദിലീപ് എട്ടാം പ്രതിയാകും. ഇപ്പോള്‍ സമര്‍പ്പിച്ചിരിക്കുന്ന അനുബന്ധ കുറ്റപത്രത്തില്‍ അഞ്ച് പേരുകളാണുള്ളത്. ഇതില്‍ ദിലീപിന്റെ പേര് ഒന്നാമതായാണ് ചേര്‍ത്തിരിക്കുന്നത്. ഗൂഢാലോചനയും, കൂട്ടബലാത്സംഗവുമാണ് ദിലീപിനെതിരെ ചുമത്തിയിരിക്കുന്ന കേസ്. ഗൂഢാലോചനയിൽ മുഖ്യപ്രതി ദിലീപാണ്. ഏറ്റവും ഗുരുതരമായ ആരോപണങ്ങൾ ഉള്ളതും ദിലീപിനാണ്.
ജയിലില്‍ നിന്നും സുനിക്ക് കത്തെഴുതി നല്‍കിയ വിപിന്‍ ലാലിനേയും സുനിയെെ ഫോണ്‍ വിളിക്കാന്‍ സഹായിച്ച എആര്‍ ക്യാമ്പിലെ പോലീസുകാരന്‍ അനീഷിനേയും മാപ്പു സാക്ഷികളാക്കിയിട്ടുണ്ട്.അങ്കമാലി മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. അന്വേഷണ ഉദ്യോഗസ്ഥനായ പെരുമ്പാവൂര്‍ സി.ഐ ബൈജു പൗലോസാണ് കുറ്റപത്രം സമര്‍പ്പിച്ചത്. മഞ്ജുവാര്യരാണ് കേസിലെ പ്രധാന സാക്ഷി.
പള്‍സര്‍ സുനിക്ക് ജയിലില്‍ ഫോണ്‍ എത്തിച്ച് നല്‍കിയ മേസ്തിരി സുനില്‍, സുനിയുടെ കത്ത് ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിക്ക് എത്തിച്ച് നല്‍കിയ വിഷ്ണു, തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ച അഡ്വ. പ്രതീഷ് ചാക്കോ, അഡ്വ രാജു ജോസഫ് എന്നിവരാണ് രണ്ടാം കുറ്റപത്രത്തിലെ പ്രതികള്‍. കുറ്റപത്രത്തില്‍ 355 സാക്ഷികളുണ്ട്. ഇതില്‍ അമ്പത് പേരോളം സിനിമാ മേഖലയില്‍ നിന്നുള്ളവരാണ്. 450 ല്‍ അധികം രേഖകള്‍ പോലീസ് ശേഖരിച്ചിട്ടുണ്ട്.
Dileep
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here