തൊടുപുഴ വാസന്തി, ആ പേര് നല്‍കിയത് അടൂര്‍ ഭവാനി

പി വാസന്തിയെ തൊടുപുഴ വാസന്തിയെന്ന് ആദ്യം വിളിക്കുന്നത് അടൂര്‍ ഭവാനിയാണ്. പിന്നീടങ്ങോട്ട് മലയാളികള്‍ക്ക് പി. വാസന്തി തൊടുപുഴ വാസന്തിയായി. പിതാവ് കെ. ആർ. രാമകൃഷ്ണൻ നായരുടെ ജയ്ഭാരത് എന്ന ബാലെ ട്രൂപ്പിലൂടെയായിരുന്നു വാസന്തിയുടെ കലാരംഗത്തെ അരങ്ങേറ്റം. പതിനാറാം വയസ്സില്‍ ‘ധർമ്മക്ഷേത്രേ കുരുക്ഷേത്രയില്‍ ഒരു നൃത്തം അവതരിപ്പിച്ചതായിരുന്നു പ്രശസ്തിയിലേക്കുള്ള ആദ്യപടി. പിന്നീട് അടൂര്‍ ഭവാനിയാണ് നാടക ട്രൂപ്പിലേക്ക് കൈപിടിച്ച് നടത്തിയത്. അടൂര്‍ ഭവാനിയ്ക്കൊപ്പം പീനല്‍കോഡ് എന്ന നാടകത്തില്‍ അഭിനയിക്കവെയാണ് പി വാസന്തി തൊടുപുഴ വാസന്തിയാകുന്നത്.
നാടകങ്ങളിലൂടെ ബിഗ് സ്ക്രീനിലെത്തിയ വാസന്തിയ്ക്ക് എന്റെ നീലാകാശം എന്ന സിനിമയിലാണ് ആദ്യമായി ക്യാരക്ടര്‍ വേഷം ലഭിക്കുന്നത്. എങ്കിലും സിനിമയില്‍ സജീവമാകാന്‍ തൊടുപുഴ വാസന്തിയ്ക്ക് വര്‍ഷങ്ങള്‍ വീണ്ടും കാത്തിരിക്കേണ്ടി വന്നു. കെജി ജോര്‍ജ്ജിന്റെ യവനിക എന്ന ചിത്രത്തിലൂടെയാണ് പിന്നീട് സിനിമയിലേക്ക് തിരിച്ച് വന്നത്. അതിലെ രാജമ്മ എന്ന കഥാപാത്രം ശ്രദ്ധേയമായി.1976ലാണ് നടി സിനിമയില്‍ സജീവമാകുന്നത്. പിന്നീട് ഭരതൻ, പത്മരാജൻ, ജോഷി, ഹരിഹരൻ, പി ജി വിശ്വംഭരൻ തുടങ്ങി ഒട്ടു മിക്ക സംവിധായകരുടേയും ചിത്രങ്ങളിൽ വാസന്തി അഭിനയിച്ചു.ആലോലം, കാര്യം നിസ്സാരം, ഗോഡ് ഫാദർ, നവംബറിന്റെ നഷ്ടം തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു.1982ല്‍ പുറത്തിറങ്ങിയ ആലോലം എന്ന ചിത്രത്തിലെ ജാനകി എന്ന കഥാപാത്രമായിരുന്നു തൊടുപുഴ വാസന്തിയുടെ അഭിനയ ജീവിതത്തിലെ ഏറ്റവും ശക്തമായ കഥാപാത്രം.
സിനിമാ കഥപോലെയായിരുന്നു വാസന്തിയുടെ ജീവിതവും. പിതാവിന് ക്യാന്‍സര്‍ വന്നതോടെ സിനിമയില്‍ നിന്ന് അകന്ന വാസന്തിയ്ക്ക് പൂര്‍ണ്ണ തോതില്‍ ഒരു തിരിച്ച് വരവുണ്ടായില്ല. രോഗം കുടുംബത്തിലെ ഓരോരുത്തരെയായി കീഴ്പ്പെടുത്തി. ഭര്‍ത്താവ് രജീന്ദ്രന് രോഗബാധിതനായി മരണത്തിന് കീഴടങ്ങിയതിന് പിന്നാലെയായിരുന്നു അമ്മയുടെ മരണം. പിന്നീട് ജീവിതത്തില്‍ തീര്‍ത്തും തനിച്ചായ വാസന്തിയ്ക്ക് രോഗങ്ങള്‍ മാത്രമായി കൂട്ട്. പ്രശസ്തിയുടെ ലൈം ലൈറ്റില്‍ തിളങ്ങിയ വാസന്തി ഇന്ന് രാവിലെ മരണത്തിന് കീഴ്പ്പെടും വരെ ജീവിച്ചത് ദയനീയ അവസ്ഥയിലാണ്. പ്രമേഹം മൂര്‍ച്ഛിച്ച കാരണം മുറിച്ച് മാറ്റിയ വലതുകാലും, തൊണ്ടയിലെ ക്യാന്‍സറും മൂലം ദുരിതമാര്‍ന്നതായിരുന്നു അവസാന കാലം. മുട്ടിന് താഴെ വച്ച് മുറിച്ച് മാറ്റിയ കാല്‍ പഴുപ്പ് ബാധയെ തുടര്‍ന്ന് മുട്ടിന് മുകളില്‍ വച്ച് വീണ്ടും മുറിച്ച് മാറ്റേണ്ടതായി വന്നു. രോഗാവസ്ഥയും, ചികിത്സിക്കാന്‍ പണം ഇല്ലാത്തതും, ചോര്‍ന്നൊലിക്കുന്ന വീടുമെല്ലാം മാധ്യമങ്ങളില്‍ വാര്‍ത്തയായതിനെ തുടര്‍ന്ന് തുടര്‍ന്ന് സിനിമയിലെ സ്ത്രീകളുടെ സംഘടനയായ ഡബ്ല്യൂസിസി ഇവര്‍ക്ക് ധനസഹായവും എത്തിക്കുന്നെന്ന റിപ്പോർട്ടുമുണ്ടായിരുന്നു. വൃക്കരോഗവും കേള്‍വിക്കുറവുമെല്ലാം അവസാന നാളുകളില്‍ അലട്ടിയിരുന്നു.
നാനൂറ്റി അമ്പതിലധികം ചിത്രങ്ങളില്‍ അഭിനയിച്ച നടിയ്ക്ക് അവസാനം ചികിത്സയ്ക്ക് പണം കണ്ടെത്താന്‍ പോലും നന്നേ ബുദ്ധിമുട്ടി. 2016ല്‍ അഭിനയിച്ച ഇത് താന്‍ട്രാ പോലീസ് ആയിരുന്നു തൊടുപുഴ വാസന്തി അഭിനയിച്ച അവസാന ചിത്രം. സിനിമയിൽ അവസരം കുറഞ്ഞപ്പോൾ വരമണി നാട്യാലയം എന്ന പേരിൽ വീടിനോടു ചേർന്ന് നൃത്ത വിദ്യാലയം തുടങ്ങി. രോഗങ്ങൾ എന്നെ വിടാതെ പിൻതുടർന്നതോടെ നൃത്ത വിദ്യാലയം രണ്ടു വർഷം മുൻപു അടച്ചിട്ടു. അമ്മ സംഘടന മാസം തോറും നല്‍കുന്ന 5000രൂപയായിരുന്നു ആകെയുണ്ടായ വരുമാനം. എന്നാല്‍ തുച്ഛമായ ഈ തുകയ്ക്ക് മുന്നില്‍ റേഡിയേഷന്‍ പലതവണ മുടങ്ങി. തിരശ്ശീലയില്‍ ഒരു ക്ഷയിച്ച തറവാട്ടിലെ വീട്ടമ്മയേയും പത്രാസുകാരിയേയുമെല്ലാം അതേ ഭാവാത്മകയോടെ നമ്മളെ അഭിനച്ച് കാണിച്ച് താരമാണ് അവസാന കാലത്ത് ആരുമില്ലാതെ ചോര്‍ന്നൊലിക്കുന്ന വീട്ടില്‍ ദുരിതങ്ങള്‍ ബാക്കിയാക്കി മരണമെന്ന നിത്യതയില്‍ അലിഞ്ഞത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here