കരിപ്പൂരിൽ റൺവേ റിസ നിർമാണം നാലു കോടി മുതൽമുടക്കിൽ

കരിപ്പൂരിൽ ഇടത്തരം വിമാനങ്ങൾക്ക് സർവിസ് ആരംഭിക്കുന്നതിനായി ഒരുക്കുന്ന റിസ (റൺവേ എൻഡ് സേഫ്റ്റി ഏരിയ) നിർമാണം ജനുവരി 15ന് ആരംഭിക്കും. നിർമാണ പ്രവൃത്തികൾ ആരംഭിക്കാനുള്ള ഡി.ജി.സി.എയുടെ അനുമതി കത്ത് ലഭിച്ചതായി എയർപോർട്ട് ഡയറക്ടർ ജെ.ടി രാധാകൃഷ്ണ പറഞ്ഞു. നാലു കോടി മുടക്കിയുള്ള പ്രവൃത്തികൾ ആറ് മാസം കൊണ്ട് പൂർത്തിയാക്കും.
റൺവേയിലെ ലൈറ്റിങ് ക്രമീകരണങ്ങൾ മാറ്റിയാണ് റിസ ഏരിയ വർധിപ്പിക്കുന്നത്. വിമാനം റൺവേയിൽനിന്ന് തെന്നിമാറിയുള്ള അപകടമൊഴിവാക്കാനുള്ള ചതുപ്പു പോലുള്ള പ്രദേശമാണ് റിസ. പ്രവൃത്തികൾക്കുള്ള ടെൻഡർ നേരത്തെ ക്ഷണിച്ചിട്ടുണ്ട്. ഇത് അടുത്ത ദിവസം തുറക്കും. ഡിസംബറോടെ തുടർ നടപടികൾ പൂർത്തീകരിച്ച് ജനുവരി 15ന് നിർമാണം ആരംഭിക്കും.
90 മീറ്റർ നീളമുള്ള നിലവിലെ റിസ റൺവേ കൂടി ഉൾപ്പെടുത്തി 240 മീറ്ററാക്കാനാണ് തീരുമാനം. റിസയുടെ പുനർനിർമാണം കഴിയുന്നതോടെ നിലവിലുള്ള റൺവേയുടെ ദൈർഘ്യം 2700 മീറ്ററായി കുറയും. ബോയിങ് 777200 വിമാനങ്ങൾ സർവിസ് ആരംഭിക്കുന്നതിനായാണ് കരിപ്പൂരിൽ റിസ നീളം കൂട്ടുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here