Advertisement

മറഞ്ഞത് അഴിമതിയുടെ കറപുരളാത്ത രാഷ്ട്രീയക്കാരന്‍

November 29, 2017
1 minute Read
who was former minister e chandrashekharan nair

ഒരു പൊതുപ്രർത്തകൻ എങ്ങനെയായിരിക്കണമെന്ന ഉത്തമ ഉദാഹരണമായിരുന്നു അന്തരിച്ച മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവും മുൻ മന്ത്രിയുമായ ഇ ചന്ദ്രശേഖരൻ നായർ. സാധാരണക്കാരന്റെ ആവശ്യങ്ങൾ കണ്ടറിഞ്ഞ പ്രവർത്തിക്കുന്ന ഉത്തമ കമ്മ്യൂണിസ്റ്റുകാരൻ എന്നതിലുമുപരി ഏറ്റെടുക്കുന്ന ജോലിയോടുള്ള ആത്മാർത്ഥതയും അത് പൂർത്തീകരിക്കാനുള്ള കഴിവുമാണ് ഇ ചന്ദ്രശേഖരൻ നായർ എന്ന വ്യക്തിത്വത്തെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തനാക്കിയത്.

ഒന്നാം കേരള മന്ത്രിസഭയിൽ അംഗമായിരുന്ന അദ്ദേഹം, ആറ്, എട്ട്, നിയമസഭകളിലെ ഭക്ഷ്യം, പൊതുവിതരണം എന്നീ വകുപ്പുകൾ കൈകാര്യം ചെയ്തിട്ടുണ്ട്.

ഈശ്വരപിള്ളയുടെയും മീനാക്ഷിയമ്മയുടേയും മകനായി 1928 ഡിസംബർ രണ്ടിനാണ് ഇ ചന്ദ്രശേഖരൻ നായർ ജനിക്കുന്നത്. വിദ്യാർത്ഥി കോൺഗ്രസിലൂടെ ഇന്ത്യൻ സോഷ്യലിസ്റ്റ് പാർട്ടിയിലും തുടർന്ന് ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടിയിലെത്തിയ സഖാവ് ചന്ദ്രശേഖരൻ നായർ, ആറര പതിറ്റാണ്ടായി സിപിഐയുടെ വിവിധ മേഖലകളിൽ പ്രവർത്തിക്കുകയായിരുന്നു.

1957ൽ ഒന്നാം കേരള നിയമസഭയിൽ ഭൂപരിഷ്‌കരണ ബില്ലിന്റെ സെലക്ട് കമ്മിറ്റി അംഗമായിരുന്നു. അറുപത്തിയേഴിൽ മൂന്നാം കേരള നിയമസഭയിൽ ഭൂപരിഷ്‌കരണ ബില്ലിന്റെയും സർവകലാശാലാ ബില്ലിന്റെയും സെലക്ട് കമ്മിറ്റി അംഗമായിരുന്നു. സി എച്ച് മുഹമ്മദ് കോയയുടെ അഭാവത്തിൽ സർവകലാശാല ബില്ലിന്റെ സെലക്ട് കമ്മിറ്റി യോഗങ്ങളുടെ അധ്യക്ഷൻ ഇ ചന്ദ്രശേഖരൻ നായരായിരുന്നു.

ഇന്ന് നിലനിൽക്കുന്ന സ്വാർത്ഥ രാഷ്ട്രീയത്തിൽ നിന്നുമെല്ലാം തികച്ചും വ്യത്യസ്തനായി ജനങ്ങൾക്ക് വേണ്ടി പ്രവർത്തിച്ച മന്ത്രിയായിരുന്നു ഇ ചന്ദ്രശേഖരൻ നായർ. അദ്ദേഹം മന്ത്രിയായിരുന്ന കാലത്താണ് സാധാരണക്കാരന് താഴ്ന്ന നിരക്കിൽ നിത്യോപയോഗ സാധനങ്ങൾ ലഭ്യമാക്കുന്ന ‘മാവേലി സ്‌റ്റോർ’ എന്ന പദ്ധതി നടപ്പിൽ വരുന്നത്. കേരളത്തിലെ സാധാരണക്കാരുടെ ജീവിതം തന്നെ മാറ്റി മറിച്ച പദ്ധതിയായി പിന്നീട് ഇത് മാറി. ഐഎച്ആർഡിയുടെ കീഴിൽ കരുനാഗപ്പള്ളിയിൽ സർക്കാർ എഞ്ചിനിയറിങ്ങ് കോളേജ് വരുന്നതും അദ്ദേഹം മന്ത്രിയായിരുന്ന കാലത്ത് തന്നെയായിരുന്നു.

സി.പി.ഐ.യുടെ ദേശീയ നിർവാഹക സമിതിയംഗം, കൊല്ലം ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റ്, അഖിലേന്ത്യാ സഹകരണ ബാങ്ക് ഫെഡറേഷന്റെ ചെയർമാൻ എന്നീ നിലകളിൽ ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.

ഇതിന് പുറമെ കേരളവികസന മാതൃക ഇനി എങ്ങോട്ട്? ഹിന്ദുമതം, ഹിന്ദുത്വം, ചിതറിയ ഓർമകൾ, മറക്കാത്ത ഓർമകൾ എന്നീ പുസ്തകങ്ങളുടെ കർത്താവും കൂടിയാണ് അദ്ദേഹം. ഹിന്ദുമതം ഹിന്ദുത്വം എന്ന പുസ്തകത്തിന് കേരള സാഹിത്യ അക്കാഡമിയുടെ കെ ആർ നമ്പൂതിരി പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.

ഇ ചന്ദ്രശേഖരൻ നായരുടെ മരണത്തോടെ രാഷ്ട്രീയ കേരളത്തിന് നഷ്ടമായത് ആറ് പതിറ്റാണ്ടോളം അഴിമതിയുടേയോ മറ്റ് വിവാദങ്ങളുടേയോ കറ പുരളാത്ത അപൂർവ്വ വ്യക്തിത്വത്തെ….

 

who was former minister e Chandrashekhar nair

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top