മതത്തിന്റെ പേരിൽ ഭൂമി കയ്യേറ്റം; സുപ്രീം കോടതി വിധി ഫ്രീസറിൽ

മതത്തിന്റെ പേരിലുള്ള ഭൂമി കയ്യേറ്റങ്ങൾ ഇന്ന് തുടർക്കഥയാണ്. കുരിശ് വെച്ചും, വിഗ്രഹങ്ങൾ പ്രതിഷ്ഠിച്ചും, മഖ്ബറ പണിതും മതത്തെ ഭൂമി കൈവശപ്പെടുത്താനുള്ള ആയുധമാക്കി മാറ്റുകയാണ് മതത്തിന്റെ മേലങ്കിയണിഞ്ഞവർ. ഇത്തരത്തിലുള്ള കയ്യേറ്റങ്ങൾ കേരളത്തിൽ സജീവമാകുന്ന സാഹചര്യത്തിൽ 2006 ൽ സുപ്രീം കോടതി നടത്തിയ പ്രസ്ഥാവനയിലേക്കൊന്ന് തിരിഞ്ഞ് നോക്കാം.
2006 ലാണ് സുപ്രീം കോടതി പൊതുനിരത്തുകളിൽ നിന്നും ഭൂമികയ്യേറിക്കൊണ്ടുള്ള മതചിഹ്നങ്ങൾ നീക്കണമെന്ന ഉത്തരവ് പുറപ്പെടുവിക്കുന്നത്. പൊതുനിരത്തുകളിൽ ആരാധനയ്ക്കായി സ്ഥാപിച്ചിരിക്കുന്ന എല്ലാ മതചിഹ്നങ്ങളും മാറ്റണമെന്ന ഗുജറാത്ത് ഹൈക്കോടതിയുടെ വിധിക്കെതിരായി മെയ് 2006 ൽ സുപ്രീം കോടതിയെ സമീപിച്ച കേന്ദ്രസർക്കാരിന്റെ ഹർജി കേൾക്കെയാണ് സുപ്രീം കോടതിയുടെ വിധി വരുന്നത്.
ശേഷം ജനുവരി 19, 2013 ൽ മതത്തിന്റെ പേരിലുള്ള എല്ലാ ഭൂമികയ്യേറ്റങ്ങളും നിരോധിച്ചുകൊണ്ട് സുപ്രീംകോടതി ഉത്തരവിറങ്ങി. മതചിഹ്നങ്ങൾക്ക് പുറമെ പൊതുനിരത്തുകൾ കയ്യേറി പ്രതിമകൾ സ്ഥാപിക്കുന്നതും സുപ്രീം കോടതി അന്ന് നിരോധിച്ചതാണ്. ജസ്റ്റിസ് ആർഎം ലോധ, എസ്‌ജെ മുകോപധ്യായ എന്നിവർ അധ്യക്ഷനായിരുന്ന ബഞ്ചായിരുന്നു വിധി പ്രസ്ഥാവിച്ചത്.
ഭൂമികയ്യേറിക്കൊണ്ട് പൊതുസ്ഥലത്ത് സ്ഥാപിക്കപ്പെടുന്ന മതചിഹ്നങ്ങൾ അടിയന്തരമായി നീക്കണമെന്ന് സുപ്രീം കോടതി 2016 ഏപ്രിൽ 20 നും ആവശ്യപ്പെട്ടിരുന്നു. ഇത് സംബന്ധിച്ച് സംസ്ഥാന ചീഫ് സെക്രട്ടറിമാർക്ക് സുപ്രീം കോടതി സമൻസ് അയക്കാനിരുന്നുവെങ്കിലും ഉത്തരവ് അടിയന്തരമായി നടപ്പിലാക്കാമെന്ന അഭിഭാഷകരുടെ ഉറപ്പിൻമേലാണ് നടപടി ജസ്റ്റിസ് വി ഗോപാല ഗൗഡ, ജസ്റ്റിസ് അരുൺ മിശ്ര എന്നിവർ അധ്യക്ഷനായിരുന്ന ബെഞ്ച് വേണ്ടെന്ന് വെച്ചത്.
അന്ന് സുപ്രീം കോടതി പറഞ്ഞതിങ്ങനെ :
‘ പൊതുനിരത്ത് കയ്യേറാൻ ദൈവം ഒരിക്കലും ഇഷ്ടപ്പെടില്ല, അങ്ങനെ ചെയ്യുന്നത് ദൈവത്തിന് അപമാനമാണ്. കോടതി ഉത്തരവുകൾ ഫ്രീസറിൽ വെക്കുവാനുള്ളതല്ല.’
കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിൽ അതുവരെ എടുത്ത നടപടികൾ കാണിച്ചുകൊണ്ടുള്ള സത്യവാങ്ങ്മൂലം രണ്ടാഴ്ച്ചയ്ക്കകം സമർപ്പിക്കാൻ സുപ്രീംകോടതി സംസ്ഥാന ചീഫ് സെക്രട്ടറിമാരോട് അന്ന് ആവശ്യപ്പെട്ടിരുന്നു.
എന്നാൽ സുപ്രീംകോടതി വിധി ഇന്നും ഫ്രീസറിൽ തന്നെ. ഈ സുപ്രീംകോടതി ഉത്തരവുകൾ കാറ്റിൽ പറത്തിയാണ് ഇപ്പോൾ രാജ്യത്തുടനീളം മതചിഹ്നങ്ങൾ സ്ഥാപിച്ച് ഭൂമി സ്വന്തമാക്കുന്നതും, വിവിധ നേതാക്കളുടെ പ്രതിമകൾ സ്ഥാപിച്ച് പൊതുനിരത്തുകൾ കയ്യേറുന്നതും.
supreme court verdict on shrines statues on public road
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here