പാസ്‌പോർട്ടിന്റെ അവസാന പേജിൽ നിന്ന് വിലാസം ഒഴിവാക്കുന്നു

പാസ്‌പോർട്ടിന്റെ അവസാന പേജിൽ നിന്ന് മേൽവിലാസം ഒഴിവാക്കുന്നു. ഇതോടെ പൗരന്മാരുടെ വിലാസം തെളിയിക്കുന്നതിനു വേണ്ടി ആധികാരിക രേഖയായി ഇനി പാസ്‌പോർട്ട് ഉപയോഗിക്കാനാവില്ല.
സർക്കാർ നിയോഗിച്ച മൂന്നംഗ വിദഗ്ധസമിതിയുടെ നിർദേശപ്രകാരമാണ് തീരുമാനമെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു.
പുതുതായി തയ്യാറാക്കുന്ന പാസ്‌പോർട്ടുകളിലാണ് പരിഷ്‌കാരം. നിലവിലുള്ളവയുടെ ആദ്യപേജിൽ ഉടമയുടെ പേര്, ഫോട്ടോ എന്നിവയും അവസാനപേജിൽ വിലാസം, പിതാവ്, മാതാവ്, ഭാര്യ എന്നിവരുടെ പേരുകൾ, പാസ്‌പോർട്ട് നമ്പർ, അനുവദിച്ച സ്ഥലം, തീയതി എന്നീ വിവരങ്ങളാണ് ചേർക്കുന്നത്. എന്നാൽ പുതുതായി തയ്യാറാക്കുന്നവയിൽ അവസാനപേജ് അച്ചടിക്കേണ്ടതില്ലെന്നാണ് തീരുമാനം. പുതിയ പാസ്‌പോർട്ട് പുറത്തിറങ്ങുന്നതുവരെ നിലവിലുള്ളവ തുടരുമെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു.
നാസിക്കിലെ ഇന്ത്യൻ സെക്യൂരിറ്റി പ്രസ് പുതിയ പാസ്‌പോർട്ട് തയ്യാറാക്കിവരികയാണ്. അതുവരെ നിലവിലുള്ള തരത്തിൽ അച്ചടിക്കും. അവയ്ക്ക് അതിൽ രേഖപ്പെടുത്തിയ അവസാന തീയതി വരെ കാലാവധി യുണ്ടാകും.
പുതിയ സാഹചര്യത്തിൽ എമിഗ്രേഷൻ പരിശോധന ആവശ്യമുള്ള (ഇ.സി.ആർ)പാസ്‌പോർട്ടുകൾക്ക് ഓറഞ്ച് നിറത്തിലുള്ള പുറം ചട്ടകളായിരിക്കും. അല്ലാത്തവയ്ക്ക് (നോൺഇ.സി.ആർ )പതിവുപോലെ നീലനിറത്തിലുള്ള പുറംചട്ടകളായിരിക്കുമെന്നും വാർത്താക്കുറിപ്പിൽ അറിയിച്ചു.
address to be removed from passport last page
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here