ജഡ്ജിമാരുടെ പ്രതിഷേധം; പരിഹാരം ഇന്നുണ്ടാകുമെന്ന് അറ്റോർണി ജനറൽ

സുപ്രീംകോടതി ഭരണം കുത്തഴിഞ്ഞുവെന്നാരോപിച്ച് ജസ്റ്റിസ് ചെലാമേശ്വർ, ജസ്റ്റിസ് രഞ്ചൻ ഗോഗോയ്, ജസ്റ്റിസ് കുര്യൻ ജോസഫ്, ജസ്റ്റിസ് മദൻ ബി ലോക്കൂർ, എന്നിവർ പ്രതിഷേധിച്ച സംഭവത്തിൽ ഇന്ന് പരിഹാരം കാണുമെന്ന് അറ്റോർണി ജനറൽ. ആരോപണങ്ങൾ പരിശോധിച്ച് വേണ്ടവിധത്തിലുള്ള പരിഹാരമുണ്ടാക്കുമെന്ന് അറ്റോർണി ജനറൽ കെ.കെ.വേണുഗോപാൽ വ്യക്തമാക്കി. അതേസമയം വാർത്താസമ്മേളനം ഒഴിവാക്കേണ്ടിയിരുന്നെന്നും എജി അഭിപ്രായപ്പെട്ടു. ചീഫ് ജസ്റ്റിസുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി.
അതേസമയം, ജനങ്ങൾക്ക് ജുഡീഷ്യറിയിലുള്ള വിശ്വാസം കൂട്ടാനാണ് കാര്യങ്ങൾ തുറന്നുപറഞ്ഞതെന്നും, നീതിക്കും നീതിപീഠത്തിന് വേണ്ടിയാണ് തങ്ങൾ നിലകൊണ്ടതെന്നും ജസ്റ്റിസ് കുര്യൻ ജോസഫ് പറഞ്ഞു.
അസ്വാഭാവിക സംഭവങ്ങളാണ് ഇന്നലെ സുപ്രീംകോടതിയിൽ അരങ്ങേറിയത്. ജസ്റ്റിസ് ചെലാമേശ്വർ, കുരിയൻ ജോസഫ് എന്നിവരടക്കമുള്ള നാല് മുതിർന്ന ജസ്റ്റിസുമാർ കോടതിയിൽ നിന്ന് ഇറങ്ങിപ്പോയതോടെയാണ് സംഭവങ്ങൾക്ക് തുടക്കം കുറിക്കുന്നത്. ഇതിന് ശേഷം വാർത്താസമ്മേളനം വിളിച്ച ഇവർ സുപ്രീംകോടതിയിൽ ഭരണംസംബന്ധിച്ച് നടക്കുന്ന ചില കാര്യങ്ങൾ ശരിയല്ലെന്നും, ഇത് തങ്ങൾ ചീഫ് ജസ്റ്റിസിനെ ധരിപ്പിക്കുവാൻ ശ്രമിച്ചുവെന്നും പറഞ്ഞു. എന്നാൽ അത് പരാജയപ്പെട്ടു. തങ്ങൾ ഒപ്പിട്ട നിർദ്ദേശങ്ങൾ ചീഫ് ജസ്റ്റിസിന് കൈമാറിയിരുന്നു. ഇതിലും നടപടിയൊന്നുമുണ്ടാകാത്ത സാഹചര്യത്തിലാണ് തങ്ങൾ പ്രതിഷേധവുമായി രംഗത്തെത്തിയതെന്നും ചെലമേശ്വർ കൂട്ടിച്ചേർത്തു. തങ്ങൾ നിശബ്ദരായിരുന്നിവെന്ന് നാളെ ആരും കുറ്റപ്പെടുത്തരുതെന്നും ജഡ്ജിമാർ പറഞ്ഞു. വാർത്താസമ്മേളനം വിളിച്ചുകൂട്ടിയ ജസ്റ്റിസുമാർ ആദ്യം പ്രതിഷേധത്തിന് പിന്നിലുള്ള കാരണം തുറന്നുപറഞ്ഞില്ലെങ്കിലും മാധ്യമങ്ങളുടെ തുടരെയുള്ള ചോദ്യത്തിൽ ജസ്റ്റിസ് ലോയയുടെ മരണമാണ് പ്രതിഷേധത്തിന് കാരണമെന്ന് വെളിപ്പെടുത്തുകയായിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here