റാണി , ക്രൂരതയുടെ ദുര്‍മുഖം

തന്റെ അവിഹിത ബന്ധത്തിന് തടസ്സമാകുമെന്ന് കരുതി സ്വന്തം കുഞ്ഞിനെ കൊല്ലാന്‍ കൂട്ടുനിന്ന അമ്മ, കാമുകന്‍ എറിഞ്ഞ് വാരിയെല്ലൊടിച്ച ജീവന്‍ നിലച്ച ആ കുഞ്ഞ് ശരീരം മറവുചെയ്യാന്‍ മുന്നിട്ടിറങ്ങുന്ന അമ്മ, ചാക്കില്‍ക്കെട്ടിയ മൃതദേഹം കൊണ്ട് രാത്രി അത് മറവുചെയ്യാനായി സഞ്ചരിക്കുന്ന അമ്മ. ചോറ്റാനിക്കരയില്‍ സ്വന്തം മകളെ കൊല്ലാന്‍ കൂട്ടുനിന്ന റാണിയെ എങ്ങനെയെല്ലാം വിശേഷിപ്പിച്ചാലും മുകളിലെ ഓരോ വരികളിലും അവസാനിക്കുന്ന അമ്മയെന്ന ആ വാക്ക് അവിടെ ഒട്ടും യോജിക്കാത്ത് പോലെ.. അല്ലേ? അതുകൊണ്ടാവും കേസ് പരിഗണിച്ച കോടതിയും റാണിയെ ബയോളജിക്കല്‍ മദര്‍ എന്ന് മാത്രം വിശേഷിപ്പിച്ചത്.
ഒരമ്മയ്ക്ക് എന്നല്ല മനുഷ്യനായി പിറന്ന ഒരാള്‍ക്കും കഴിയില്ല തലയോടും വാരിയെല്ലും പൊട്ടി നീലിച്ച ഒരു നാല് വയസ്സുകാരിയുടെ മൃതദേഹത്തെ ഒരു വികാരവുമില്ലാതെ സമീപിക്കാനും, അത് മറ്റാരും അറിയാതെ മറവുചെയ്യാനും. മറ്റാര്‍ക്ക് പറ്റിയില്ലെങ്കിലും ആ കുഞ്ഞിനെ നൊന്ത് പ്രസവിച്ച അതിന്റെ അമ്മ റാണിയ്ക്കതായി. കാരണം ആ പിഞ്ച് ജീവനേക്കാള്‍ റാണിയ്ക്ക് വലുത് കാമുകനും, തന്റെ രഹസ്യ ബന്ധവും മാത്രമായിരുന്നു. കേരളം ഞെട്ടിയ കൊലപാതകേസിലെ ക്രൂരനായികയായി റാണി മാറിയതും ഇക്കാരണം കൊണ്ട് തന്നെ!!
ആറ്റിങ്ങലില്‍ പണ്ട് നടന്ന സമാനമായ സംഭവവും കേരളം മറന്നിട്ടില്ല. ഐടി ജീവനക്കാരിയായ അനുശാന്തിയും കാമുകന്‍ നിനോയും അന്ന് കൊന്ന് തള്ളിയത് അനുശാന്തിയുടെ മൂന്ന് വയസ്സുകാരിയേയും ഭര്‍ത്താവിന്റെ അമ്മയേയുമാണ്. എന്നാല്‍ നിനോ മാത്യുവിന് കൊല ചെയ്യാന്‍ സഹായം ചെയ്ത് കൊടുത്ത അനുശാന്തി കൊല നടക്കുമ്പോള്‍ ആ വീട്ടില്‍ ഉണ്ടായിരുന്നില്ല. ഇവിടെ റാണിയുടെ കേസില്‍ അതല്ല മരണം നടക്കുമ്പോള്‍ റാണി അവിടെയില്ലായിരുന്നെങ്കിലും, കൊല കഴിഞ്ഞ് അവിടേക്ക് എത്തിയ റാണിയ്ക്ക് സ്വന്തം മകളുടെ മൃതശരീരം കണ്ടിട്ടും യാതൊരു കുലുക്കവും ഉണ്ടായില്ലെന്ന് മാത്രമല്ല മൃതദേഹം മറവ് ചെയ്യുക എന്ന ലക്ഷ്യത്തോടെ സ്വന്തം മകളുടെ മൃതദേഹം ചാക്കില്‍ക്കെട്ടി കാമുകനും സുഹൃത്തിനുമൊപ്പം ഇറങ്ങിത്തിരിക്കുകയും ചെയ്തു. കാമുകന്‍ രഞ്ജിത്തിനും സുഹൃത്ത് ബേസിലിനും നിരവധി തവണ കുഞ്ഞിനെ പീഡിപ്പിക്കാനായി വിട്ടു നല്‍കിയ റാണിയ്ക്ക് ആ കുഞ്ഞിനോട് എന്ത് വൈകാരിക ബന്ധം ഉണ്ടാകും എന്നാണ് നമ്മള്‍ പ്രതീക്ഷിക്കേണ്ടത് അല്ലേ?
സിനിമയിലോ കഥയിലോ പോലും വായിക്കാനോ കാണാനോ ആഗ്രഹിക്കാത്ത ഈ സംഭവം നടന്നത് ചോറ്റാനിക്കരയിലാണ്. ആ അറുംകൊലയ്ക്ക് പിന്നിലെ ആ അമ്മയുടെ പങ്ക് കേരളം നടുക്കത്തോടെയാണ് അറിഞ്ഞത്. 2013 ഒക്ടോബര്‍ 29നായിരുന്നു ആ കുഞ്ഞ് ക്രൂരമായി കൊല്ലപ്പെടുന്നത്. റാണി ഭര്‍ത്താവ് വിനോദുമായി അകന്ന് കഴിയുന്ന കാലമായിരുന്നു അത്. രഞ്ജിത്തുമായി നിരവധി വര്‍ഷങ്ങളുമായി രഹസ്യ ബന്ധം പുലര്‍ത്തിയിരുന്ന റാണി ഭര്‍ത്താവുമായി അകന്നതോടെ ബന്ധവും പരസ്യമായി. ഇതിനിടെ ഭര്‍ത്താവ് വിനോദ് കഞ്ചാവ് കേസില്‍ അറസ്റ്റിലായി. അവിഹിതം പരസ്യമായതോടെ റാണിയുടെ ആദ്യ കുഞ്ഞ് റാണിയുടെ അച്ഛനോടൊപ്പമായി. റാണിയെ ഇയാള്‍ സ്വന്തം വീട്ടിലേക്ക് അടുപ്പിച്ചതുമില്ല. തുടര്‍ന്ന് റാണിയും രഞ്ജിത്തും ഒരു വീടെടുത്ത് താമസമായി. റാണിയുടെ സഹോദരനാണെന്ന് കാണിച്ച് രഞ്ജിത്തിന്റെ സുഹൃത്ത് ബേസിലും ഇവരോടൊപ്പം താമസം തുടങ്ങി. അമ്പാടിമലയിലെ വാടകവീട്ടിലായിരുന്നു താമസം. ഈ കാലയളവിലെല്ലാം ഈ കുഞ്ഞ് ഇവരുടെ ഇടയില്‍ കിടന്ന് നരകയാതന അനുഭവിക്കുകയായിരുന്നു.
കൊലപാതകം നടക്കുന്ന ദിവസം സ്ക്കൂള്‍ വിട്ട് കുട്ടി വരുമ്പോള്‍ രഞ്ജിത്ത് മാത്രമാണ് അവിടെ ഉണ്ടായിരുന്നത്. ഇതിനിടെ കുട്ടിയെ പീഡിപ്പിക്കാന്‍ രഞ്ജിത്ത് ശ്രമിച്ചു. കുട്ടി ഉറക്കെ കരഞ്ഞപ്പോള്‍ അരിശം പൂണ്ട രഞ്ജിത്തി കുട്ടിയുടെ വാ പൊത്തിപ്പിടിച്ചു. ഇത് തടഞ്ഞ കുട്ടിയെ ഇയാള്‍ ചുവരിലേക്ക് എടുത്ത് എറിയുകയായിരുന്നു. തലയുടെ പിന്‍വശം ഇടിച്ച് വീണ കുട്ടി അപ്പോള്‍ തന്നെ മരിച്ച് വീണു. രഞ്ജിത്ത് ശരീരം ടെറസില്‍ ഒളിപ്പിച്ചു. റാണിയും ബേസിലും തിരിച്ച് വന്നപ്പോള്‍ രഞ്ജിത്ത് തന്നെയാണ് കൊലയുടെ വിവരം ധരിപ്പിച്ചത്.ഒരു ഭാവഭേദയും പ്രകടിപ്പിക്കാതെ റാണി മൃതദേഹം മറവ് ചെയ്യാന്‍ സ്ഥലം കണ്ടെത്തുകയും അതിനായി മുന്നിട്ട് ഇറങ്ങുകയും ചെയ്തു. ആരക്കുന്നം കടയ്ക്കാവളവില്‍ മണ്ണെടുക്കുന്ന സ്ഥലത്താണ് മൃതദേഹം കുഴിച്ചിട്ടത്. ജെസിബി ഡ്രൈവറായ രഞ്ജിത്താണ് ഇതിനായി ആഴത്തില്‍ കുഴിയെടുത്തത്. എന്നാല്‍ പിറ്റേദിവസം മകളെ കാണുന്നില്ലെന്ന് കാണിച്ച് റാണി ചോറ്റാനിക്കര പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. എന്നാല്‍ പരാതിയില്‍ സംശയം തോന്നിയ പോലീസ് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. പോസ്റ്റ്മോര്‍ട്ടത്തില്‍ പെണ്‍കുട്ടിയുടെ ജനനേന്ദ്രിയത്തില്‍ ആറ് സെമി നീളമുള്ള മുറിവും,ശരീരത്തില്‍ ഇരുപത്തിയഞ്ചോളം ക്ഷതങ്ങളും കണ്ടെത്തി. ആന്തരാവയവങ്ങള്‍ക്കും ക്ഷതം സംഭവിച്ചിരുന്നു.
പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം പഞ്ചായത്താണ് കുഞ്ഞിന്റെ മൃതദേഹം ഏറ്റ് വാങ്ങി സംസ്കരിച്ചത്. ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായ മൃതദേഹം ഏറ്റെടുക്കാന്‍ കുട്ടിയുടെ ബന്ധുക്കള്‍ തയ്യാറാകാതിരിക്കുകയായിരുന്നു. മൃതദേഹം ഏറ്റെടുത്ത് സംസ്‌കരിക്കുന്നതിനുള്ള സാമ്പത്തിക സ്ഥിതിയില്ലെന്ന് ബന്ധുക്കള്‍ അറിയിച്ചതിനെ തുടര്‍ന്ന് ചോറ്റാനിക്കര പഞ്ചായത്ത് അധികൃതര്‍ മൃതദേഹം ഏറ്റെടുക്കുകയായിരുന്നു. കേസില്‍ രഞ്ജിത്തിനെ ഒന്നാം പ്രതിയാക്കിയാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. കേസ് പുരോഗമിക്കെവെയാണ് റാണിയുടെ ക്രൂരമുഖം മാധ്യമങ്ങളിലൂടെ കേരളം നടുക്കത്തോടെ കേട്ടത്. പിന്നീട് ശിക്ഷാ വിധിയ്ക്കായുള്ള കാത്തിരിപ്പായിരുന്നു.
കേസില്‍ കഴിഞ്ഞ ദിവസമാണ് പ്രതി കുറ്റക്കാരാണെന്ന് കോടതി വിധിച്ചത്. വിധി വരുന്നതിന് തൊട്ടുമുമ്പ് രഞ്ജിത്ത് ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. ഇതേതുടര്‍ന്ന് നീട്ടിവെച്ച വിധിയാണ് ഇന്ന് പുറപ്പെുടുവിച്ചത്. രഞ്ജിത്തിന് വധ ശിക്ഷയും റാണിയ്ക്കും, ബേസിലിനും ഇരട്ട ജീവപര്യന്തവുമാണ് കോടതി വിധിച്ചത്. എന്നാല്‍ കേട്ടും കണ്ടും അറിഞ്ഞ റാണിയുടെ ക്രൂരതയ്ക്ക് മലയാളികള്‍ ഒരു നൂറുവട്ടം ഇവരെ മനസില്‍ തൂക്കിലേറ്റി കഴിഞ്ഞിരിക്കുന്നു. ജയിലിലായാലും പുറത്തായാലും എവിടെയായാലും സമൂഹം കല്‍പ്പിച്ച ഭ്രഷ്ടിന്റെ കറുത്ത നിഴല്‍ മരണം വരെ റാണിയ്ക്ക് മുകളില്‍ പതിച്ചുകൊണ്ടേയിരിക്കും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here