Advertisement

ജീവിതത്തിലുടനീളം നേരിടേണ്ടിവന്നത് കടുത്ത വിവേചനം; ഒടുവിൽ ദയാവധത്തിനായി യാചിച്ച് ഷാനവി

February 15, 2018
1 minute Read
shanavi ponnusamy pleads for mercy kiling

ട്രാൻസ്ജൻഡറായി എന്ന ഒറ്റക്കാരണം കൊണ്ടു ജീവിക്കാനുള്ള അവകാശത്തെ തന്നെ തങ്ങളിൽ നിന്ന് പിടിച്ചെടുക്കുന്ന കാഴ്ച്ചയാണ് അവർ ഓരോരുത്തരുടേയും കൺമുന്നിൽ. മനുഷ്യരുടെ അടിസ്ഥാന ആവശ്യങ്ങളായ താമസം, ജോലി എന്നിവ അവർക്ക് നിഷേധിക്കപ്പെടുമ്പോൾ ഒരു നേരത്തെ വിശപ്പടക്കാൻ പലരും യാചകരായി മാറുകയാണ്. ഈ നീതി നിഷേധത്തിന്റെ ഒടുവിലത്തെ ഇരയാണ് തമിഴ്നാട് സ്വദേശിനി ഷാനവി പൊന്നുസ്വാമി. ഇന്ന് തനിക്ക് ദയാവധം അനുവദിക്കണമെന്നാവശ്യപ്പെട്ട് രാഷ്ട്രപതി രാംനാഥ് കോവിന്ദിന് കത്തയച്ചിരിക്കുകയാണ് ഷാനവി…ജീവിക്കാൻ ആഗ്രഹമില്ലാത്തതുകൊണ്ടല്ല, ജീവിക്കാൻ സമൂഹം സമ്മതിക്കാത്തതുകൊണ്ട് !

തമിഴ്‌നാട് തൂത്തുക്കുടിയിലെ തിരചെന്ദൂർ എന്ന ഗ്രാമത്തിലെ ദരിദ്ര കുടുംബത്തിലാണ് ഷാനവി ജനിച്ചത്. ശരീരം കൊണ്ട് ആണായാണ് പിറന്നതെങ്കിലും താനൊരു സ്ത്രീയാണെന്ന സത്യത്തെ കുറിച്ച് ഷാനവിക്ക് സ്‌കൂൾ കാലം മുതലേ തിരിച്ചറിവുണ്ടായിരുന്നു. 2010 ൽ ഇലക്ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷൻസ് എഞ്ചിനിയറായി ബിരുദമെടുത്ത ഷാനവി 3 വർഷത്തോളം ജോലിക്കായി അലഞ്ഞു.

2013 ൽ സതർലാൻഡ് കമ്പനിയിൽ ജോലിക്ക് കയറി ഷാനവി. എയർ ഇന്ത്യയുടെ കസ്റ്റമർ സപ്പോർട്ടാണ് ഷാനവി അവിടെ കൈകാര്യം ചെയ്തിരുന്നത്. 2014 ലാണ് ഷാനവി ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ സ്ത്രീയായി മാറുന്നത്. തമിഴ്‌നാട് ഗെസറ്റിലും ഷാനവി തന്റെ ലിംഗമാറ്റം രജിസ്റ്റർ ചെയ്തിരുന്നു.

എയർ ഇന്ത്യയുടെ കാബിൻ ക്രൂ പോസ്റ്റിലേക്ക് ഷാനവി അപേക്ഷിക്കുന്നത് 2016 ൽ ആണ്. അപേക്ഷയിൽ പുരുഷൻ, സ്ത്രീ എന്ന രണ്ട് കോളം മാത്രമാണ് ഉള്ളത്. ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ സ്ത്രീയായ ഷാനവി ‘സ്ത്രീ’ എന്ന കോളത്തിലാണ് അപേക്ഷ സമർപ്പിച്ചത്.

ആദ്യത്തെ തവണ എയർ ഇന്ത്യ അധികൃതർ ഷാനവിയെ ഇന്റർവ്യൂവിനായി ക്ഷണിച്ചു. എന്നാൽ ഇന്റർവ്യൂവിന് ക്ഷണിച്ചതിലൂടെ തന്നോടെന്തോ ഔദാര്യം ചെയ്തതുപോലെയായിരുന്നു അധികൃതരുടെ സമീപനമെന്ന് ഷാനവി പറയുന്നു.

കാബിൻ ക്രൂ ആകാനുള്ള ബോഡി മെഷർമെന്റ്, ബിഎംഐ, ഉയരം എന്നിങ്ങനെ എല്ലാ യോഗ്യതകളും ഷാനവിക്കുണ്ട്. പക്ഷേ നാല് തവണയാണ് മതിയായ കാരണങ്ങൾ കാണിക്കാതെ എയർ ഇന്ത്യ ഷാനവിയുടെ അപേക്ഷ തള്ളി കളഞ്ഞത്.

ഈ നീതിനിഷേധത്തെ കുറിച്ച് ഷാനവി വ്യോമയാന മന്ത്രാലയത്തിൽ പരാതി നൽകിയെങ്കിലും നടപടിയൊന്നും ഉണ്ടായില്ല. എയർ ഇന്ത്യയുടെ ചെയർമാനെ നേരിട്ട് കാണാൻ ശ്രമിച്ചുവെങ്കിലും ആറ് മണിക്കൂറോളം നോക്കുകുത്തിയായി ഷാനവിയെ ഓഫീസിന് മുന്നിലിരുത്തിച്ച് ഒടുവിൽ നിരശയാക്കി മടക്കി.

പിന്നീട് നിരവധി ഇമെയിലുകൾ ഷാനവി അയച്ചുവെങ്കിലും ഒന്നിനും മറുപടി ലഭിച്ചില്ല. ഒടുവിൽ 2017 ലാണ് ട്രാൻസ്ജൻഡറെ ജോലിക്കെടുക്കാൻ എയർ ഇന്ത്യയിൽ സാധിക്കിലെന്ന് ഷാനവിയെ അറിയിക്കുന്നത്.

ഇതോടെ സംഭവത്തെ നിയമപരമായി നേരിടാൻ ഷാനവി തീരുമാനിച്ചു. ആർട്ടിക്കിൾ 32 (ലിംഗവിവേചനം) പ്രകാരം ഷാനവി സുപ്രീംകോടതിയിൽ കേസ് ഫയൽ ചെയ്തു. കേസ് ഫയലിൽ സ്വീകരിച്ച സുപ്രീംകോടതി സംഭവത്തിൽ നിലപാടറിയിക്കാൻ വ്യോമയാന മന്ത്രാലയത്തിന് നാലാഴ്ച്ചത്തെ സമയം കൊടുത്തു. എന്നാൽ പിന്നീട് യാതൊരുവിധ നടപടിയും ഉണ്ടായില്ല. കേസ് പരിഗണിക്കുന്ന മാറ്റിവെച്ചുകൊണ്ടേയിരുന്നു.

സംഭവം വാർത്തയായതോടെ മറ്റുള്ളവരും ഷാനവിക്ക് ജോലി നൽകാൻ മടിച്ചു. മുമ്പ് മോഡലിങ്ങിലൂടെ പണം സമ്പാദിച്ചിരുന്ന ഷാനവിയുടെ മുമ്പിൽ ആ അവസരവും കൊട്ടിയടക്കപ്പെട്ടു.

ഇന്ന് ജീവിക്കാൻ വകയില്ലാതെ പകച്ചുനിൽക്കുകയാണ് ഷാനവി. അതുകൊണ്ടാണ് രാഷ്ട്രപതിക്ക് ദയാവധം അനുവദിക്കണമെന്നാവശ്യപ്പെട്ട് ഷാനവി കത്തെഴുതിയത്.

രാജ്യത്തെ ജനങ്ങൾക്ക് നീതി ഉറപ്പാക്കേണ്ട നീതിപീഠം തന്നെ കണ്ണുകളടച്ചാൽ എവിടേക്കാണ് ഷാനവി പോകേണ്ടത്….? ആരുടെ അടിത്താണ് സഹായം ചോദിക്കേണ്ടത്…? ജസ്റ്റിസ് ഡിലെയ്ഡ് ഇസ് ജസ്റ്റിസ് ഡിനൈഡ് എന്ന് പലപ്പോഴും നമ്മുടെ നീതി പീഠം മറക്കുന്നു….

shanavi ponnusamy pleads for mercy kiling

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top