Advertisement

ന്യൂസിലാന്‍ഡിനെതിരായ ട്വന്റി-20 മത്സരത്തില്‍ റെക്കോര്‍ഡ് വിജയം നേടി ഓസ്‌ട്രേലിയ

February 16, 2018
1 minute Read
Australia cricket team

ഓസ്‌ട്രേലിയ-ന്യൂസിലാന്‍ഡ് ട്വന്റി 20 ക്രിക്കറ്റ് പരമ്പരയില്‍ റെക്കോര്‍ഡ് വിജയം സ്വന്തമാക്കി ഓസീസ്. ആറ് മത്സരങ്ങളുള്ള പരമ്പരയിലെ അഞ്ചാം മത്സരത്തിലായിരുന്നു ഓസ്‌ട്രേലിയയുടെ മികച്ച പ്രകടനം. ഇതോടെ പരമ്പര 4-1 എന്ന വിജയമാര്‍ജിനില്‍ കങ്കാരുപട സ്വന്തമാക്കി. ട്വന്റി-20 ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന റണ്‍ പിന്തുടര്‍ന്ന് വിജയിച്ച ടീമെന്ന റെക്കോര്‍ഡ് ഇനി ഓസീസിന് സ്വന്തം.

ഓക്ക്‌ലാന്‍ഡില്‍ നടന്ന അഞ്ചാം ട്വന്റി-20 മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാന്‍ഡ് നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 243 എന്ന കൂറ്റന്‍ സ്‌കോര്‍ സ്വന്തമാക്കി. മാര്‍ട്ടിന്‍ ഗുപ്റ്റില്‍ 54 പന്തുകള്‍ നേരിട്ട് 105 റണ്‍സ് നേടി. ഗുപ്റ്റിലിന്റെ പ്രകടനമാണ് ന്യൂസിലാന്‍ഡിന് മികച്ച ടീം ടോട്ടല്‍ സമ്മാനിച്ചത്. ആറ് ഫോറുകളും ഒന്‍പത് സിക്‌സറുകളും അടങ്ങിയ മാസ്മരികമായ ഇന്നിംഗ്‌സായിരുന്നു ഗുപ്റ്റിലിന്റേത്. കോളിന്‍ മണ്‍റോ 33 പന്തുകളില്‍ നിന്ന് 76 റണ്‍സ് നേടി ഗുപ്റ്റിലിന് മികച്ച പിന്തുണ നല്‍കി. കിവീസിന്റെ സ്‌കോര്‍ ബോര്‍ഡില്‍ 132 റണ്‍സ് കൂട്ടിച്ചേര്‍ത്താണ് ഇരുവരുടെയും കൂട്ടുക്കെട്ട് പിരിഞ്ഞത്.

എന്നാല്‍, പിന്തുടര്‍ന്ന് വിജയിക്കാന്‍ ഏറെ ബുദ്ധിമുട്ടെന്ന് തോന്നിയ കിവീസിന്റെ കൂറ്റന്‍ സ്‌കോര്‍ വെറും അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ഓസീസ് മറികടന്നു അതും ഏഴ് പന്തുകള്‍ ശേഷിക്കവേ. 44 പന്തുകളില്‍ നിന്ന് 76 റണ്‍സ് നേടിയ ആര്‍സി ഷോര്‍ട്ടാണ് ഓസീസിന്റെ ടോപ് സ്‌കോറര്‍. മൂന്ന് സിക്‌സറുകളും എട്ട് ഫോറുകളും അടങ്ങിയ ഇന്നിംഗ്‌സായിരുന്നു ആര്‍സി ഷോര്‍ട്ടിന്റേത്. ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ 24 പന്തുകളില്‍ നിന്ന് 59 റണ്‍സ് നേടി. ഗ്ലെന്‍ മാക്‌സ്വെല്‍ (31), ആരോണ്‍ ഫിന്‍ഞ്ച് (36) എന്നിവരുടെ വേഗതയേറിയ ഇന്നിംഗ്‌സുകള്‍ കൂടിചേര്‍ന്നപ്പോള്‍ ഓസ്‌ട്രേലിയയുടെ വിജയം അനായാസമായി. ട്വന്റി-20 ചരിത്രത്തില്‍ പിന്തുടര്‍ന്ന് വിജയിക്കുന്ന ഏറ്റവും ഉയര്‍ന്ന സ്‌കോറാണിത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top