‘കളിക്കളത്തിന് പുറത്തുള്ള ജീവിതം കാണികള്‍ക്ക് കാണിച്ചുകൊടുത്തതിന് നന്ദി’; ജയസൂര്യയ്ക്ക് നന്ദി പറഞ്ഞ് സി.കെ. വിനീത്

ജയസൂര്യ വി.പി. സത്യനായി സ്‌ക്രീനില്‍ നിറഞ്ഞാടിയപ്പോള്‍ പ്രേക്ഷകരുടെ മിഴികള്‍ നിറഞ്ഞു. കളിക്കളത്തിലെ താരമായിരുന്ന വി.പി. സത്യന്‍ ജീവിതത്തില്‍ ആരോടും പറയാതെ യാത്രയായതും കാല്‍പ്പന്തുകളിയെ പ്രണയിച്ച അയാളുടെ കളിക്കളത്തിലെ തീക്ഷണതയും സ്‌ക്രീനില്‍ പകര്‍ത്തിയ സിനിമയാണ് ക്യാപ്റ്റന്‍. ഇന്ത്യന്‍ ഫുട്‌ബോള്‍ ലോകം സത്യനോട് ഒരുപാട് കടപ്പെട്ടിരിക്കുന്നു. അതിനാലാണ് ക്യാപ്റ്റന്‍ എന്ന പ്രജേഷ് സെന്‍ ചിത്രം ഇത്രയേറെ ശ്രദ്ധിക്കപ്പെടാനുള്ള കാരണവും.
ക്യാപ്റ്റന്‍ തിയ്യേറ്ററുകളില്‍ നിറഞ്ഞാടുമ്പോള്‍ വി.പി. സത്യന്റെ ജീവിതകഥ പറയുന്ന സിനിമ കാണാന്‍ കേരള ബ്ലാസ്റ്റേഴ്‌സ് താരമായ സി.കെ. വിനീതും എത്തി. സിനിമ കണ്ടിറങ്ങിയ സി.കെ. വിനീത് ചിത്രത്തിലെ നായകനായ ജയസൂര്യയോട് സിനിമയെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് നടന്‍ ജയസൂര്യ ഇന്ന് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പങ്കുവെച്ചത്.
കളിക്കളത്തിലെ 90 മിനിറ്റ് മാത്രം പരിചയമുള്ള ഒരു ഫുട്‌ബോള്‍ താരത്തിന്റെ ഇന്നലെകള്‍ ആര്‍ക്കും അറിയില്ല. കാല്‍പന്തുകളിയോടുള്ള അടങ്ങാത്ത അഭിനിവേശം പ്രതിഭയുള്ള താരങ്ങളെ കളിക്കളത്തിലെത്തിക്കുമ്പോള്‍ അതിന് പിന്നില്‍ ഒരുപാട് വേദനകളുടെ തിരുശേഷിപ്പുകളും ഉണ്ട്. അത്തരത്തിലുള്ള വേദനകളും മാനസിക സംഘര്‍ഷങ്ങളും ഇതിന് മുന്‍പൊന്നും ഒരു ക്യാമറയിലും വന്നിട്ടില്ല. അത്തരം കാഴ്ചകളാണ് വി.പി. സത്യനിലൂടെ ക്യാപ്റ്റന്‍ എന്ന സിനിമ പ്രേക്ഷകര്‍ക്ക് കാണിച്ചുകൊടുത്തത്. കാല്‍പ്പന്തുകളിക്കാരുടെ ജീവിതം സ്‌ക്രീനില്‍ കാണിച്ചതിനുള്ള നന്ദി സി.കെ. വിനീത് ജയസൂര്യയെ അറിയച്ചപ്പോള്‍ സി.കെ. വിനീതിന്റെ വാക്കുകള്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ നടന്‍ ജയസൂര്യ പങ്കുവെച്ചു.
കഴിഞ്ഞ വെള്ളിയാഴ്ച തിയ്യേറ്ററുകളിലെത്തിയ ക്യാപ്റ്റന്‍ ഇപ്പോള്‍ നിറഞ്ഞ സദസ്സില്‍ പ്രദര്‍ശിപ്പിച്ചുകൊണ്ടാണ് മുന്നേറുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here