കണ്ണു തള്ളിക്കുന്ന കള്ളക്കണക്കുകള്‍; കോടി തള്ളില്‍ മോടി കുറയുന്ന മലയാള സിനിമ

-സലീം മാലിക്ക്
പുലിമുരുകന് 150 കോടി……! ഗ്രേറ്റ് ഫാദര്‍ 60 കോടി…..! ഒപ്പം 60 കോടി….! രാമലീല 80 കോടി….! മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോൾ 50 കോടി…! മാസ്റ്റര്‍ പീസ് 20 ദിവസം 40 കോടി, ആദ്യ ദിവസം അഞ്ച് കോടി ഇരുപത്തിയഞ്ച് ലക്ഷം …! വില്ലന്‍ ആദ്യ ദിവസം 4 കോടി…..!
കണക്കുകള്‍ പ്രേക്ഷകർക്ക് മുന്നിലേക്ക് ആവർത്തിച്ച് അവകാശമുന്നയിക്കുന്ന പ്രവണത ആരംഭിച്ചിട്ട് അധികകാലമായില്ല. കോടികളുടെ കഥ പറഞ്ഞു സൂപ്പര്‍ താര സിനിമകള്‍ പ്രേക്ഷകരെ ഞെട്ടിക്കാന്‍ തുടങ്ങിയതിന്റെ തന്ത്രം ഊഹിക്കാം. പക്ഷെ ഈ കണക്കുകൾ എത്ര മാത്രം ശരിയാണ് ? കമ്പനികൾ നിരത്തുന്ന കണക്കുകൾ അങ്ങനെ തന്നെ വിഴുങ്ങി സോഷ്യല്‍ മീഡിയകള്‍ യുദ്ധക്കളമാക്കുന്ന ഫാന്‍സ് അസോസിയേഷനുകളോടല്ല, അവരല്ലാത്ത സാധാരണ പ്രേക്ഷകരോടാണ് ചോദിക്കുന്നത്. നിങ്ങള്‍ ഈ കണക്കുകളൊക്കെ വിശ്വസിക്കുന്നുണ്ടോ? ഈ കണക്കുകള്‍ സത്യമാണോ…? എന്ത് ആധികാരികതയാണ് ഈ കണക്കുകള്‍ക്ക് പിന്നിലുള്ളത്…? 24 ന്യൂസ് അന്വേഷിക്കുന്നു.
കഴിഞ്ഞ 5 വര്‍ഷത്തിനിടെ മലയാള സിനിമയില്‍ ഗുണപരമായ പല മാറ്റങ്ങളും സംഭവിച്ചിട്ടുണ്ട്. മെച്ചപ്പെട്ട പരീക്ഷണങ്ങള്‍ ഉണ്ടാവുകയും അവയില്‍ പലതും നിരൂപക പ്രശംസയില്‍ മാത്രമൊതുങ്ങാതെ തീയേറ്റര്‍ വിജയം കൈവരിക്കുകയും ചെയ്യുന്നുണ്ട്. ആ നല്ല മാറ്റങ്ങള്‍ക്കിടയിലാണ് ഒരു വിഭാഗം ഒരു പൊങ്ങച്ചം പറച്ചിലെന്നോണം തുടങ്ങി ഈ മേഖലയെ പിന്നാക്കം എടുത്തെറിയുന്ന തരത്തില്‍ കോടിക്കണക്കുകള്‍ കെട്ടിച്ചമയ്ക്കുന്നത്.
സിനിമയുടെ ഗുണനിലവാരത്തിനപ്പുറത്തേക്ക് അതിന്റെ കളക്ഷന്‍ ചര്‍ച്ചയാവുന്നത് തന്നെ ആരോഗ്യപരമായ പ്രവണതയാണോ എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. ഒരു സിനിമയ്ക്ക് കിട്ടിയ കളക്ഷന്‍ അനാവശ്യ വിവാദങ്ങള്‍ക്കും പ്രൊമോഷന് തന്ത്രങ്ങള്‍ക്കുമായി പെരുപ്പിച്ച് പ്രചരിപ്പിക്കുന്നത് സിനിമയുടെ ഗുണ നിലവാരം ഉയർത്തുമോ ? അതിന് സിനിമയുടെ മെരിറ്റ് ചർച്ച ചെയ്യുകയാണ് വേണ്ടത്.
ചില കണക്കുകൾ പരിശോധിക്കാം. കണക്കുകളിൽ സത്യസന്ധത തിരിച്ചറിയാൻ വളരെ കുറച്ച് സിനിമകളുടെ സാമ്പത്തിക വിവരങ്ങളും , തീയറ്റർ വസ്തുതകളും പരിശോധിക്കുകയാണിവിടെ.
അവകാശവാദങ്ങൾ
മുകളില്‍ പറഞ്ഞ മൂന്ന് സിനിമകളും ആദ്യ ദിനം തിയേറ്ററില്‍ ചെറുതല്ലാത്ത തിരക്ക് സൃഷ്ടിച്ചു എന്നത് വാസ്തവം തന്നെയാണ്. എന്നാല്‍ ഇവര്‍ അവകാശപ്പെടുന്ന തരത്തിലുള്ള കളക്ഷനുകള്‍ ലഭിക്കാനുള്ള സാധ്യത ഇല്ല എന്നാണ് വിതരണ രംഗത്തെ വിദഗ്ധരുടെ അഭിപ്രായം.
കൂടുതൽ കണക്കുകൾ
500 ന് മുകളില്‍ സീറ്റിംഗ് കപ്പാസിറ്റിയുള്ള വിരലിലെണ്ണാവുന്ന തീയേറ്ററുകളാണ് കേരളത്തില്‍ ഉള്ളത്. 200 ഉം 300 ഉം സീറ്റിംഗുകള്‍ ഉള്ള ചെറു സ്ക്രീനുകളിലേക്ക് തീയേറ്ററുകള്‍ ചുരുങ്ങുകയാണ്. ടിക്കറ്റ് ചാര്‍ജ് ആവട്ടെ 100 നും 110 നും ഇടയിലും. 868 ഷോയും 400 സീറ്റിംഗ് ശരാശരിയില്‍ 100 രൂപ ടിക്കറ്റ് നിരക്കില്‍ പരിഗണിച്ചാല്‍ പോലും (868*400=347,200 സീറ്റുകള്‍. 347,200*100=34,720,000) മുഴുവന്‍ പ്രദര്‍ശനങ്ങളും ഹൗസ് ഫുൾ ആയാലും മൂന്നരക്കോടി രൂപയുടെ വരുമാനം മാത്രമേ പരമാവധി ലഭിക്കൂ എന്ന് ഈ കണക്കുകള്‍ സാക്ഷ്യപ്പെടുത്തുന്നു.
400 ന് മുകളില്‍ സീറ്റിംഗ് കപ്പാസിറ്റിയുള്ള തീയേറ്ററുകളേക്കാള് കൂടുതല്‍ അതില്‍ താഴെ സീറ്റിംഗ് ഉള്ള തീയേറ്ററുകളാണെന്നിരിക്കെയും 868 പ്രദര്‍ശനങ്ങളും ഹൗസ് ഫുൾ സാധ്യത ഇല്ല എന്നിരിക്കെയും ഈ കളക്ഷന്റെ യുക്തി എന്താണെന്ന് മനസിലാക്കുക പ്രയാസമാണ്.
പുലിമുരുകന്റെ ആദ്യ ദിന കളക്ഷന്‍ പോലും കണക്കുകളുടെ അടിസ്ഥാനത്തില്‍ യോജിച്ചു പോകുന്നില്ല എന്ന വസ്തുത മുന്നില്‍ നില്‍ക്കെ തന്നെയാണ് ഗ്രേറ്റ് ഫാദര്‍ ആദ്യ ദിനം 873 ഷോകളോടെ 4.31 കോടി രൂപ നേടി എന്ന കണക്കുകള്‍ പുറത്തു വരുന്നത്. പുലിമുരുകനേക്കാള്‍ ആദ്യ ദിനം അഞ്ചു പ്രദര്‍ശനങ്ങള്‍ മാത്രമാണ് ഗ്രേറ്റ് ഫാദര്‍ അധികം നടത്തിയത്. മാത്രമല്ല, പുലിമുരുകന് ആദ്യ ദിവസം സൃഷ്ടിച്ച തിരക്ക് ഗ്രേറ്റ് ഫാദറിന് സൃഷ്ട്ടിക്കാനുമായില്ല. പിന്നാലെ വില്ലന്‍, സോളോ, വെളിപാടിന്റെ പുസ്തകം തുടങ്ങിയ ചിത്രങ്ങള്‍ മൂന്നേമുക്കാല്‍ കോടി രൂപക്കടുത്ത് കളക്ഷന്‍ നേടി എന്ന അവകാശവാദവുമായി വന്നവയാണ്. ഗ്രേറ്റ് ഫാദറും പുലിമുരുകനും സൃഷ്ടിച്ച തിരക്കിന്റെ നാലിലൊന്ന് പോലും ഈ മൂന്ന് സിനിമകള്‍ക്കും സൃഷ്ട്ടിക്കാന്‍ കഴിഞ്ഞില്ല എന്നത് മാത്രമല്ല, ആദ്യ പ്രദര്‍ശനത്തിന് ശേഷം തന്നെ മോശം അഭിപ്രായങ്ങള്‍ പുറത്ത് വന്ന സിനിമകളാണെല്ലാം. ആ നിലയില്‍ കണക്കുകള്‍ പോലും പരിശോധിക്കാതെ ഈ മൂന്ന് സിനിമകളുടേയും കണക്കുകളിലെ കാപട്യം വെളിവാകുന്നതാണ്. വെളിപാടിന്റെ പുസ്തകം ആദ്യ ദിവസം 600 ല്‍ താഴെ മാത്രം പ്രദര്‍ശനമാണ് നടത്തിയിരിക്കുന്നത് എന്ന വസ്തുത മുകളിലെ കണക്കുകള്‍ക്കൊപ്പം ചേര്‍ത്ത് വായിക്കുക കൂടി വേണം.
അതിന് ശേഷം ആദ്യ ദിന റെക്കോര്‍ഡില്‍ അവകാശവാദമുന്നയിച്ച് എത്തിയത് മമ്മൂട്ടിയുടെ മാസ്റ്റര്‍ പീസാണ്. ഈ കണക്കുകളും കണ്ണ് പൊട്ടുന്ന കള്ളമാണെന്ന് വിദഗ്ധർ പറയുന്നു. 5.11 കോടി രൂപ ആദ്യ ദിനം നേടിയതായാണ് അണിയറക്കാരുടെ വാദം. ആദ്യ ദിനം 1240 ഷോ നടത്താന്‍ കഴിഞ്ഞു എന്നതാണ് ആ കണക്കുകളുടെ ബലം. എന്നാല്‍ പരീക്ഷാ ദിവസം കൂടിയായ സിനിമാ റിലീസ് തീയതിയില്‍ പല കേന്ദ്രങ്ങളിലും ഫാന്‍സ് ഷോ പോലും ഹൗസ് ഫുൾ ആയിരുന്നില്ല. മാത്രമല്ല, കൃത്യമായി കളക്ഷന്‍ ട്രാക്ക് ചെയ്യാന്‍ സംവിധാനമുള്ള കൊച്ചി മള്‍ട്ടിപ്ളെക്സുകളിലെ കണക്ക് പ്രകാരം 50% ത്തില്‍ താഴെ മാത്രമായിരുന്നു പകല്‍ സമയത്തെ ഒക്കുപ്പന്‍സി. 70% ഒക്കുപ്പന്‍സിയില്‍ 9.81 ലക്ഷം രൂപയാണ് മാസ്റ്റര്‍ പീസിന്റെ ആദ്യ ദിവസ മള്‍ട്ടി പ്ളെക്സ് കളക്ഷന്‍. ആ നിലയില്‍ 5.11 കോടി രൂപ എന്ന കണക്ക് എന്ന കണക്ക് അവിശ്വസീനയമാണ്.
ഇതിനെല്ലാം പുറമേ ആദ്യ ദിന റെക്കോര്‍ഡില്‍ അവകാശ വാദമുന്നയിക്കുന്ന ഒരു സിനിമ പോലും കൊച്ചി മള്‍ട്ടിയില്‍ ഈ പട്ടികയില്‍ ആദ്യ എട്ട് സ്ഥാനങ്ങളിലെങ്ങുമില്ല.
അന്തിമ കണക്കുകളിലും മായം
ആദ്യ ദിന കളക്ഷനില്‍ മാത്രമല്ല ഫൈനല്‍ കളക്ഷനിലേയും പുലിമുരുകന് കണക്കുകള്‍ വിശ്വാസയോഗ്യമല്ല. 160 കോടി രൂപയാണ് വേള്‍ഡ് വൈഡ് കളക്ഷനായി പ്രചരിപ്പിക്കപ്പെടുന്നത്. മലയാള സിനിമയുടെ ആഗോള വ്യാപാരം അത്രത്തോളം ഒന്നും എത്താനുള്ള സാധ്യത നില നില്ക്കുന്നില്ല എന്നത് പ്രാഥമികമായി ചൂണ്ടിക്കാണിക്കാം. കേരളത്തില്‍ നിന്ന് മാത്രം 80 കോടിക്ക് മുകളില്‍ നേടി എന്നതാണ് കണക്കുകള്‍. അങ്ങനെയെങ്കില്‍ കേരളത്തിന് പുറത്ത് നിന്ന് മാത്രം 80 കോടി രൂപ ഒരു മലയാള സിനിമ നേടി എന്നത് തല്ക്കാലം വിശ്വസിക്കാനാവില്ല. അത് മാറ്റി നിര്‍ത്തി കേരളത്തിലെ മാത്രം കാര്യം ചര്‍ച്ച ചെയ്താലും കണക്കുകള്‍ കല്ലു കടിയാണ്. റിപ്പീറ്റഡ് ഓഡിയന്‍സ് അടക്കം സമീപ കാലത്ത് കേരളത്തിലെ തീയേറ്ററുകളില്‍ ഏറ്റവുമധികം ഹൗസ് ഫുൾ പ്രദര്‍ശനങ്ങള്‍ നടത്തിയ സിനിമ ബാഹുബലിയാണ് എന്നത് അവിതര്‍ക്കിതമാണ്. ബാഹുബലി കേരളത്തില്‍ നിന്ന് 70 കോടി രൂപയാണ് കളക്ട് ചെയ്തത്. 4ഗ സൗകര്യമുള്ള തിയേറ്ററുകളിലെ ടിക്കറ്റ് ചാര്‍ജ്ജ് കൂടുതലാണെന്ന വസ്തുത കൂടി പരിഗണിക്കണം. എന്നിട്ടും ബാഹുബലിക്ക് കിട്ടിയതിലധികം കളക്ഷന്‍ പുലിമുരുകന് നേടി എന്നത് വിശ്വാസ യോഗ്യമല്ല.
ഗ്രേറ്റ് ഫാദര്‍ 60 കോടിയോട് അടുത്ത് കളക്ട് ചെയ്യപ്പെട്ടു എന്നാണ് പറയപ്പെടുന്നത്. എന്നാല്‍ 2017 ല്‍ ഏറ്റവും അധികം പ്രദര്‍ശനം നടത്തിയതില്‍ 12-ാം സ്ഥാനം മാത്രമാണ് ഗ്രേറ്റ് ഫാദറിനുള്ളത്. 10573 പ്രദര്‍ശനങ്ങളാണ് ഗ്രേറ്റ് ഫാദര്‍ ആകെ നടത്തിയിരിക്കുന്നത്. അത്രയും പ്രദര്‍ശനങ്ങള്‍ കൊണ്ട് 60 കോടി രൂപ ലഭിക്കണമെങ്കില്‍ (10573*400=4,229,200) (4,229,200*100=422,920,000) മുഴുവന്‍ പ്രദര്‍ശനങ്ങളും ഹൗസ്ഫുള്ളായാലും സാധ്യമല്ല. 10573 പ്രദര്‍ശനങ്ങളില്‍ എങ്ങനെയായാലും അതിന്റെ പകുതി പ്രദര്‍ശനം പോലും ഹൗസ് ഫുൾ ആവില്ല എന്നത് അവിതര്ക്കിതമാണെന്നിരിക്കെ ഈ കളക്ഷന്റെ അടിസ്ഥാനമെന്താണ്.
ഒപ്പം എന്ന മോഹന്‍ലാല്‍ സിനിമയുടെ കളക്ഷന്‍ 60 കോടി എന്നാണ് പറയപ്പെടുന്നത്. തീയേറ്ററില്‍ തെറ്റില്ലാത്ത തിരക്ക് സൃഷ്ടിച്ചു എന്നല്ലാതെ അഭൂതപൂര്‍വ്വമായ തിരക്കൊന്നും ഒപ്പത്തിനുണ്ടായിട്ടില്ല എന്നത് പരമമായ സത്യമാണ്. 2016 സെപ്റ്റംബര്‍ 8 നാണ് ഒപ്പം റിലീസ് ചെയ്യുന്നത്. അതിന് ഒരു വര്‍ഷം മുന്‍പ് 2015 മെയ് 29 ന് റിലീസ് ചെയ്ത പ്രേമം എന്ന നിവിന്‍ പോളി സിനിമ തിയേറ്ററില്‍ സൃഷ്ട്ടിച്ച തിരക്ക് നമുക്ക് അറിവുള്ളതാണ്. പ്രേമത്തിന് ടിക്കറ്റില്ലാതെ ആഴ്ചകളോളം പല പ്രേക്ഷകരും മടങ്ങി പോകുന്ന കാഴ്ച സ്ഥിരമായിരുന്നു. അങ്ങനെ ഒരു ടിക്കറ്റില്ലായ്മ ഒപ്പത്തിന് എന്തായാലും ഉണ്ടായിട്ടുമില്ല. ഈ രണ്ട് സിനിമകളും റിലീസ് ചെയ്ത കാലയളവിനിടയില്‍ കാര്യമായ ടിക്കറ്റ് ചാര്‍ജ് വര്‍ദ്ധനയും ഉണ്ടായിട്ടില്ല. എന്നിട്ടും കണക്കുകള്‍ പ്രകാരം ഒപ്പം പ്രേമത്തിനെക്കാള്‍ മുന്നില്‍…! തീയേറ്റര്‍ വിലയിരുത്തലില്‍ പ്രേമത്തിന്റെ പകുതി കളക്ഷന്‍ പോലും ഒപ്പത്തിനുണ്ടാവാന് സാധ്യത ഇല്ല താനും. പുലിമുരുകന് ശേഷം ടോമിച്ചന് മുളകുപാടം നിര്‍മ്മിച്ച രാമലീല എന്ന സിനിമ 80 കോടി രൂപ കളക്ട് ചെയ്തു എന്നതാണ് കണക്കുകള്‍. ആദ്യ ആഴ്ചകളില്‍ രാമലീല തീയേറ്ററില്‍ വലിയ രീതിയില്‍ ആളെ കൂട്ടിയെങ്കിലും പുലിമുരുകനിലെ അതേ കണക്കുകള്‍ താരതമ്യം ചെയ്ത് നോക്കിയാലും 16431 പ്രദര്‍ശനങ്ങള്‍ കൊണ്ട് 80 കോടി എന്ന കണക്കുകള്‍ ഒത്തു പോകുന്നതല്ല.
മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ 50 കോടി എന്നതാണ് കണക്ക്. സിനിമാ സമരം മൂലം ഒരാഴ്ചയില്‍ ഒരു സിനിമ മാത്രം റിലീസ് എന്ന ഔദാര്യത്തിന്റെ പുറത്ത് മാത്രം 17669 പ്രദര്‍ശനങ്ങള്‍ നടത്തിയ മുന്തിരിവള്ളികള്‍ തീയേറ്ററില്‍ വലിയ രീതിയില്‍ ആളെക്കൂട്ടിയ സിനിമയല്ല. ഗ്രാമപ്രദേശങ്ങളിലെ തീയേറ്ററുകളില്‍ റിലീസിംഗ് സിനിമകള്‍ ഇല്ലാത്തതിനാല്‍ പ്രദര്‍ശനം നീട്ടേണ്ടി വന്ന മുന്തിരിവള്ളിയുടെ കണക്ക് കൂട്ടത്തിലെ ഏറ്റവും വലിയ നുണയാണെന്നാണ് മനസിലാക്കാന്‍ കഴിയുന്നത്.
ആദ്യ ദിവസങ്ങള്‍ കഴിഞ്ഞ് ഒഴിഞ്ഞ കസേരകള്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിച്ച മാസ്റ്റര്‍ പീസ് 20 ദിവസം കൊണ്ട് 40 കോടി എന്നതാണ് ഏറ്റവും ഒടുവിലായി പുറത്ത് വന്ന കണക്കുകള്‍. 11600 ല്‍ താഴെ പ്രദര്‍ശനങ്ങള്‍ നടത്തിയ മാസ്റ്റര്‍ പീസ് ആദ്യ ദിവസം മാത്രം നടത്തിയത് 1240 ഷോകളാണ്. അതില്‍ നിന്ന് നാലാം വാരം 79 പ്രദര്‍ശനങ്ങളിലേക്ക് സിനിമ ചുരുങ്ങി എന്നത് തന്നെ തീയേറ്ററുകളിലെ തിരക്ക് കുറവിന്റെ തെളിവാണ്. മാത്രമല്ല, മാസ്റ്റര്‍ പീസിനൊപ്പം റിലീസ് ചെയ്ത ആട് 2 ഇതിനോടകം 16000 ഷോ പൂര്‍ത്തിയാക്കിയിട്ടുണ്ട്. ടിക്കറ്റ് കിട്ടാതെ പ്രേക്ഷകര്‍ വലഞ്ഞതും ആട് 2 വിനായിരുന്നു. എന്നാല്‍ ആട് 2 വിന്റെ അണിയറക്കാര്‍ ഈ കോടി തള്ളിന്റെ ഭാഗമായി ഇതുവരെ അവകാശ വാദമുന്നയിച്ചിട്ടു പോലുമില്ല. കളക്ഷന്‍ ട്രാക്കിംഗ് സംവിധാനമുള്ള കൊച്ചി മള്‍ട്ടിപ്ളെക്സില്‍ നിന്ന് 70 ലക്ഷത്തില്‍ താഴെ മാത്രം കളക്ട് ചെയ്ത മാസ്റ്റര്‍ പീസ് 20 ദിവസം കൊണ്ട് 40 കോടി രൂപ നേടി എന്നതും അവിശ്വസീനയം തന്നെ.
മമ്മൂട്ടി, മോഹന്‍ലാല്‍ സിനിമകളാണ് കളക്ഷന്‍ കള്ളക്കണക്കുകളിൽ ഉത്സാഹം കാട്ടുന്നതിൽ മുന്നിൽ. സോഷ്യൽ മീഡിയ തള്ളുകണക്കുകൾ എന്നാണ് ഇവയെ പരിഹസിക്കുന്നത്. ഇനി ഇവരുടേതല്ലാത്ത സിനിമകളുടെ ചില കണക്കുകള്‍ പരിശോധിക്കാം.
സൂപ്പർ താരങ്ങളില്ലാത്ത സിനിമകൾ…
കേരളത്തില്‍ ഏറ്റവും കൂടുതല്‍ പ്രദര്‍ശനങ്ങള്‍ നടത്തിയ സിനിമകളില്‍ പുലിമുരുകന് പിന്നില്‍ രണ്ടാം സ്ഥാനം കട്ടപ്പനയിലെ ഋത്വിക് റോഷനാണ് . 21211 പ്രദര്‍ശനങ്ങളാണ് സിനിമ നടത്തിയിരിക്കുന്നത്. ഒരു പുതുമുഖ താരത്തിന്റെ സിനിമ അത്രയധികം പ്രദര്‍ശനങ്ങള്‍ നടത്തിയിട്ടുണ്ടെങ്കില്‍ തീയേറ്ററുകളില്‍ അതിന് വേണ്ട തിരക്ക് ഉണ്ടായിരുന്നു എന്ന് ഊഹിക്കാവുന്നതേയുള്ളൂ. എന്നാല്‍ ഒരിക്കല്‍ പോലും 50 കോടി ക്ലബ്ബ് എന്നോ 40 കോടി ക്ലബ്ബ് എന്നോ ഉള്ള അവകാശ വാദങ്ങള്‍ അവര്‍ ഉന്നയിച്ചു കണ്ടിട്ടേയില്ല.
അമര്‍ അക്ബര്‍ അന്തോണിയാണ് സമീപ കാലത്ത് തീയേറ്ററുകളില്‍ വലിയ തിരക്ക് സൃഷ്ടിച്ച മറ്റൊരു മലയാള സിനിമ. അവരും ഈ കളക്ഷന്‍ തള്ളുകളുടെ ഭാഗമായിട്ടില്ല.
എന്നിട്ടും ‘തള്ളാത്ത’ സിനിമകൾ
പോയ വര്‍ഷത്തെ (2017) സിനിമകളില്‍ ചിലതിന്റെ ആകെ പ്രദര്‍ശനങ്ങള്‍ പരിശോധിക്കാം.
തൊണ്ടിമുതലും ദൃക്സാക്ഷിയും ഗോദ എന്നീ സിനിമകള്‍ 13000 ത്തിന് മുകളില്‍ പ്രദര്‍ശനം നടത്തിയവയാണ്. ഈ രണ്ട് സിനിമയുടേയും അണിയറക്കാര്‍ 20 കോടിയുടെ അവകാശ വാദം പോലും ഉന്നയിച്ചിട്ടില്ല.
പുണ്യാളന് പ്രൈവറ്റ് ലിമിറ്റഡ് 12700 പ്രദര്‍ശനങ്ങള്‍ നടത്തിയ സിനിമയാണ്. എസ്ര 11142 പ്രദര്‍ശനങ്ങളും പറവയും അങ്കമാലി ഡയറീസും ടേക്ക് ഓഫും പതിനായിരത്തിന് മുകളിലും നടത്തിയ സിനിമകളാണ്. എന്നാല്‍ മുകളില്‍ പറഞ്ഞ സിനിമകള്‍ക്കൊന്നും കിട്ടാത്ത കളക്ഷനാണ് അതിന് താഴെയോ അതിനോടൊപ്പമോ മാത്രം പ്രദര്‍ശനങ്ങള്‍ നടത്തിയ സൂപ്പര്‍ താര സിനിമകള്‍ക്ക് ലഭിച്ചു എന്ന് പറയുന്നത്.
അടുത്ത കാലത്ത് തീയേറ്ററില്‍ ഏറ്റവുമധികം തിരക്ക് സൃഷ്ടിച്ച സിനിമകള്‍ ആട് 2, രാമലീല, ബാഹുബലി, കട്ടപ്പനയിലെ ഋത്വിക് റോഷന്, പുലിമുരുകന്, എന്ന് നിന്റെ മൊയ്ദീന്, പ്രേമം, അമര്‍ അക്ബര്‍ അന്തോണി, വെള്ളിമൂങ്ങ തുടങ്ങിയ സിനിമകളാണ്. ഇതില്‍ പല സിനിമകള്‍ക്കും ഇത്രയധികം തിരക്കുണ്ടായിട്ട് പോലും ലഭിക്കാത്ത കളക്ഷന്‍ സൂപ്പര്‍ താര സിനിമകള്‍ ശരാശരി തിരക്ക് മാത്രം സൃഷ്ട്ടിച്ചു കൊണ്ട് എങ്ങനെ നേടുന്നു എന്നത് ഉത്തരം കിട്ടാത്ത ചോദ്യമാണ്.
മമ്മൂട്ടിയെയും മോഹൻലാലിനെയും താരസങ്കൽപ്പത്തിന്റെ അങ്ങേയറ്റത്തെ ഉയരത്തിൽ മലയാളി പ്രതിഷ്ഠിച്ചത് തീയറ്ററിൽ അവരുടെ ചിത്രങ്ങൾ നേടിയ കളക്ഷന്റെ പിൻബലത്തിൽ അല്ല. ഈ കെട്ടിച്ചമച്ച കോടികളുടെ കണക്കുകൾ കൊണ്ട് മമ്മൂട്ടിയും മോഹന്‍ലാലും അവരെ നയിക്കുന്നവരും എന്താണ് ഇനി പ്രതീക്ഷിക്കുന്നത്. അവര്‍ അഭിനയിപ്പിച്ചു വിസ്മയിപ്പിച്ച താരതമ്യങ്ങളില്ലാത്ത വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെയാണ് ഇരുവരും മലയാളത്തിന്റെ മമ്മൂക്കയും ലാലേട്ടനുമായത്. നിത്യ ജീവിതത്തിൽ ഓരോ മലയാളിയും ആവർത്തിച്ച് ഓർമ്മിക്കുന്ന കഥകളും കഥാപാത്രങ്ങളും സംഭാഷണങ്ങളും മാത്രം മതി ഈ താരങ്ങൾക്ക് ഇനിയും തലമുറകളെ അതിജീവിക്കാൻ. കോടികള്‍ കൊണ്ടും മൂല്യം തീര്‍ക്കാന്‍ കഴിയാത്ത കഥാപാത്രങ്ങളുമായി മമ്മൂട്ടിയും മോഹന്‍ലാലും വിസ്മയം തീര്‍ക്കട്ടെ ..!
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here