Advertisement

നാലു പ്രതിമ തകര്‍ത്താല്‍ കമ്യൂണിസ്റ്റുകാര്‍ ഇല്ലാതാകുമെന്ന് ആരും കരുതേണ്ട; പിണറായി

March 6, 2018
1 minute Read
Pinarayi vijayan CPM pinarayi vijayan hospitalized

ത്രിപുരയില്‍ തിരഞ്ഞെടുപ്പ് വിജയം ആഘോഷിക്കുന്നതിനിടയില്‍ കമ്യൂണിസ്റ്റുകാര്‍ക്കെതിരെ അക്രമങ്ങള്‍ അഴിച്ചുവിടുകയും കമ്യൂണിസ്റ്റ് നേതാക്കളുടെ പ്രതിമകള്‍ തകര്‍ക്കുകയും ചെയ്ത ബിജെപിയുടെ രാഷ്ട്രീയത്തെ വിമര്‍ശിച്ച് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്ത്. നാല് പ്രതിമകള്‍ തകര്‍ത്താല്‍ ഇല്ലാതായി പോകുന്നവരാണ് കമ്യൂണിസ്റ്റുകാരെന്ന് ആരും കരുതേണ്ടെന്ന് അദ്ദേഹം പറഞ്ഞു. ന്യൂനപക്ഷ ജനവിഭാഗത്തെ ഇന്ത്യയില്‍ തുടച്ചുനീക്കാനുള്ള അതിമോഹമാണ് ആര്‍എസ്എസിന്റെതെന്നും അതിന് ഉദാഹരണമാണ് ത്രിപുരയില്‍ നടന്ന അഴിഞ്ഞാട്ടമെന്നും പിണറായി വിജയന്‍ കുറ്റപ്പെടുത്തി. 25 വര്‍ഷങ്ങള്‍ കൊണ്ട് ത്രിപുരയിലെ ജനത നേടിയ നേട്ടങ്ങള്‍ ഒറ്റ രാത്രി കൊണ്ട് ചുട്ടെരിക്കാനാണ് ആര്‍എസ്എസ് ശ്രമിക്കുന്നത്. അടിച്ചമര്‍ത്തിയാലും കുഴിച്ചുമൂടാന്‍ നോക്കിയാലും തിരിച്ചുവരാന്‍ കരുത്തള്ളവരാണ് കമ്യൂണിസ്റ്റുകാരെന്നും പിണറായി വിജയന്‍ പറഞ്ഞു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പിണറായി വിജയന്‍ ഇക്കാര്യങ്ങള്‍ പറഞ്ഞിരിക്കുന്നത്.

-ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

കമ്മ്യൂണിസ്റ്റുകാരെയും ന്യൂനപക്ഷ ജനവിഭാഗങ്ങളെയും ഇന്ത്യയിൽ നിന്ന് തുടച്ചു നീക്കാനുള്ള ആർ എസ് എസിന്റെ അതിമോഹമാണ് ത്രിപുരയിൽ അഴിഞ്ഞാടുന്നത്. കമ്യൂണിസ്റ്റുകാരെ തുടച്ചു നീക്കുമെന്ന് പ്രഖ്യാപിച്ച് ബി ജെ പി ദേശീയ നേതാക്കൾ തന്നെ അക്രമത്തിന് ആഹ്വാനം ചെയ്യുന്നത് ദേശീയതല ഗൂഢാലോചനയുടെ ഭാഗമാണ്. ത്രിപുരയിൽ ആർ എസ് എസ് ആക്രമണങ്ങളിൽ 500 ൽ അധികം പ്രവർത്തകർ ഗുരുതരമായി പരുക്കേറ്റ് ആശുപത്രിയിലാണ്. 1500 ൽ അധികം വീടുകൾ തകർക്കുകയും കത്തിക്കുകയും ചെയ്തു. അക്രമം പുറം ലോകത്തോട് വിളിച്ചു പറഞ്ഞ പെൺകുട്ടിയ ബലാത്സംഗം ചെയ്യുമെന്നാണ് ഭീഷണി.

25 വർഷം കൊണ്ട് ത്രിപുരയിലെ ജനത നേടിയ നേട്ടങ്ങൾ ഒരു രാത്രി കൊണ്ട് ചുട്ടെരിക്കപ്പെട്ടു. മഹാനായ ലെനിന്റെ പ്രതിമയെ പോലും ഭയന്ന്, ആർ എസ് എസ് സംഘം അത് തകർക്കുകയും ആനന്ദനൃത്തം ചവിട്ടുകയും ചെയ്യുന്നു. ജനാധിപത്യ ഇന്ത്യയുടെ മുഖം വികൃതമാക്കുന്നതാണ് ഈ ദൃശ്യങ്ങൾ. ഇത് രാജ്യത്തിനുള്ള മുന്നറിയിപ്പാണ്. പണം, അധികാരം, അക്രമം എന്നിവ കൂട്ടിക്കലർത്തി ജനാധിപത്യത്തിന് പുതിയ നിർവ്വചനം നൽകാനാണ് ആർ എസ് എസ് ശ്രമം.

ഭരണകൂടത്തിന്റെ കിരാതവാഴ്ചകളെ എതിരിട്ടാണ് കമ്യൂണിസ്റ്റ് പാർട്ടി രാജ്യത്ത് വളർന്നത്. ഫാസിസ്റ്റ് തേർവാഴ്ചകൾക്കു മുന്നിൽ നെഞ്ച് വിരിച്ച് നിന്ന് രക്തസാക്ഷിത്വം വരിച്ച ധീരൻമാരുടെ മണ്ണാണിത്. അടിച്ചമർത്തിയാലും കുഴിച്ചുമൂടാൻ വന്നാലും പ്രതിരോധിക്കാനും തിരിച്ചുവരാനും ശേഷിയുള്ളവരാണ് കമ്മ്യുണിസ്റ്റുകാർ. ത്രിപുരയിലെ ജനങ്ങളെ ആകെ അണിനിരത്തി ഈ ഫാസിസ്റ്റ് നീക്കങ്ങളെ ചെറുക്കേണ്ടതുണ്ട്. പൊരുതുന്ന ത്രിപുരയിലെ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു. ജനാധിപത്യത്തെ പണാധിപത്യമാക്കിയും അട്ടിമറിച്ചും നേടിയ വിജയത്തിന്റെ ലഹരിയിൽ ഫാസിസ്റ്റ് വ്യാമോഹം എണ്ണയൊഴിച്ച് കത്തിക്കാമെന്ന് സംഘ പരിവാർ കരുതരുത്. അങ്ങനെ കരുതിയവർക്കും അഹങ്കരിച്ചവർക്കും ദയനീയ അന്ത്യമാണ് എക്കാലത്തും സംഭവിച്ചത്.

കമ്യൂണിസ്റ്റുകാരെ ഉന്മൂലനം ചെയ്യാമെന്നത് വെറും വ്യാമോഹമാണ്. മതനിരപേക്ഷത പുലരാനും സമാധാനം സംരക്ഷിക്കാനും സ്വജീവൻ ബലിയർപ്പിക്കുമെന്ന് പ്രതിജ്ഞയെടുത്തവരാണ് കമ്മ്യൂണിസ്റ്റുകാർ; അതാണ് പാരമ്പര്യം. വർഗീയതയുടെയും പണക്കൊഴുപ്പിന്റെയും വിവേകശൂന്യതയുടെയും ചേരുവകൾ കൊണ്ട് ഫാസിസ്റ്റ് മോഹങ്ങൾ നട്ടു വളർത്തുന്ന ആർ എസ് എസ് ബുദ്ധികേന്ദ്രങ്ങൾ ഇന്നാട്ടിന്റെ സമര പാരമ്പര്യങ്ങളെക്കുറിച്ച് അജ്ഞരാണ്. അതു കൊണ്ടാണ് നാലു പ്രതിമ തകർത്താൽ കമ്മ്യൂണിസ്റ്റുകാർ ഇല്ലാതായിപ്പോകുമെന്ന് അവർ ധരിക്കുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top