സിപിഎം വിരുദ്ധ ജ്വരം അണികളില്‍ സൃഷ്ടിക്കുകയാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യം; പി. ജയരാജന്‍

സിപിഎം വിരുദ്ധ ജ്വരമാണ് കോണ്‍ഗ്രസ് കേരളത്തില്‍ പടര്‍ത്തുന്നതെന്ന് കണ്ണൂര്‍ സിപിഎം സെക്രട്ടറി പി. ജയരാജന്‍. ബിജെപിയെ എതിര്‍ക്കാന്‍ സിപിഎമ്മിന് കഴിയില്ലെന്ന് കോണ്‍ഗ്രസുകാര്‍ പറഞ്ഞുനടക്കുകയാണ്. കാര്യങ്ങളെല്ലാം ബിജെപിക്ക് അനുകൂലമാക്കി കൊടുക്കാനുള്ള അടവുകളാണ് കോണ്‍ഗ്രസ് ഇവിടെ പയറ്റുന്നത്. സിപിഎം വിരുദ്ധ ജ്വരം പരത്തി കോണ്‍ഗ്രസ് അണികളെ ബിജെപിയിലേക്ക് കൂടുമാറ്റുകയാണ് കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന്‍ ചെയ്യുന്നത്. അദ്ദേഹം ഈ അടുത്ത് നടത്തിയ പ്രസ്താവനകളെല്ലാം ബിജെപിയുടെ പക്ഷത്തെ ന്യായീകരിക്കുന്നതാണ്. പല തവണ ബിജെപി നേതൃത്വം താനുമായി ചര്‍ച്ച നടത്തിയിട്ടുണ്ടെന്നും ബിജെപിയുമായി സഹകരിക്കാന്‍ തോന്നിയാല്‍ താന്‍ ബിജെപിയിലേക്ക് പോകുമെന്നും കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന്‍ മാധ്യമങ്ങളോട് പറഞ്ഞതിനെയും ജയരാജന്‍ വിമര്‍ശിച്ചു. സുധാകരന്റെ ബിജെപി അനുകൂല നിലപാടിനെ കുറിച്ച് കോണ്‍ഗ്രസ് വിശദമാക്കണമെന്നും പി. ജയരാജന്‍ പറഞ്ഞു. സിപിഎം വിരുദ്ധ പ്രചാരണങ്ങള്‍ നടത്തി ബിജെപിക്ക് കേരളത്തില്‍ വളരാനുള്ള സാഹചര്യങ്ങള്‍ ഒരുക്കുകയാണ് സുധാകരനും കോണ്‍ഗ്രസും ചെയ്യുന്നതെന്നും പി. ജയരാജന്‍ കുറ്റപ്പെടുത്തി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here