Advertisement

പട്ടയമില്ലാത്ത രണ്ടര സെന്റിൽ നിന്ന് ഇന്ത്യൻ വോളിയുടെ വലിയ ലോകത്തിലേക്ക്; അറിയണം അജിത് ലാൽ എന്ന കളിക്കാരനെ കുറിച്ച്

March 10, 2018
1 minute Read
– അജിത് ലാൽ/സലിം മാലിക്ക്

പട്ടയം പോലുമില്ലാത്ത രണ്ടര സെന്റിലെ ചെറിയ വീട്ടിൽ നിന്നും 66- ാമത് ദേശീയ വോളിബോൾ ടൂർണമെന്റിലെ മികച്ച താരത്തിലേക്കും അവിടെ നിന്നും ഇന്ത്യൻ ക്യാമ്പിലേക്കും എത്തി നേട്ടത്തിന്റെ പടവുകൾ ഓരോന്നായി പൊരുതി കയറുന്ന തിരുവനന്തപുരം അമ്പലത്തറ സ്വദേശി അജിത് ലാൽ 24 ന്യൂസിനായി അനുവദിച്ച പ്രത്യേക അഭിമുഖം.

ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തിന് വേണ്ടി അണിനിരന്ന രണ്ടു തവണയും കേരളം കപ്പില്‍ മുത്തമിടുന്നു. ഇത്തവണ കപ്പ് നേടിക്കൊടുക്കുന്നതില്‍ നിര്‍ണായക ശക്തിയാവുന്നു. സന്തോഷം എങ്ങനെ പങ്കു വെക്കുന്നു.

വളരെ അധികം സന്തോഷത്തിലാണ്. വലിയ പ്രയ്ത്‌നവും കൂട്ടായ്മയും ഒക്കെയാണ് വിജയത്തിന് പിന്നിൽ. കളിച്ച രണ്ട് തവണയും കപ്പ് നേടി എന്നത് മാത്രമല്ല, ഇത്തവണ ടൂർണമെന്റിന്റെ താരമാവാനുള്ള ഭാഗ്യവും കിട്ടി. സന്തോഷവും അഭിമാനവുമൊക്കെയാണ് മനസ് നിറയെ.

ഇന്ത്യന്‍ ക്യാമ്പിലേക്ക് വിളി പ്രതീക്ഷിച്ചിരുന്നോ?

പ്രതീക്ഷയുണ്ടായിരുന്നു. പ്രതീക്ഷയേക്കാൾ സത്യത്തിൽ ആഗ്രഹമായിരുന്നു. ടൂർണമെന്റിൽ നല്ല പ്രകടനം നടത്താൻ കഴിഞ്ഞിരുന്നു. അപ്പോഴൊക്കെ കൂട്ടുകാരും സഹ കളിക്കാരുമെല്ലാം പറയുമായിരുന്നു. അതൊക്കെ കേട്ടപ്പോൾ പ്രതീക്ഷ വർദ്ധിച്ചു. അവസാനം ഫൈനലിലെത്തിയപ്പോൾ വീണ്ടും പ്രതീക്ഷ കൂടിയിരുന്നു.

വരാനിരിക്കുന്ന ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ കുപ്പായത്തില്‍ കളിക്കാനാവുമെന്ന പ്രതീക്ഷയിലാണോ?

ഇന്ത്യക്ക് വേണ്ടി കളിക്കുക എന്നത് എന്റെ എക്കാലത്തെയും വലിയ സ്വപ്നമാണ്. പക്ഷെ അതത്ര എളുപ്പമല്ല. ക്യാമ്പിൽ എത്തുക എന്ന ആദ്യ പടി മാത്രമേ എനിക്ക് കടക്കാൻ കഴിഞ്ഞിട്ടുള്ളൂ. ഇനി ക്യാമ്പിൽ ഏറ്റവും മികച്ച പ്രകടനം നടത്തണം. അതിനുള്ള പരിശ്രമത്തിലാണ്.

ഒട്ടും സാമ്പത്തിക ഭദ്രതയില്ലാത്ത ജീവിത സാഹചര്യത്തില്‍ നിന്നാണ് താങ്കള്‍ കായിക മേഖലയിലേക്ക് കടന്നു വരുന്നത്. ആ വെല്ലുവിളികളെ നേരിടാനുള്ള ഊര്‍ജ്ജം?

വെല്ലുവിളികൾ ഒരുപാടുണ്ടായിരുന്നു. മറ്റു വോളിബോൾ താരങ്ങൾ നൽകിയ ഉപദേശങ്ങൾ ആ വെല്ലുവിളികളെ അതിജീവിക്കാനുള്ള വലിയ കാരണമാണ്. കാണികൾ നൽകിയ സപ്പോർട്ട് ഒരിക്കലും മറക്കാൻ കഴിയില്ല. BPCL ലെ ജോലി വലിയ ആശ്വാസവും ഊർജ്ജവുമായിരുന്നു. അവരോടൊന്നും എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. അതിനെല്ലാം മുകളിലായി ഞാൻ വലിയ ദൈവ വിശ്വാസിയാണ്. ദൈവാനുഗ്രഹത്തിന്റെ ഫലം കൂടിയാണ്

അച്ഛന്‍ ചന്ദ്രന്‍ എന്ന ആ കാലഘട്ടത്തിലെ ഏറ്റവും മികച്ച വോളിബോള്‍ താരത്തിന് നേടാന്‍ കഴിയാത്ത ഉയരങ്ങളൊക്കെയാണ് മകനായ താങ്കള്‍ കീഴടക്കുന്നത്. ഇത് അച്ഛനോടുള്ള ആദരവ് കൂടിയാണോ?

തീര്‍ച്ചയായും ആദരവ് തന്നെയാണ്. അച്ഛന്‍ ഇല്ലെങ്കില്‍ ഒരിക്കലും ഞാന്‍ കോര്‍ട്ടിലെത്തില്ലായിരുന്നു. ഒരുപാട് കഷ്ടപ്പാട് സഹിച്ചിട്ടുണ്ട് അച്ഛൻ. അച്ഛന് നേടാന്‍ കഴിയാത്തതൊക്കെ എന്നിലൂടെ നേടിക്കൊടുക്കണം എന്നാണ് ആഗ്രഹം.

ക്രിക്കറ്റിനും ഫുട്‌ബോളിനും കിട്ടുന്ന സ്വീകാര്യത ഇന്ത്യയില്‍ വോളിബോളിന് ലഭിക്കുന്നില്ല എന്ന പരാതി ഉണ്ടോ ?

ക്രിക്കറ്റിനെ ഒക്കെ വെച്ച് നോക്കുമ്പോൾ വോളിബോളിന്‌ സ്വീകാര്യത കുറവുണ്ട് എന്നത് സത്യമാണ്. അതൊരു പരാതിയായിട്ടൊന്നും ഇല്ല. ക്രിക്കറ്റ് ജനകീയമായി തുടങ്ങിയ സമയത്ത് വോളി ബോൾ മേഖലക്ക് ഒപ്പം പിടിക്കാൻ കഴിഞ്ഞിരുന്നില്ല. ഇപ്പോൾ മാറ്റം സംഭവിക്കുന്നുണ്ട്. ഗ്രാമ പ്രദേശങ്ങളിലൊക്കെ വോളിബോൾ സജീവമാണ്.

അധികാരികളുടെ ഭാഗത്ത് നിന്ന് വോളിബോളിന് അവഗണനയുണ്ട് എന്ന് കരുതുന്നുണ്ടോ ?

അങ്ങനെ ഒരു അവഗണനയൊന്നും ഇല്ല. മെച്ചപ്പെട്ട സൗകര്യങ്ങൾ നമുക്ക് ഒരുക്കാൻ അവരും ശ്രമിക്കുന്നുണ്ട്. പിന്നെ ചില സാങ്കേതിക കാരണങ്ങള്‍ കൊണ്ട് ഉണ്ടാവുന്ന ശ്രദ്ധക്കുറവ് മാത്രം. പതിയെ മാറുമായിരിക്കും.

പത്തനാപുരം സെന്റ് സ്റ്റീഫന്‍സ് കോളേജ് കാലഘട്ടം അജിത് ലാല്‍ എന്ന വോളിബോള്‍ താരത്തിന്റെ ഉയര്‍ച്ചയുടെ നിര്‍ണായക പടവായിരുന്നു. എങ്ങനെയാണ് കോളേജ് കാലഘട്ടത്തെ ഓര്‍ക്കുന്നത് ?

വോളിബോള്‍ കളിക്കുക എന്ന ഒറ്റ ലക്ഷ്യമായിരുന്നു ആ കോളേജിലേക്ക് എത്തുന്നതിന് പിന്നിലുണ്ടായിരുന്നത്. കളിക്കുന്നതിനും എന്നിലെ കളിക്കാരനെ വളര്‍ത്തി എടുക്കുന്നതിനും പറ്റിയ അന്തരീക്ഷമായിരുന്നു. ബിജു മാത്യു സാറിന്റെ ശിക്ഷണം എന്റെ ജീവിതത്തിലെ നിര്‍ണായക കാലഘട്ടമായിരുന്നു. ഇങ്ങനെ ഒരു ഉയരത്തിലേക്ക് എത്തുന്നതിന് കോളേജും ഹോസ്റ്റലും ബിജു സാറും കൂട്ടുകാരും തന്നെയാണ് കാരണം.

ഇന്ത്യന്‍ ടീം ക്യാമ്പിലെ ആദ്യ അനുഭവങ്ങളും ഭാവി പ്രതീക്ഷകളും

ക്യാമ്പിലേക്ക് എത്തിയതിന്റെ എക്‌സൈറ്റ്‌മെന്റില്‍ തന്നെയാണ്. പുതിയ ചുറ്റുപാടുകളാണ്. വലിയ പ്രതീക്ഷയിലും.

ഇന്ത്യന്‍ വോളിബോളിന്റെ ഭാവി എങ്ങനെ നോക്കി കാണുന്നു.?

നമുക്ക് ഒരുപാട് കഴിവുള്ള താരങ്ങളുണ്ട്. ഇപ്പോൾ തന്നെ ക്യാമ്പിലുള്ള 30 പേരും ഒന്നിനൊന്ന് മികച്ചവരാണ്. അവരിലൂടെ ഇന്ത്യൻ വോളിബോളിന്‌ നല്ല ഭാവി പ്രതീക്ഷിക്കുന്നു. എന്റെ ശ്രദ്ധ ക്യാമ്പിൽ നല്ല പ്രകടനങ്ങൾ നടത്തി ഇന്ത്യൻ ടീമിൽ കയറുവാനും ഇന്ത്യൻ ടീമിനായി മികച്ച പ്രകടനങ്ങൾ നടത്തുവാനുമാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top