‘എ ബ്രീഫ് ഹിസ്റ്ററി ഓഫ് ഹോക്കിംഗ്’

ഉന്മേഷ് ശിവരാമന്‍
ഒക്‌സ്‌ഫോര്‍ഡിലെ അവസാന വര്‍ഷ പഠനകാലത്ത് എഴുത്തുപരീക്ഷയ്ക്ക് ഫസ്റ്റ് ക്ലാസിനും സെക്കന്‍ഡ് ക്ലാസ്സിനും വക്കത്തായിരുന്നു സ്റ്റീഫന്‍ ഹോക്കിംഗിന്റെ മാര്‍ക്ക്. വാചാ പരീക്ഷയ്ക്കിടെ അധ്യാപകന്‍ ഹോക്കിംഗിനോട് ചോദിച്ചു; എന്താണ് ഭാവി പരിപാടിയെന്ന്.
‘താങ്കള്‍ എനിക്ക് ഫസ്റ്റ് ക്ലാസ് നല്‍കിയാല്‍ ഞാന്‍ കേംബ്രിഡ്ജില്‍ പോകും.സെക്കന്‍ഡ് ക്ലാസ് നല്‍കിയാല്‍ ഒക്‌സ്‌ഫോര്‍ഡില്‍ തുടരും. താങ്കള്‍ എനിക്ക് ഫസ്റ്റ്ക്ലാസ് നല്‍കുമെന്നാണ് പ്രതീക്ഷ’.
ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഏറ്റവും മഹാനായ ഭൗതിക ശാസ്ത്രജ്ഞന്‍ കേംബ്രിഡ്ജിലേക്ക് ചുവടു വെയ്ക്കുന്നത് ഈ മറുപടിയിലൂടെയാണ്. കേംബ്രിഡ്ജിലെ പഠനകാലം ഹോക്കിംഗിന് അത്ര സുഖകരമായിരുന്നില്ല. ഗവേഷണ മേല്‍നോട്ടം ഡെന്നിസ് വില്യം എന്ന അധ്യാപകനെ ഏല്‍പ്പിച്ചതാണ് കാരണം. ഫ്രെഡ് ഹോയ്‌ലെ എന്ന വിഖ്യാത ജ്യോതിശാസ്ത്രജ്ഞന്റെ കീഴില്‍ ഗവേഷണം നടത്താനായിരുന്നു ഹോക്കിംഗിന്റെ താത്പര്യം. ആപേക്ഷികതാ സിദ്ധാന്തത്തെയും പ്രപഞ്ചഘടന സിദ്ധാന്തത്തെയും മുന്‍നിര്‍ത്തിയാണ് ഹോക്കിംഗ് പഠനം തുടങ്ങിയത്.
ജീവിതം വീല്‍ ചെയറിലേക്ക്
ഗവേഷണ കാലത്താണ് അത്യപൂര്‍വ്വമായ മോട്ടോര്‍ ന്യൂറോണ്‍ രോഗം ഹോക്കിംഗിനെ ബാധിക്കുന്നത്. എന്നാല്‍,പഠനം തുടരാന്‍ ഡോക്ടര്‍മാര്‍ തന്നെ ഉപദേശിച്ചു. ഡോക്ടര്‍മാര്‍ കണക്കു കൂട്ടിയതിനേക്കാള്‍ വേഗത്തില്‍ രോഗം ഹോക്കിംഗിനെ ബാധിച്ചു. മറ്റൊരാളുടെ സഹായം കൂടാതെ നടക്കാന്‍ കഴിയാതെയായി. സംസാരശേഷി നിലച്ചു. ഹോക്കിംഗ് വീല്‍ച്ചെയറിലേക്ക് ജീവിതത്തെ പറിച്ചുനട്ടു.രണ്ടു വര്‍ഷത്തില്‍ കൂടുതല്‍ ഹോക്കിംഗ് ജീവിക്കില്ലെന്ന് ചില ഡോക്ടര്‍മാര്‍ വിധിയെഴുതി. എന്നാല്‍ ഹോക്കിംഗിന്റെ ചിന്തകള്‍ ലോകത്തിന്റെ വിധി മാറ്റി എഴുതാന്‍ തുടങ്ങുകയായിരുന്നു.
ഹോക്കിംഗ് കണ്ട തമോഗര്‍ത്തങ്ങള്‍
1965-70 കാലത്ത്, പ്രപഞ്ചോല്‍പ്പത്തിയുമായി ബന്ധപ്പെട്ട സിദ്ധാന്തങ്ങള്‍ വ്യാപക ചര്‍ച്ചകള്‍ക്ക് വിധേയമായി. മഹാവിസ്‌ഫോടന സിദ്ധാന്തവും(ബിഗ് ബാംഗ്) നിലനില്‍പ്പ് സിദ്ധാന്തവും(സ്റ്റെഡി സ്റ്റേറ്റ്) പുതിയ ചിന്താപദ്ധതികള്‍ക്ക് കാരണമായി. ഇക്കാലത്താണ് ‘സ്‌പെയ്‌സ് ടൈമു’മായി ബന്ധപ്പെട്ട് ഹോക്കിംഗ് ഒരു പ്രബന്ധം പ്രസിദ്ധപ്പെടുത്തുന്നത്. തമോഗര്‍ത്തവുമായി ബന്ധപ്പെട്ട ആ പഠനം ഏറെ ശ്രദ്ധ പിടിച്ചുപറ്റി.
തമോഗര്‍ത്ത വികിരണവുമായി ബന്ധപ്പെട്ടായിരുന്നു പിന്നീട് ഹോക്കിംഗിന്റെ പഠനങ്ങള്‍.തമോഗര്‍ത്ത വലിപ്പത്തെ കുറിച്ചും അതില്‍ പ്രകാശമുള്‍പ്പെടെ അകപ്പെട്ടാല്‍ എന്താകും സ്ഥിതി എന്നതിനെക്കുറിച്ചും 1974-ല്‍ ഹോക്കിംഗ് തയ്യാറാക്കിയ പ്രബന്ധം അദ്ദേഹത്തെ റോയല്‍ സൊസൈറ്റിയില്‍ അംഗമാക്കി.2005-ല്‍ പുറത്തിറങ്ങിയ ‘ എ ബ്രീഫ് ഹിസ്റ്റി ഓഫ് ടൈം’ എന്ന പുസ്തകം ലോകമെമ്പാടും ഹോക്കിംഗിനെ സ്വീകാര്യനാക്കി.ഏറെക്കാലം കേംബ്രിഡ്ജില്‍ പ്രൊഫസറായിരുന്നു സ്റ്റീഫന്‍ ഹോക്കിംഗ്.
മനുഷ്യത്വം പറഞ്ഞ ശാസ്ത്രകാരന്‍
പ്രപഞ്ചഘടനയെപ്പറ്റി വിശദീകരിക്കുമ്പോഴും, ലോകത്തിലെ സൂക്ഷ്മ രാഷ്ട്രീയവും ഹോക്കിംഗ് മനസ്സിലാക്കിയിരുന്നു. വിയറ്റ്‌നാമിലേക്കുള്ള അമേരിക്കന്‍ കടന്നുകയറ്റത്തെ ഹോക്കിംഗ് ശക്തമായ ഭാഷയിലാണ് അപലപിച്ചത്. വിയ്റ്റ്‌നാം പ്രതിരോധത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. ബ്രിട്ടനില്‍ ലേബര്‍ പാര്‍ട്ടിയെ പിന്തുണച്ചാണ് പലപ്പോഴും ഹോക്കിംഗ് നിലപാടുകള്‍ വ്യക്തമാക്കിയത്.
ആഗോള താപനം ലോകം നേരിടാന്‍ പോകുന്ന വെല്ലുവിളിയാണെന്ന് പറഞ്ഞ ഹോക്കിംഗ് ഇക്കാര്യത്തില്‍ പല ലോക രാഷ്ട്രങ്ങളുടേയും നിലപാടുകളെ വിമര്‍ശിക്കുകയും ചെയ്തിരുന്നു. യൂറോപ്യന്‍ യൂണിയനില്‍ നിന്ന് ബ്രിട്ടന്‍ പിന്‍മാറുന്നത്, ശാസ്ത്രമേഖലയില്‍ ഏറെ നഷ്ടമുണ്ടാക്കും എന്നായിരുന്നു ഹോക്കിംഗിന്റെ നിരീക്ഷണം.
മതവിശ്വാസത്തെ കുറിച്ച് ഒരിക്കല്‍ ചോദിച്ചപ്പോള്‍ ഹോക്കിംഗ് പറഞ്ഞത് ഇങ്ങനെയാണ്.
‘ പ്രപഞ്ചം നിയന്ത്രിക്കപ്പെടുന്നത് ശാസ്ത്രതത്വങ്ങള്‍ കൊണ്ടാണ് ‘. സ്വര്‍ഗ്ഗമെന്ന മത സങ്കല്‍പ്പം മിഥ്യയാണ്. സ്വര്‍ഗ്ഗമോ മരണാനന്തര ജീവിതമോ ഇല്ല’.
ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ശാസ്ത്രതത്വങ്ങളെ നിയന്ത്രിച്ച ശാസ്ത്രകാരനാണ് ഓര്‍മ്മയാകുന്നത്.
മനുഷ്യത്വത്തിന്റെ ഉറച്ച വക്താവും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here