എസ് ദുര്‍ഗ്ഗ എത്തുന്നു, മാര്‍ച്ച് 23മുതല്‍

എസ് ദുര്‍ഗ്ഗ എന്ന സനല്‍കുമാര്‍ ശശിധരന്റെ സിനിമ ജനപങ്കാളിത്തത്തോടെ റിലീസ് ചെയ്യുന്നു.മാര്‍ച്ച് 23മുതല്‍, തിരഞ്ഞെടുത്ത കേന്ദ്രങ്ങളിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുക. ഫ്ളക്സുകളും പോസ്റ്റർ പ്രളയങ്ങളുമില്ലാതെയാണ് ചിത്രം പ്രദര്‍ശനത്തിന് എത്തിക്കുന്നതെന്ന് സനല്‍കുമാര്‍ ശശിധരന്‍ ഫെയ്സ് ബുക്കില്‍ കുറിച്ചിട്ടുണ്ട്.
സനല്‍കുമാര്‍ ശശിധരന്റെ പോസ്റ്റ് ഇങ്ങനെ
ഓൺലൈൻ പ്രചാരണങ്ങളെയാണ് ഞങ്ങൾ ആശ്രയിക്കുന്നത്. സിനിമ കാണാൻ ആഗ്രഹിക്കുന്നവരും തിയേറ്ററിൽ നിൽക്കണമെന്ന് ആഗ്രഹിക്കുന്നവരും സഹായിച്ചെങ്കിൽ മാത്രമേ ഈ സംരംഭം വിജയിക്കുകയുള്ളു. വിചിത്രമെന്ന് തോന്നാം, പ്രതീക്ഷകൾക്ക് വിരുദ്ധമായി, ഈ സിനിമയ്‌ക്ക് ലഭിച്ച അന്താരാഷ്ട്രത്തലത്തിലുള്ള അംഗീകാരങ്ങൾ ഇന്ത്യയിലും കേരളത്തിലും പ്രതികൂലമായ അവസ്ഥ ആണ് സൃഷ്ടിച്ചത്. സുഹൃത്തുക്കൾ പലരും ശത്രുക്കളായി. അകാരണമായ അകൽച്ചകളും പലയിടങ്ങളിൽ നിന്നുമുണ്ടായി. സർക്കാരുകളിൽ നിന്നുണ്ടാകുന്ന പ്രതികാര നടപടികൾക്ക് പുറമെയാണിത്. ഒരു സിനിമ ഉണ്ടാവുമ്പോഴും അത് ജീവനോടെയിരിക്കുമ്പോഴും ആണ് സിനിമയെ സ്നേഹിക്കുന്നവർ അതിനെ സപ്പോർട്ട് ചെയ്യേണ്ടത്. എനിക്ക് വളരെ ഉറപ്പുള്ള കാര്യമാണ് അഞ്ചോ പത്തോ വർഷം കഴിയുമ്പോൾ ഈ സിനിമയെക്കുറിച്ചും അതിനു കടന്നുപോകേണ്ടിവന്ന ദുർഘടമായ വഴികളെക്കുറിച്ചും ഇന്ന് പുറം തിരിഞ്ഞു നിൽക്കുന്നവർ നെടുങ്കൻ വാചകങ്ങൾ കൊണ്ട് വാതോരാതെ സംസാരിക്കും. ആരെയാണ് അത്തരം കാപട്യങ്ങൾ സഹായിക്കുക? സുഹൃത്തേ നിങ്ങൾ സിനിമയെ സ്നേഹിക്കുന്നുണ്ടെങ്കിൽ നിങ്ങൾ സംസാരിക്കേണ്ടത് ഇപ്പോഴാണ്. നിങ്ങളുടെ ഓരോ ഷെയറും ഈ സിനിമയെ അതിന്റെ പ്രേക്ഷകന്റെ അടുത്തെത്തിക്കും.
സമ്പൂർണമായ സഹകരണം പ്രതീക്ഷിക്കുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here