Advertisement

‘അതിരൂപതയുടെ ഭൂമിയിടപാടിന് പിന്നില്‍ ഭൂമാഫിയയോ?’ ; വെളിപ്പെടുത്തലുമായി മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍

March 21, 2018
1 minute Read
Ernakulam Angamaly Archdiocese

എറണാകുളം-അങ്കമാലി അതിരൂപതയുടെ ഭൂമിയിടപാട് വിവാദത്തില്‍ നിര്‍ണായക വെളിപ്പെടുത്തലുകളുമായി മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ഷാജി ജേക്കബ്. സീറോ മലബാര്‍ സഭയുമായി അടുത്ത ബന്ധമുള്ള പത്രപ്രവര്‍ത്തകന്‍ കൂടിയാണ് ഷാജി ജേക്കബ്. എറണാകുളം-അങ്കമാലി അതിരൂപതക്ക് കോടികള്‍ നഷ്ടമുണ്ടാക്കിയ സ്ഥലമിടപാടിന് പിന്നില്‍ ഒരു ഭൂമാഫിയ തന്നെയുണ്ടെന്നാണ് ഇദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍. സീറോ മലബാര്‍ സഭയിലെ മുതിര്‍ന്ന ബിഷപ്പിനെതിരെയും സഭയുമായി ബന്ധമുള്ള ചില ഭൂമിയിടപാടുകാര്‍ക്കെതിരെയും വിരല്‍ ചൂണ്ടുന്നതാണ് ഷാജി ജേക്കബിന്റെ വെളിപ്പെടുത്തല്‍. ഷാജി ജേക്കബ് സമൂഹമാധ്യമങ്ങള്‍ വഴി പങ്കുവെച്ച വെളിപ്പെടുത്തലുകളിലെ പ്രസക്തഭാഗങ്ങള്‍ ഇവിടെ പങ്കുവെക്കുന്നു:

സഭ ഭൂമാഫിയയുടെ പിടിയില്‍?

“സീറോ മലബാര്‍ സഭ ഇന്ന് നേരിടുന്ന ഭൂമിയിടപാട് വിവാദത്തില്‍  ഭൂമാഫിയയുടെ ഇടപെടല്‍ നടന്നിട്ടുണ്ടെന്ന് വേണം കരുതാന്‍. വര്‍ഷങ്ങള്‍ക്കു മുന്‍പ് സഭയുടെ ദിനപത്രമായ ദീപികയെ  കുറിച്ചുണ്ടായ വിവാദങ്ങള്‍ ഇന്നും പ്രസക്തമാണ്. കാഞ്ഞിരപ്പള്ളി രൂപതാ ബിഷപ് മാര്‍. മാത്യു അറക്കല്‍ ദീപികയുടെ ഓഹരികളില്‍ ഏറിയ പങ്കും സ്വകാര്യ വ്യക്തികള്‍ക്ക് വിറ്റതിനെ തുടര്‍ന്നാണ് ദീപികയില്‍ വലിയ പ്രതിസന്ധി രൂപപ്പെട്ടത്. 2005ല്‍ നടന്ന ഈ വിഷയത്തില്‍ മാത്യു അറക്കല്‍ പിതാവിന് കൂട്ടായി നിന്ന പ്രമുഖനാണ് യുവ വ്യവസായിയായ ഫാരിസ് അബൂബക്കര്‍. അന്ന് മുതല്‍ തന്നെ ഫാരിസ് അബൂബക്കറിന് മാര്‍. മാത്യു അറക്കലുമായി അടുത്ത ബന്ധമുണ്ടായിരുന്നു. അന്ന് കോടികള്‍ മുടക്കിയാണ് ദീപികയെ കത്തോലിക്കാ സഭ തിരിച്ചുപിടിച്ചത്. കോടികളാണ് സഭയ്ക്ക് നഷ്ടം സംഭവിച്ചത്. ഇന്ന്, ദീപികയിലുണ്ടായതു പോലെ മറ്റൊരു പ്രതിസന്ധി സഭയില്‍ ഉടലെടുത്തിരിക്കുകയാണ്. എറണാകുളം-അങ്കമാലി അതിരൂപതയുടെ ഭൂമിയിടപാട് വിവാദത്തില്‍ സഭ ഒന്നടങ്കം നാണംകെട്ട് നില്‍ക്കുകയാണ്. കോടികളാണ് സഭയ്ക്ക് നഷ്ടപ്പെട്ടിരിക്കുന്നത്. ഇതില്‍, ഒരുപാട് സത്യങ്ങള്‍ പുറത്തുവരാനുണ്ട്. ഒരു വലിയ ഭൂമാഫിയ തന്നെ ഇതിന് പിന്നില്‍ ഉണ്ടെന്ന് പറയാന്‍ സാധിക്കും. ദീപികയെ വിറ്റ് തുലച്ചവര്‍ തന്നെയാകും ഇതിന്റെ പിന്നിലുമെന്ന്  വിശ്വാസികള്‍ സംശയിക്കുന്നു.”

ഫാരിസ് അബൂബക്കറിന്റെ പേര് ഈ വിവാദത്തിലേക്ക് എത്തിയത് എങ്ങനെയാണ്? 

“എറണാകുളം-അങ്കമാലി അതിരൂപതയുടെ അധീനതയിലുള്ള 27 കോടി രൂപ അടിസ്ഥാന വില വരുന്ന ഭൂമികളാണ് പല കഷ്ണങ്ങളായി മുറിച്ച് വിറ്റിരിക്കുന്നത്. രൂപതയ്ക്ക് ലഭിച്ചതാകട്ടെ 13.5 കോടി രൂപ മാത്രം. 14 കോടിയോളം രൂപയാണ് അതിരൂപതയ്ക്ക് നഷ്ടം സംഭവിച്ചിരിക്കുന്നത്. കാഞ്ഞിരപ്പള്ളി രൂപത മെത്രാന്‍ മാര്‍. മാത്യു അറക്കലുമായി ഫാരിസ് അബൂബക്കറിന് ബന്ധമുള്ളത് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. കാഞ്ഞിരപ്പള്ളി രൂപതയുടെ കീഴിലുള്ള പല വിദ്യാഭ്യാസ സ്ഥാപനങ്ങളുമായും ഫാരിസ് അബൂബക്കര്‍ ബന്ധം പുലര്‍ത്തിയത് മാര്‍. മാത്യു അറക്കല്‍ വഴിയാണ്. അമല്‍ജ്യോതി കോളേജില്‍ ഫാരിസ് അബൂബക്കറിന്റെ പേരിലുള്ള ശിലാഫലകം സ്ഥാപിക്കാന്‍ നിന്നതും പിന്നീട് വിവാദമായതിനെ തുടര്‍ന്ന് അത് ഉപേക്ഷിച്ചതും അന്ന് ചര്‍ച്ചയായതാണ്. ഇത്രയും വലിയ ഒരു ഭൂമിയിടപാട് സഭയില്‍ നടക്കണമെങ്കില്‍ അതിനു പിന്നില്‍ ഫാരിസ് അബൂബക്കറോ അതുപോലുള്ള മറ്റ് ഭൂമാഫിയകളോ ഇടപെട്ടിടുണ്ടാകണമെന്ന് സംശയിക്കുന്നു. ഒപ്പം, കേരളം ഭരിക്കുന്ന ഇടത് വലത് സര്‍ക്കാരുകളുമായും അയാള്‍ക്ക് അടുത്ത ബന്ധമുണ്ട്. ഇതെല്ലാമാണ് ഫാരിസ് അബൂബക്കറിനെതിരായ സംശയങ്ങള്‍ക്ക് വഴി തെളിച്ചത്. എങ്കിലും, അതേ കുറിച്ച് എവിടെയും പ്രതിപാദിച്ചിരുന്നില്ല. എന്നാല്‍, ഈ അടുത്ത ദിവസങ്ങളിലാണ് പി.സി. ജോര്‍ജ്ജ് എംഎല്‍എ അതിരൂപതയുടെ ഭൂമിയിടപാടിന് പിന്നില്‍ ഫാരിസ് അബൂബക്കറാണെന്ന് ആരോപിച്ചത്. ഇതേ തുടര്‍ന്നാണ് ഫാരിസ് അബൂബക്കറിന്റെ പേരും ഈ വിഷയത്തിലേക്ക് എത്തിയത്. ദീപികയെ വിറ്റ് കുളം തോണ്ടിയവര്‍ തന്നെയാണ് ഇതിനും പിന്നില്ലെന്ന് പിന്നീട് പലരും ആരോപിക്കാന്‍ തുടങ്ങി. ഇതോടെ, എന്റെ വാദങ്ങളും ശക്തിപ്പെടുകയാണ്. ഭൂമി മുറിച്ച് നല്‍കിയിരിക്കുന്നതില്‍ പോലും വലിയ ക്രമക്കേടുകള്‍ നടന്നിട്ടുണ്ട്. ഒരുപക്ഷേ, ഫാരിസ് അബൂബക്കറിലേക്ക് അന്വേഷണം നീണ്ടാല്‍ പല സത്യങ്ങളും പുറത്തുവരും. ദീപിക ദിനപത്രത്തിന്റെ അധീനതയിലുള്ള പാലാരിവട്ടത്തെ ബഹുനില കെട്ടിടം ഫാരിസും കൂട്ടരും ചേര്‍ന്നാണ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ചുളിവ് വിലയില്‍ സ്വന്തമാക്കിയിട്ടുള്ളതും. ഇതെല്ലാം, അയാളിലേക്ക് വിരല്‍ചൂണ്ടുന്ന വസ്തുതകളാണ്.”

കാഞ്ഞിരപ്പള്ളി ബിഷപ്പ് മാര്‍. മാത്യു അറക്കലിനെതിരായ ആരോപണങ്ങള്‍? 

ഫാരിസ് അബൂബക്കറെ സീറോ മലബാര്‍ സഭയിലേക്ക് കൊണ്ടുവന്നത് മാര്‍. മാത്യു അറക്കല്‍ തന്നെയാണ്. ദീപികയില്‍ വലിയ കോലാഹലങ്ങള്‍ ഉണ്ടായപ്പോള്‍ ദീപികയുടെ ചെയര്‍മാന്‍ സ്ഥാനത്തുണ്ടായിരുന്നത് അറക്കല്‍ പിതാവാണ്. അങ്ങനെയാണ് ഫാരിസ് അബൂബക്കറും പിതാവും തമ്മിലുള്ള ബന്ധം പുറംലോകം അറിയുന്നത്. സഭയുടെ ഇപ്പോഴത്തെ ഭൂമിയിടപാടില്‍ അബൂബക്കറിന് ബന്ധം ഉണ്ടെങ്കില്‍ അതിന് പിന്നില്‍ അറക്കല്‍ പിതാവിന്റെ കരങ്ങള്‍ക്കും പങ്കുണ്ടാകണം. അത്തരം സംശയങ്ങള്‍ മാര്‍. മാത്യു അറക്കലിലേക്ക് വിരല്‍ചൂണ്ടുന്ന സമയത്താണ് സഭാ സിനഡ് സഭയുടെ ഭൂമിയിടപാട് അന്വേഷിക്കാന്‍ മെത്രാന്‍ സമിതിക്ക്‌ രൂപം നല്‍കിയത്. അന്വേഷണത്തിന് മെത്രാന്‍ സമിതിയുണ്ടാക്കിയപ്പോള്‍ അറക്കല്‍ പിതാവായിരുന്നു അതിന്റെ തലപ്പത്ത് എത്തിയത്. കള്ളനു കഞ്ഞിവെച്ചവന്റെ കൈയ്യില്‍ താക്കോല്‍ ഏല്‍പ്പിക്കുക എന്ന് പറയുന്നതുപോലെയായി അവിടെ കാര്യങ്ങള്‍. സഭയുമായി ബന്ധപ്പെട്ട ഒരു അന്വേഷണ ചുമതലയും അറക്കല്‍ പിതാവില്‍ ഭരമേല്പിക്കാന്‍ പാടുള്ളതല്ല. ദീപിക കുംഭകോണത്തില്‍ വലിയ ഇടപെടല്‍ നടത്തിയ അദ്ദേഹത്തെ പോലൊരു വ്യക്തിയില്‍ അന്വേഷണ ചുമതല എത്തിയത് അങ്ങേയറ്റം അപലപനീയമാണ്. എന്നിട്ടും, അന്വേഷണ ചുമതല എത്തിയത് പിതാവിന്റെ കൈകളില്‍.

ഭൂമിയിടപാടിന് പിന്നില്‍ സാജു വര്‍ഗീസാണെന്നായിരുന്നല്ലോ പിന്നീട് പുറത്തുവന്ന വാര്‍ത്തകള്‍? 

“ഈ വിഷയത്തില്‍ സാജു വര്‍ഗീസ് വെറും ഇടനിലക്കാരനാണ്. അതിനുള്ള കാരണങ്ങളും പറയാം. 27 കോടി വിലയുള്ള ഭൂമി സാജു വര്‍ഗീസ് വഴി വില്‍പ്പന നടത്തിയപ്പോഴാണ് സഭയ്ക്ക് 13.5 കോടി മാത്രം നല്‍കിയത്. ഭൂമി ഇടപാടിന് ശേഷം സഭയ്ക്കു നല്‍കാന്‍ പണമില്ലെന്നാണ് സാജു വര്‍ഗീസ് പറയുന്നത്. എന്നാല്‍, ഇതേ കാലയളവിന്‍ തന്നെ സാജു വര്‍ഗീസ് കുമളിയില്‍ കോടികള്‍ ചെലവഴിച്ച് എസ്റ്റേറ്റ് വാങ്ങിയിട്ടുള്ളതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. സഭയ്ക്കു നല്‍കാന്‍ പണമില്ലെന്ന് പറഞ്ഞ വ്യക്തി അതേ കാലയളവില്‍ എങ്ങനെയാണ് കോടികള്‍ വിലമതിക്കുന്ന മറ്റൊരു ഭൂമി വാങ്ങുന്നത്? ഇവിടെയാണ് സാജു വര്‍ഗീസിനെ കുറിച്ചുള്ള രഹസ്യങ്ങള്‍ പുറത്തുവരേണ്ടത്. സാജു വര്‍ഗീസ് ആരുടെയോ ഇടനിലക്കാരനായി വര്‍ത്തിച്ചിരിക്കുകയാണ്. സഭയിലും അതിരൂപതയിലും സാജു വര്‍ഗീസിന് വലിയ പിടിപാടുണ്ട്. അതിന് മറ്റൊരു ഉദാഹരണം കൂടി പറയാം. ഒരിക്കല്‍ സഭയുമായി ബന്ധപ്പെട്ട മറ്റൊരു ഭൂമിയിടപാടിനെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ അതിരൂപതയുടെ കാര്യാലയത്തിലെത്തിയിരുന്നു. അതിരൂപതയുടെ ഫിനാന്‍സ് ചുമതലയുള്ള ഫാ. ജോഷി പുതുവയുടെ മുറിയില്‍ സാജു വര്‍ഗീസ് ഇരിക്കുന്നതാണ്. കര്‍ദ്ദിനാളിനെ കണ്ട് നേരിട്ട് ഇടപാട് നടത്താനാണ് ഞാന്‍ സ്ഥലത്തെത്തിയത്. കര്‍ദ്ദിനാളിനെ കാണണമെന്ന് പറഞ്ഞപ്പോള്‍ ഫാ. ജോഷി പുതുവയുടെ റൂമില്‍ ഇരിക്കുകയായിരുന്ന സാജു വര്‍ഗീസ് പറഞ്ഞത് കര്‍ദ്ദിനാളിനെ ഒന്നും കാണേണ്ട ആവശ്യമില്ല. താനാണ് ഇവിടെ കാര്യങ്ങള്‍ തീരുമാനിക്കുന്നത് എന്നതാണ്. ഇതോടെ ഭൂമിയിടപാട് നടത്താതെ തിരിച്ച് പോകേണ്ടി വന്നു. ഇതെല്ലാം സാജു വര്‍ഗീസിന്റെ തനിനിറമാണ് വെളിവാക്കിയത്. പിന്നീടും സാജു വര്‍ഗീസ് അതിരൂപതയുമായുള്ള ബന്ധം തുടര്‍ന്നു. അങ്ങനെയാണ് സാജു വര്‍ഗീസ് ഇവിടെ ഇടനിലക്കാരനായത്.”

ഭൂമിയിടപാട് വിവാദത്തില്‍ മാര്‍. ജോര്‍ജ്ജ് ആലഞ്ചേരിയും വിമര്‍ശിക്കപ്പെടുന്നുണ്ടല്ലോ?

“മാര്‍. ജോര്‍ജ്ജ് ആലഞ്ചേരി ഒരു ശുദ്ധനായ വൈദികനാണ്. ലാളിത്യമുള്ള പരമ സാത്വികനായ വൈദികന്‍. പക്ഷേ, ആരൊക്കെയോ ചേര്‍ന്ന് സഭയുടെ സ്വത്ത് കട്ടുമുടിച്ചപ്പോള്‍ പിതാവ് നിശബ്ദനായി നിന്നു. ഈ വിഷയത്തില്‍ ധാര്‍മ്മികമായ ഉത്തരവാദിത്വം പിതാവിനുണ്ട്. അദ്ദേഹത്തിന് മാത്രമേ വിശ്വാസികളുടെ നെഞ്ചിലെ തീയണക്കാന്‍ സാധിക്കൂ. ആരെയോ രക്ഷിക്കാന്‍ പിതാവ് നിശബ്ദനായി തുടരുകയാണ്. അവിടെയാണ് പ്രശ്‌നം. ഇത്തരത്തിലൊരു ഭൂമിയിടപാട് ആര് വഴിയാണ് നടന്നത്, ഇടനിലക്കാരായവരെ ആരൊക്കെയാണ് അതിരൂപതയുമായി ഒന്നിപ്പിച്ചത് തുടങ്ങിയ കാര്യങ്ങള്‍ പിതാവ് തുറന്ന് പറയണം. അതിരൂപതയുടെ സഹായമെത്രാനായ മാര്‍. സെബാസ്റ്റ്യന്‍ എടയന്ത്രത്തിനെതിരെ ഉയരുന്ന വിമര്‍ശനങ്ങളിലും വസ്തുതകളില്ല. അദ്ദേഹവും മാര്‍. ആലഞ്ചേരിയെ പോലെ സാത്വികനാണ്. ഇവിടെ, വില്ലന്‍മാരായി നില്‍ക്കുന്നത് സഭയുടെ സ്വത്ത് കട്ടുതിന്നുന്ന ചില ഭൂമാഫിയ അംഗങ്ങളാണ്. അത്തരക്കാര്‍ക്ക് ഒത്താശ ചെയ്ത് കൊടുക്കുന്ന ചില അധികാരികള്‍ സീറോ മലബാര്‍ സഭയ്ക്കുള്ളില്‍ ഉണ്ട്. അത്തരക്കാരെ രക്ഷിക്കാന്‍ വേണ്ടി ആലഞ്ചേരി പിതാവ് നിശബ്ദനായിരിക്കരുത്. പലരുടെയും നിശബ്ദത സഭയെ കൂടുതല്‍ തളര്‍ത്തും. അത് ഒഴിവാക്കാനാണ് ഈ വെളിപ്പെടുത്തലുകള്‍ നടത്തുന്നതും…”

 

-മാധ്യമപ്രവര്‍ത്തകനായ ഷാജി ജേക്കബ് സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച കുറിപ്പിന്റെ പൂര്‍ണ്ണരൂപം:

”ബഹുമാനപ്പെട്ട കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി പിതാവേ,അങ്ങയുടെ കീഴിലുള്ള സീറോ മലബാര്‍ സഭയിലെ ഒരു വിശ്വാസിയാണു ഞാന്‍. ധാരാളം അച്ചന്മരും കന്യാസ്ത്രീകളുമൊക്കെയുള്ള ഒരു കുടുംബത്തിലെ അംഗം. അതുകൊണ്ടു തന്നെ ചെറുപ്പം മുതലേ ഇവരെയൊക്കെ അടുത്തറിയാം. അച്ചന്മാരെയും കന്യാസ്ത്രീകളെയും ബഹുമാനിക്കാനാണ് എന്റെ മാതാപിതാക്കള്‍ എന്നെ പഠിപ്പിച്ചിട്ടുള്ളത്. പിന്നീട്, പഠനമൊക്കെ കഴിഞ്ഞപ്പോള്‍ ദീപികയില്‍ പത്രപ്രവര്‍ത്തകനായി 22 വര്‍ഷം പ്രവര്‍ത്തിച്ചു. അതോടെ അച്ചന്മാരുടെ മഹിമയും തനിനിറവും കൈയിലിരിപ്പുമെല്ലാം നേരിട്ട് അനുഭവിക്കാനും വളരെ അടുത്തു നിന്നു കണ്ടറിയാനും കഴിഞ്ഞു. കൂടെ കിടക്കുന്നവനല്ലേ രാപ്പനി അറിയൂ. ഇവരില്‍ ഏറെ ബഹുമാനം തോന്നിയവരും പുച്ഛം തോന്നിയവരും അവജ്ഞ തോന്നിയവരും കാര്‍ക്കിച്ചു തുപ്പാന്‍ തോന്നിയവരുമൊക്കെയുണ്ട്. അങ്ങനെ, ദീപികയില്‍ സീനിയര്‍ എഡിറ്ററായി പ്രവര്‍ത്തനം തുടരുമ്പോഴാണ് കാഞ്ഞിരപ്പള്ളി ബിഷപ്പ് മാര്‍ മാത്യു അറയ്ക്കല്‍, ഫാരിസ് അബുബക്കര്‍ എന്ന യുവ വ്യവസായിയുമായി ദീപികയിലെത്തിയത്. അത് ഒരു ഒന്ന് ഒന്നര വരവായിരുന്നു. പിന്നീട്, ദീപികയില്‍ നടന്നതിന്റെ വിശദാംശങ്ങളിലേക്കു ഞാന്‍ കടക്കുന്നില്ല. അതു മുഴുവന്‍ പറയണമെങ്കില്‍ ഒരു പുസ്തകം തന്നെ എഴുതേണ്ടി വരും. ചുരുക്കിപ്പറഞ്ഞാല്‍ ഫാരിസും പിതാവും ചേര്‍ന്ന് ദീപിക വിറ്റു തുലച്ച് കുളം തോണ്ടി. ഇതിനു വളരെ മുമ്പു തന്നെ ദീപികയില്‍ സംഭവിക്കാന്‍ പോകുന്ന അപകടത്തേക്കുറിച്ച് ഞങ്ങള്‍ അന്നത്തെ കര്‍ദിനാള്‍ മാര്‍ വിതയത്തില്‍ പിതാവ്, മാര്‍ പവ്വത്തില്‍ പിതാവ് തുടങ്ങി കാണാന്‍ പറ്റിയ ബിഷപ്പുമാരെയെല്ലാം കണ്ട് മുന്നറിയിപ്പു നല്‍കിയതാണ്. പക്ഷേ, എല്ലാവര്‍ക്കും അറയ്ക്കല്‍ പിതാവിനെ വിശ്വാസമായിരുന്നു. ഒടുവില്‍ കോടികള്‍ നല്‍കിയാണ് സഭ ദീപിക തിരികെ വാങ്ങിയത്. അതിനോടകം പാലാരിവട്ടത്തുള്ള ദീപികയുടെ കണ്ണായ ബഹുനില മന്ദിരം ഫാരിസും കൂട്ടരും നിസാര വിലയ്ക്കു കൈക്കലാക്കിയിരുന്നു.പിതാവേ, ദീപിക സംഭവം ആമുഖമായി പറഞ്ഞത് ഇതിനു സമാനമായ തട്ടിപ്പാണ് ഇപ്പോള്‍ അങ്ങ് തലവനായ സീറോ മലബാര്‍ സഭയിലെ എറണാകുളം അങ്കമാലി രൂപതയിലും അരങ്ങേറിയിരിക്കുന്നത് എന്നു വ്യക്തമാക്കാനാണ്. ദീപിക വിറ്റു കുളം തോണ്ടിയവര്‍ തന്നെയാണ് ഇതിനു പിന്നലെന്നും കേള്‍ക്കുന്നു. ഈ ഭൂമി തട്ടിപ്പിനു പിന്നില്‍ ഫാരിസ് അബുബക്കറാണെന്ന് സാക്ഷാല്‍ പി.സി.ജോര്‍ജ് എം.എല്‍.എ ആണ് കഴിഞ്ഞ ദിവസം മാതൃഭൂമി ന്യൂസ് ചാനലിലെ ചര്‍ച്ചയ്ക്കിടയില്‍ ആരോപിച്ചത്. പി.സി.ജോര്‍ജ് അങ്ങനെ ബെല്ലും ബ്രേക്കുമില്ലാതെ പലതും വിളിച്ചു പറയുമെന്ന് അങ്ങ് പറഞ്ഞേക്കാം. പക്ഷേ, അങ്ങേര് ഇടയ്‌ക്കൊക്കെ സത്യവും പറയാറുണ്ട്. അതിലൊരു സത്യമാണ് ഇത്. കാരണം, ചത്തത് കീചകനെങ്കില്‍ കൊന്നതു ഭീമന്‍ തന്നെ എന്ന് ആര്‍ക്കാണറിയാത്തത്. സാജു വര്‍ഗീസ് വെറുമൊരു ഇടനിലക്കാരന്‍ മാത്രം. അയാള്‍ മറ്റാര്‍ക്കോ വേണ്ടിയാണ് സഭയെ മൊത്തം പറ്റിച്ചതെന്നു വ്യക്തം. 27 കോടിയിലേറെ വിലയിട്ടിരുന്ന ഭൂമി സാജു വര്‍ഗീസ് വഴി വില്‍പ്പന നടത്തിയപ്പോള്‍ സഭയ്ക്ക് ആകെ ലഭിച്ചത് 13.5 കോടി രൂപയോളം മാത്രം. യഥാര്‍ത്ഥത്തില്‍ 27 കോടിയൊന്നുമല്ല, അതിന്റെ മൂന്നിരട്ടി വില ലഭിക്കേണ്ട ഭൂമിയാണിത്. ഇതിന്റെ വിശദാംശങ്ങളിലേക്കു ഞാന്‍ കടക്കുന്നില്ല. കാരണം, ഇതെല്ലാം ഇപ്പോള്‍ നവമാധ്യമങ്ങളിലൂടെ പാട്ടായിക്കഴിഞ്ഞിരിക്കുന്നു. ഭൂമി ഇടപാടിനു ശേഷം സഭയ്ക്കു നല്‍കാന്‍ പണമില്ലെന്നു പറഞ്ഞ സാജു ഇതേ കാലയളവില്‍ കുമളിയില്‍ കോടികള്‍ വിലമതിക്കുന്ന എസ്റ്റേറ്റ് വാങ്ങിയെന്ന റിപ്പോര്‍ട്ട് മാതൃഭൂമി ന്യൂസ് ചാനല്‍ പുറത്തു കൊണ്ടു വന്നിരുന്നു. ഇതേക്കുറിച്ചെല്ലാമുള്ള അന്വേഷണം നടക്കുന്നതിനിടയിലാണ് എറണാകുളത്ത് സഭയുടെ ഉടമസ്ഥതയിലുള്ള നൂറു കോടിയിലേറെ വിലമതിക്കുന്ന സ്ഥലങ്ങള്‍ വെറും എട്ടു കോടിക്ക് വിറ്റു തുലയ്ക്കാന്‍ ശ്രമം നടന്നതായുള്ള ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ അടങ്ങുന്ന രേഖകള്‍ പുറത്തു വന്നത്. രേഖകള്‍ കള്ളം പറയില്ലല്ലോ. ദൈവാനുഗ്രഹത്താല്‍ ഈ ഇടപാടു നടന്നില്ലെന്നു മാത്രം. ഇതിന്റെയും വിശദാംശങ്ങളിലേക്കു കടക്കുന്നില്ല.പിതാവേ, ഇതില്‍ നിന്നെല്ലാം ഒരു കാര്യം വ്യക്തമാണ്. ഇത് കേവലം ഒരു സാജു വര്‍ഗീസിനു മാത്രം പറ്റുന്ന ഇടപാടല്ല. ഇതിനു പിന്നില്‍ വന്‍ ഭൂ മാഫിയ ഉണ്ടെന്നതു പകല്‍ പോലെ വ്യക്തമാണ്. ഇവിടെയാണ് ഫാരിസിന്റെ പേരു വീണ്ടും വരുന്നത്. ഒരേ സമയം, കോണ്‍ഗ്രസ്, സി.പി.എം നേതാക്കളുമായി അടുത്ത ബന്ധമുള്ള വമ്പനാണ് ഫാരിസ്. ഫാരിസിന് ഓപ്പറേഷന്‍ നടത്താന്‍ പറ്റിയ സാഹചര്യമാണ് ഇപ്പോള്‍ ഇവിടെയുള്ളത്. ഫാരിസ് എന്നു പറയുമ്പോള്‍ കൂടെ അറയ്ക്കല്‍ പിതാവും കാണും. എന്നിട്ട്, സഭാ സിനഡ് എന്താണു ചെയ്തതെന്നു നോക്കുക. അന്വേഷണത്തിനു മെത്രാന്‍ സമിതിയുണ്ടാക്കി അറയ്ക്കല്‍ പിതാവിനെ അതിന്റെ തലവനാക്കി. ഇതിനാണു പിതാവേ, പറയുന്നത് കള്ളനു കഞ്ഞി വച്ചവനെ താക്കോല്‍ ഏല്‍പ്പിക്കുക എന്ന്. ഇനി അഥവാ ഫാരിസ് അല്ല, ഇതിനു പിന്നിലെങ്കില്‍ പോലും അറയ്ക്കല്‍ പിതാവിനെ ഒരു തട്ടിപ്പിന്റെയും അന്വേഷണ ചുമതല ഏല്‍പ്പിക്കാന്‍ പാടില്ലാത്താണ്. ദീപിക കുംഭകോണം തന്നെ കാരണം. അന്നു സഭ ഇവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിച്ചിരുന്നെങ്കില്‍ ഇന്ന് ഈ ഗതി വരുമായിരുന്നില്ല. ഇതിനാണു പറയുന്നത് അറിയാത്ത പിള്ള ചൊറിയുമ്പോള്‍ അറിയുമെന്ന്. ദൈവം കാരുണ്യവാനാണ്.പിതാവേ, ഇനി ഒരു കാര്യം കൂടി പറയാം. എന്റെ ഒരു അടുത്ത ബന്ധുവിന് കാക്കനാട്ടെ അങ്ങയുടെ അരമനയില്‍ വസ്തു ഇടപാടിനു വന്നപ്പോഴുണ്ടായ അനുഭവമാണ്. ഈ വ്യക്തി എഞ്ചിനിയറും എറണാകുളത്തെ അറിയപ്പെടുന്ന ബില്‍ഡറുമാണ്. സഭയുടെ ഭൂമി വാങ്ങാനായി ഇദ്ദേഹവും മറ്റു മൂന്നു സുഹൃത്തുക്കളും കൂടി കരാറാകുന്നു. ഈ സുഹൃത്തുക്കള്‍ അന്യ മതസ്ഥരും നമ്മുടെ സഭയേക്കുറിച്ച് ഏറെ മതിപ്പുള്ളവരുമാണ്. കര്‍ദിനാളിനെ നേരിട്ടു കണ്ട് ഇടപാടു നടത്താനാണ് ഇവര്‍ കാക്കനാട്ടെത്തിയത്. ഇവര്‍ വരുമ്പോള്‍ കാണുന്നത്, ഫാ. ജോഷി പുതുവായുടെ മേശയ്ക്കു മുകളില്‍ ബര്‍മുഡയുമൊക്കെ ഇട്ട് ഇരിക്കുന്ന സാജു വര്‍ഗീസിനെയാണ്. കര്‍ദിനാളിനെ ഒന്നും കാണേണ്ട കാര്യമില്ല, താനാണ് ഇവിടെ കാര്യങ്ങള്‍ നടത്തുന്നത് എന്നാണ് സാജു ഇവരോടു പറഞ്ഞത്. തങ്ങള്‍ക്ക് ഇടനിലക്കാരുടെ ആവശ്യമില്ല കര്‍ദിനാളിനെ നേരിട്ടു കാണണമെന്ന് ഇവരും പറഞ്ഞു. ചുരുക്കിപ്പറഞ്ഞാല്‍ ഈ ഡീല്‍ നടത്താതെ ഇവര്‍ക്കു മടങ്ങിപ്പോരേണ്ടി വന്നു. നിങ്ങളുടെ സഭയോട് ഞങ്ങള്‍ക്ക് ഏറെ മതിപ്പുണ്ടായിരുന്നു, അത് ഇതോടെ ഇല്ലാതായി എന്നാണ് പുറത്തിറങ്ങിയപ്പോള്‍ അന്യമതസ്ഥരായ സുഹൃത്തുക്കള്‍ എന്റെ ബന്ധുവിനോടു പറഞ്ഞത്. തൊലി ഉരിഞ്ഞു പോയെന്ന് അദ്ദേഹം പറയുന്നു.ഇതേ അവസ്ഥയിലാണ് പിതാവേ, എന്നേപ്പോലുള്ള ബഹുഭൂരിപക്ഷം വിശ്വാസികളും. തലയില്‍ തുണിയിട്ടാണ് ഞങ്ങള്‍ പുറത്തിറങ്ങി നടക്കുന്നത്.ദീപിക സംഭവത്തിനു ശേഷവും നമ്മുടെ സഭയേക്കുറിച്ച് ഏറെ അഭിമാനിച്ചിരുന്നവരാണ് ഞങ്ങള്‍. അമ്പലം വിഴുങ്ങികളേപ്പോലെ ക്രൈസ്തവര്‍ പള്ളി വിഴുങ്ങികളല്ല എന്ന് അഹങ്കരിച്ചിരുന്നു. ഞങ്ങളുടെ സ്വത്തുക്കള്‍ പിതാക്ക?ാരുടെയും പള്ളി വികാരിമാരുടെയും കൈകളില്‍ സുരക്ഷിതമാണെന്നു വിശ്വസിച്ചിരുന്നു. ഓര്‍ത്തഡോക്‌സ് വിഭാഗങ്ങളേപ്പോലെ നമ്മള്‍ തമ്മില്‍ തല്ലിയിരുന്നില്ല എന്നും അഭിമാനിച്ചിരുന്നു. ഈ വിശ്വാസമെല്ലാം ഒറ്റയടിക്കു തകര്‍ന്നില്ലേ പിതാവേ. ആരാണ് ഇതിനു കാരണക്കാര്‍ ? ആരാണ് ഇതിന്റെയെല്ലാം പിന്നില്‍ ? ഞങ്ങള്‍ക്ക് അറിഞ്ഞേ തീരൂ. ഇതിനുള്ള ഉത്തരം പിതാവേ, അങ്ങു നല്‍കിയേ പറ്റൂ.പിതാവേ, അങ്ങു സഭയുടെ രാജാവായിരിക്കാം. മാര്‍പ്പാപ്പയ്ക്കു മാത്രമേ അങ്ങയെ ശിക്ഷിക്കാനുള്ള അധികാരമുള്ളു. ഇവിടെ ഇന്ത്യയില്‍ ഇതുവരെ ഒരു ബിഷപ്പിനെയും മാര്‍പ്പാപ്പ ശിക്ഷിച്ച ചരിത്രമില്ല. അറയ്ക്കല്‍ പിതാവിനെതിരെ കാഞ്ഞിരപ്പള്ളി രൂപതയിലെ വൈദികര്‍ ഒരുകെട്ടു പരാതികള്‍ മാര്‍പ്പാപ്പയ്ക്കു സമര്‍പ്പിച്ചതാണ്. എന്നിട്ട്, ഒന്നും സംഭവിച്ചില്ല. അങ്ങയെ കാണാന്‍ ഒരു സംഘം വിശ്വാസികള്‍ വന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം ചാനലില്‍ കണ്ടു. ഭൂമി ഇടപാടിനേക്കുറിച്ചു ചോദ്യങ്ങളുന്നയിച്ച അവരോട് ഇതു കോടതിയൊന്നുമല്ല എന്നാണ് അങ്ങു മറുപടി പറഞ്ഞത്. ഇതു നെഗറ്റീവ് സമീപനമാണു പിതാവേ. ലൈംഗിക അതിക്രമം കാട്ടിയ പുരോഹിതര്‍ക്കു വേണ്ടി മാര്‍പ്പാപ്പ എത്രയോ തവണ ലോകത്തോടു മാപ്പു പറഞ്ഞു. ഇനിയെങ്കിലും അങ്ങ് എല്ലാം ഏറ്റു പറഞ്ഞേ പറ്റൂ. പിതാവിനു തെറ്റു പറ്റിയെങ്കില്‍ അത് ഏറ്റു പറഞ്ഞാല്‍ തീരുന്ന പ്രശ്‌നമേയുള്ളു. അതല്ലെങ്കില്‍, ഇതിനു പിന്നില്‍ കളിച്ചവരെ തുറന്നു കാട്ടണം. ഇനിയെങ്കിലും അങ്ങ് ഇതിനു മുതിര്‍ന്നില്ലെങ്കില്‍ ഇതു തീക്കളിയായി മാറും. ഇപ്പോള്‍ പൊലിസ് നടപടി ഹൈക്കോടതി സ്റ്റേ ചെയ്തിട്ടുണ്ട്. ഇനി പൊലിസ് അന്വേഷിച്ചാലും ഇവിടെ ഒരു ചുക്കും സംഭവിക്കില്ല. ഫാരിസ് അബുബക്കറുടെ വണ്ടി തടഞ്ഞു പരിശോധിച്ച പൊലിസ് ഓഫീസറെ രായ്ക്കു രാമാനം സ്ഥലം മാറ്റിയ പാര്‍ട്ടിയാണ് ഇവിടെ ഇപ്പോള്‍ ഭരിക്കുന്നത്.പിതാവേ, സങ്കടം കൊണ്ടു പറയുകയാ. പിതാവിന് മൂന്നു കാവി ളോഹകള്‍ മാത്രമേ ഉള്ളു, പിതാവ് ഒരു പൈസ പോലും എടുത്തിട്ടില്ല എന്നൊക്കെ വിളിച്ചു പറയുന്നവരുണ്ട്. പിതാവ് പണം എടുത്തിരുന്നെങ്കില്‍ ഞങ്ങളേപ്പോലുള്ള വിശ്വാസികള്‍ക്ക് ഇത്രയും വിഷമം ഉണ്ടാകുമായിരുന്നില്ല. ഇതു കണ്ടവരല്ലേ സഭയുടെ മുതല്‍ കട്ടു മുടിച്ചിരിക്കുന്നത്. അതാണു പ്രശ്‌നം. അതാണു വിശ്വാസികളുടെ നെഞ്ചിലെ തീ. ഈ തീ അണയ്‌ക്കേണ്ടത് അങ്ങാണ്.വൈദികനായിരിക്കുമ്പോള്‍ മുതല്‍ അങ്ങയെ എനിക്കു നന്നായി അറിയാം. എന്റെ അമ്മ വീട് ചങ്ങനാശേരിയിലാണ്. ഞാന്‍ പഠിച്ചത് എസ്.ബി. കോളജിലാണ്. അങ്ങ് പരമ സാത്വികനാണ്. ശുദ്ധനും ലാളിത്യമുള്ളവനുമാണ്. അതുകൊണ്ടാണല്ലോ അങ്ങു സഭയുടെ തലവനായത്. അപ്പോള്‍ ഇരിക്കുന്ന സ്ഥാനത്തിന്റെ ഉത്തരവാദിത്വം നിര്‍വഹിച്ചേ പറ്റൂ. ഇപ്പോള്‍ സഭയെ ചൂഴ്ന്നു നില്‍ക്കുന്ന ഈ വിവാദങ്ങള്‍ എത്രയും പെട്ടെന്ന് അവസാനിപ്പിച്ചേ പറ്റൂ. ഇതു നീളുന്തോറും സഭ നാറിക്കൊണ്ടിരിക്കയാണ്. ഈ പൊറാട്ടു നാടകവും വിഴുപ്പലക്കലും എത്രയും പെട്ടെന്നു നിര്‍ത്തുന്നോ അത്രയും നല്ലത്.പിന്നെ, അങ്ങയേപ്പോലെ തന്നെ എനിക്ക് എടയന്ത്രത്ത് പിതാവിനെയും ഫാ. പോള്‍ തേലക്കാട്ടിനെയും അടുത്ത് അറിയാം. ഇവരെയാണ് ചിലര്‍ ഇപ്പോള്‍ വില്ലന്മാരായി ചിത്രീകരിക്കുന്നത്. അങ്ങയേപ്പോലെ തന്നെ ഇവരും പരമ സാത്വികരാണ്. ഇവരൊന്നും ഇങ്ങനെ ചെയ്യുമെന്നു ഞാന്‍ വിശ്വസിക്കുന്നില്ല. മതി. എല്ലാം മതിയാക്കാം. അതല്ല, ഇതിങ്ങനെ തുടരാനാണ് തീരുമാനമെങ്കില്‍ ദുഃഖിക്കേണ്ടി വരും. കാര്യങ്ങള്‍ സി.ബി.ഐയിലേക്കു നീളും. മോദിയുടെ കക്ഷത്തില്‍ തല വച്ചു കൊടുക്കേണ്ടതുണ്ടോ? സഭയില്‍ നിന്ന് വിശ്വാസികളെ അകറ്റി ഇവിടം യൂറോപ്പാക്കി മാറ്റണമെന്നുണ്ടോ ? ആരു മാപ്പു തന്നാലും കാലം മാപ്പു തരില്ല പിതാവേ. എല്ലാം കാണുന്ന ദൈവം മുകളിലുണ്ടല്ലോ…”
– ഷാജി ജേക്കബ്‌ (പത്രപ്രവർത്തകൻ )

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top