പന്തില്‍ കൃത്രിമം; ഓസ്‌ട്രേലിയ-ദക്ഷിണാഫ്രിക്ക മൂന്നാം ടെസ്റ്റ് വിവാദത്തില്‍

പന്തില്‍ കൃത്രിമം കാണിച്ചതിന്റെ പേരില്‍ ഓസ്‌ട്രേലിയ-ദക്ഷിണഫ്രിക്ക മൂന്നാം ടെസ്റ്റ് വിവാദ ചുഴിയില്‍. കൃത്രിമം കാണിച്ച ഓസീസ് താരങ്ങള്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കാനും സാധ്യതകളുണ്ട്. ദക്ഷിണാഫ്രിക്ക മികച്ച നിലയില്‍ ബാറ്റ് ചെയ്തുകൊണ്ടിരിക്കുമ്പോള്‍ കളി കൈവിട്ട് പോകാതിരിക്കാനാണ് ഓസീസ് ടീം ക്രിക്കറ്റിന്റെ മാന്യതക്ക് നിരക്കാത്ത തരത്തില്‍ കൃത്രിമം കാണിച്ചത്. ഓസ്‌ട്രേലിയന്‍ താരം കാമറൂണ്‍ ബാന്‍ക്രോഫ്റ്റ് സാന്‍ഡ്‌പേപ്പര്‍ ഉപയോഗിച്ച് പന്ത് ചുരുണ്ടുന്നതും പന്തിന്റെ സ്വാഭാവികത നഷ്ടപ്പെടുത്തുന്നതുമായ ദൃശ്യങ്ങള്‍ പുറത്തുവന്നതിന്റെ പിന്നാലെയാണ് വിവാദം ഉടലെടുത്തത്. സംഭവത്തില്‍ അംപയര്‍മാര്‍ ഇടപെട്ടതോടെ ഓസീസ് നായകന്‍ സ്റ്റീവ് സ്മിത്ത് കുറ്റസമ്മതം നടത്തി ഖേദം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍, ഈ സംഭവം ഓസീസ് ക്രിക്കറ്റ് ടീമിന് വലിയ നാണക്കേട് വരുത്തിവെച്ചിരിക്കുകയാണ്. നായകന്‍ സ്റ്റീവ് സ്മിത്തിനെതിരെ ഓസീസ് സര്‍ക്കാര്‍ തിരിഞ്ഞിട്ടുണ്ട്. സ്മിത്തിന്റെ നായകസ്ഥാനവും ചോദ്യം ചെയ്യപ്പെട്ടേക്കും. പന്തില്‍ കൃത്രിമം കാണിക്കാന്‍ കൂട്ടുനിന്ന ഓസീസ് താരങ്ങള്‍ക്കെതിരെയും നടപടി സ്വീകരിച്ചേക്കും. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here