നടിയെ ആക്രമിച്ച കേസ്; ദിലീപിന് ദൃശ്യങ്ങള്‍ കൈമാറുന്നത് ഉചിതമല്ലെന്ന് പ്രോസിക്യൂഷന്‍

സ്വതന്ത്രമായ വിചാരണ, ഇരയുടെ സ്വകാര്യതയെന്ന അവകാശത്തിന് വിധേയമാണെന്ന് ഹൈക്കോടതി. നടിയെ തട്ടിക്കൊണ്ടുപോയ ദൃശ്യങ്ങൾ പകർത്തിയ കേസിൽ ഇരയുടെ ദൃശ്യങ്ങളുടെ പകർപ്പ് ആവശ്യപ്പെട്ട് നടൻ ദിലീപ് സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ വാക്കാലുള്ള പരാമർശം. കേസിൽ ബുധനാഴ്ചയും വാദം തുടരും. ഇരയുടെ ദൃശ്യങ്ങൾ നൽകാനാവില്ലന്ന് പ്രോസിക്യൂഷൻ കോടതിയിൽ വ്യക്തമാക്കി.
ദൃശ്യങ്ങൾ വേണമെന്ന ആവശ്യം തന്നെ ഇരയുടെ സ്വകാര്യതയിലുള്ള കടന്നു കയറ്റമാണ്. കേസ് അസാധാരണ സ്വഭാവമുള്ളതാണെന്നും അതുകൊണ്ട് തന്നെ ദൃശ്യങ്ങളുടെ പകർപ്പ് കൈമാറാനാവില്ലന്നും ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ ബോധിപ്പിച്ചു. ദൃശ്യങ്ങളുടെ ഫോറൻസിക് ലാബ് റിപ്പോർട്ടിന്റെ രേഖകൾ പ്രോസിക്യൂഷൻ വാദത്തിടെ കോടതിക്ക് കൈമാറി. ആരോപിക്കപ്പെടുന്ന കുറ്റത്തിലെ തെളിവുകൾ ലഭിക്കാൻ പ്രതിക്ക് അവകാശമുണ്ടന്ന് ദിലീപിന്റെ അഭിഭാഷകൻ വാദിച്ചു. പ്രതിക്ക് തെളിവുകൾ കൈമാറാതെ നിഷ്പക്ഷമായ വിചാരണ എങ്ങനെ നടക്കുമെന്നും പ്രതിഭാഗം അഭിഭാഷകൻ ചോദിച്ചു. ദൃശ്യങ്ങൾ വേണമെന്ന ആവശ്യം വിചാരണക്കോടതി നിരസിച്ചതിനെ തുടർന്നാണ് ദിലീപ് ഹൈക്കോടതിയെ സമീപിച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here