ഏപ്രിൽ ഒന്ന് മുതൽ ഇ-വേ ബിൽ നിർബന്ധം

ചരക്ക് സേവന നികുതി പ്രകാരമുള്ള ഇ വേബിൽ സംവിധാനം ഏപ്രിൽ ഒന്നു മുതൽ നടപ്പാക്കും. ഇതു സംബന്ധിച്ചുള്ള കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന്റെ വിജ്ഞാപനം പുറത്തിറങ്ങി.
ഇവേ ബിൽ വരുന്നതോടെ 10 കിലോമീറ്ററിന് പുറത്തുള്ള എല്ലാ ചരക്ക് കടത്തും ഇതിന്റെ പരിധിയിലാവും.ഇതോടെ നികുതി ചോർച്ച ഒരു പരിധിവരെ തടയാനാവുമെന്നും കേന്ദ്രത്തിന്റെയും സംസ്ഥാനത്തിന്റെയും നികുതി വരുമാനത്തിലുണ്ടായ കുറവുമൂലം ഇപ്പോഴുള്ള സാമ്പത്തിക പ്രതിസന്ധിക്ക് ആശ്വാസമാവുമെന്നുമാണ് വിലയിരുത്തൽ. ചരക്ക് സേവന നികുതി നിയമ പ്രകാരം ഇവേ ബിൽ ഇല്ലാതെ എത്തുന്ന വാഹനങ്ങൾക്കെതിരെ കർശന നടപടിയാണുണ്ടാകുക. വാഹനവും ചരക്കും പിടിച്ചെടുക്കാനും നികുതിയും അത്രതന്നെ തുക പിഴയും ഈടാക്കാനും നിയമത്തിൽ വകുപ്പുകളുണ്ട്. നികുതി വകുപ്പിന്റെ വാഹന പരിശോധനാ സംഘങ്ങളായിരിക്കും വാഹനങ്ങളിലെ ഇ വേ ബിൽ പരിശോധിക്കുക.
ചെക്‌പോസ്റ്റുകൾ ഇല്ലാതായതോടെ നിലവിൽ രാജ്യത്തിനകത്ത് ചരക്ക് നീക്കം കൃത്യമായി നിരീക്ഷിക്കാൻ സംവിധാനങ്ങളില്ല.അതുകൊണ്ടുതന്നെ ജി.എസ്.ടി അടയ്കാതെയുള്ള കടത്ത് കൂടുതലുമാണ്. ചരക്കു സേവന നികുതി പ്രകാരം ലക്ഷ്യമിട്ടിരുന്ന വരുമാനം ലഭിക്കാത്തത് ഈ നികുതി ചോർച്ച മൂലമാണെന്ന് വിലയിരുത്തിയ സാഹചര്യത്തിലാണ് ഇവേ ബിൽ സംവിധാനം നടപ്പിലാക്കുന്നത്.
വിവിധ സംസ്ഥാനങ്ങളെ നാല് ഗ്രൂപ്പുകളായി തിരിച്ചാണ് ഇവേ ബിൽ നടപ്പാക്കുന്നത്. കേരളം ആദ്യ ഗ്രൂപ്പിലായതിനാൽ അടുത്തമാസം ഒന്നു മുതൽ തന്നെ ഇവേബിൽ നടപ്പിലാക്കിത്തുടങ്ങും. അടുത്തമാസം മുതൽ 50,000 രൂപയ്ക്ക് മുകളിൽ മൂല്യമുള്ള സാധനങ്ങൾ മറ്റൊരു സംസ്ഥാനത്തേക്കു കൊണ്ടുപോകണമെങ്കിൽ ഇവേ ബിൽ ആവശ്യമാണ്. ഇന്റർനെറ്റ് വഴിയും ജി.എസ്.ടി വകുപ്പിന്റെ മൊബൈൽ ആപ്പിലൂടെയും ഇ–വേ ബിൽ തയാറാക്കാം. രണ്ട് മാസം കൊണ്ട് എല്ലാ സംസ്ഥാനങ്ങളിലും ഇവേ ബിൽ സംവിധാനം പ്രാബല്യത്തിൽ വരും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here