ജസ്റ്റിസ് ബി.എച്ച് ലോയയുടെ പോസ്റ്റുമോർട്ടത്തിൽ കൃത്രിമം നടന്നതായി വെളിപ്പെടുത്തൽ

കൊല്ലപ്പെട്ട സുപ്രീം കോടതി ജഡ്ജി ബിഎച്ച് ലോയയുടെ പോസ്റ്റുമാർട്ടത്തിൽ കൃത്രിമം നടന്നതായി വെളിപ്പെടുത്തൽ. മഹാരാഷ്ട്രയിലെ ബി.ജെ.പി നേതാവും മന്ത്രിയുമായ സുധീർ മഗന്ധിവാറിന്റെ നിർദേശ പ്രകാരം ഭാര്യാ സഹോദരനായ ഡോക്ടർ മകരന്ദ് വ്യവഹാരെയുടെ നേതൃത്വത്തിലാണ് പോസ്റ്റ്‌മോർട്ടം നടത്തിയതെന്നാണ് റിപ്പോർട്ട്. ഔദ്യോഗിക റെക്കോർഡുകളിൽ ഡോക്ടർ എൻ.കെ തുംറാമായിരുന്നു പോസ്റ്റ്‌മോർട്ടം നടത്തിയതെങ്കിൽ ഡോ. മകരന്ദ് വ്യവഹാരെയുടെ നേതൃത്തിലായിരുന്നു പോസ്റ്റ്‌മോർട്ടം നടന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു.
വ്യാജ ഏറ്റുമുട്ടൽ കേസിന്റെ വിചാരണയ്ക്കിടെയാണ് 2014 ഡിസംബർ ഒന്നിന് കേസ് കൈകാര്യംചെയ്തിരുന്ന ലോയ നാഗ്പുരിൽ മരിക്കുന്നത്. ഹൃദയാഘാതമായിരുന്നു കാരണമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പറയുന്നു. സഹപ്രവർത്തകന്റെ മകളുടെ വിവാഹത്തിൽ പങ്കെടുക്കാൻ പോയതായിരുന്നു ലോയ. മരണവിവരം ഭാര്യയെയോ ബന്ധുക്കളെയോ അറിയിക്കാതെ തിടുക്കത്തിൽ പോസ്റ്റ്‌മോർട്ടം നടത്തിയതിൽ ദുരൂഹതയുണ്ടെന്ന് സഹോദരിയും ലോയയുടെ പിതാവും പറയുന്നു. ലോയയുടെ മൃതദേഹത്തിൽ കണ്ട മുറിപ്പാടുകളും ചോരപ്പാടുകളും സംശയം വർധിപ്പിക്കുന്നുവെന്നും അവർ വ്യക്തമാക്കി. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലെ വൈരുധ്യങ്ങളും കുടുംബാംഗങ്ങൾ ചൂണ്ടിക്കാണിച്ചിരുന്നു. മൃതദേഹം വീണ്ടും പോസ്റ്റ്‌മോർട്ടം നടത്തണമെന്ന് സഹോദരി ആവശ്യപ്പെട്ടെങ്കിലും നടന്നില്ല. ലോയയ്ക്ക് പണവും സമ്പത്തും വാഗ്ദാനം ലഭിച്ചിരുന്നുവെന്ന് ലോയയുടെ പിതാവ് ഹർകിഷനും വെളിപ്പെടുത്തിയിരുന്നു.
സൊഹ്‌റാബുദ്ദീൻ ശൈഖിനെയും ഭാര്യ കൗസർബിയെയും ഗുജറാത്ത് പോലീസിന്റെ തീവ്രവാദവിരുദ്ധവിഭാഗം 2005 നവംബറിൽ കസ്റ്റഡിയിൽ എടുക്കുകയും ലഷ്‌കറെ തൊയ്ബ ഭീകരരെന്നാരോപിച്ച് വ്യാജ ഏറ്റുമുട്ടലിൽ കൊല്ലുകയായിരുന്നുവെന്നാണ് കേസ്. അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദിയെ കൊല്ലാൻ ഇവർ പദ്ധതിയൊരുക്കിയെന്ന് ആരോപിച്ചായിരുന്നു ഇത്. ശൈഖ് കൊല്ലപ്പെടുമ്പോൾ അമിത് ഷായായിരുന്നു ഗുജറാത്ത് ആഭ്യന്തരമന്ത്രി. ലോയ കൊല്ലപ്പെടുമ്പോൾ അമിത് ഷാ ബി.ജെ.പി. ദേശീയ അധ്യക്ഷനും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here