അജിത്ത് മറഞ്ഞത് സ്വപ്നങ്ങളെ കയ്യെത്തിപ്പിടിക്കാനാകാതെ

പതിറ്റാണ്ടുകളോളം മലയാള സിനിമയുടെ ഭാഗമായിരുന്നിട്ടും ആരാലും ശ്രദ്ധിക്കപ്പെടാതെ ഏറെ നാൾ സിനിമയിൽ നിന്നും മാറിനിൽക്കേണ്ടി വന്ന കൊല്ലം അജിത്ത് എന്ന നടന്റെ മരണവാർത്ത ഏറെ നടുക്കത്തോടെയാണ് കേരളം കേട്ടറിഞ്ഞത്. ഒരു നഷ്ടസ്വപ്‌നം ബാക്കിവെച്ചാണ് കൊല്ലം അജിത്ത് യാത്രയായത്.
അനാവശ്യവെട്ടി തിരുത്തലുകളുടേയും ഇടപെടലുകളുടേയും പേരിൽ ഏറെ പഴികേട്ടിട്ടുണ്ട് സെൻസർബോർഡ്. എന്നാൽ സെൻസർബോർഡിന്റെ പക്ഷാപാതത്തിന്റെ കത്രിക പതിറ്റാണ്ടുകളോളം സിനിമയിൽ നിന്ന നടനും സംവിധായകനുമായ കൊല്ലം അജിത്തിന്റെ സ്വപ്‌നമാണ് വെട്ടിനശിപ്പിച്ചത്.
രാജ്യസ്‌നേഹത്തിന്റെ കഥ പറയുന്ന സിനിമ സെൻസർബോർഡ് കണ്ടപ്പോൾ അത് ദേശവിരുദ്ധ സിനിമയായി മാറി. പകൽ പോലെ എന്ന അദ്ദേഹത്തിന്റെ സ്വപ്‌ന സിനിമയ്ക്ക് അങ്ങനെ സെൻസർബോർഡ് അനുമതി നിഷേധിക്കപ്പെട്ടു.
എന്നാൽ സെൻസർബോർഡിന്റെ ഈ മനുഷ്യത്വരഹിത നടപടിയിൽ മനംനൊന്ത അജിത്ത് തന്റെ സിനിമ കാസർകോട് മുതൽ കന്യാകുമാരി വരെ പൊതു സ്ഥലങ്ങളിൽ ജനങ്ങളെ സൗജന്യമായി കാണിച്ചു. പ്രദേശത്തെ സാംസ്‌കാരിക-സിനിമാ കൂട്ടായ്മകളുമായി ചേർന്നായിരുന്നു ഇത്. സെൻസർബോർഡ് നടപടിക്കെതിരെ അദ്ദേഹം നയിച്ച ഈ ഒറ്റയാൾ പോരാട്ടത്തിന് വൻവരവേൽപ്പായിരുന്നു ലഭിച്ചത്.
കോളിങ് ബെൽ, ഒരു കടലിനും അപ്പുറം എന്നിവയായിരുന്നു അദ്ദേഹം സംവിധാനം ചെയ്ത മറ്റു ചിത്രങ്ങൾ. നന്മയുടെ സന്ദേശം മുന്നോട്ടുവെക്കുന്ന അദ്ദേഹത്തിന്റെ ചിത്രങ്ങൾ എന്നാൽ താരമൂല്യമോ വൻ സെറ്റുകളോ ഒന്നുമില്ലാത്ത കൊച്ചു സിനിമകളായിരുന്നു. അതുകൊണ്ട് തന്നെ തിയറ്റർ ഉടമകൾ അ്‌ദ്ദേഹത്തിന്റെ സിനിമ സ്വീകരിക്കാൻ മടിച്ചു. അതുകൊണ്ട് തന്നെ സിനിമകളൊന്നും വിജയം കൈവരിച്ചില്ല.
1981 മുതൽ പത്മരാജന്റെ സഹസംവിധായകനായി സിനിമാലോകത്ത് തുടക്കം കുറിച്ച അദ്ദേഹം ഒരു ഹിറ്റ് സിനിമയുടെ സംവിധായകനാകുക എന്ന സ്വപ്‌നം ബാക്കിവെച്ചാണ് യാത്രയായത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here