സോണിയ ഗാന്ധിയായി സൂസന്‍ ബെര്‍നര്‍ട്ട് ; ‘ആക്‌സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍’ ഒരുങ്ങുന്നു

ഇന്ത്യയുടെ മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗിന്റെ ജീവിതം സിനിമയാകുന്നു. അനുപം ഖേര്‍ ഡോ. മന്‍മോഹന്‍ സിംഗ് ആയി ചിത്രത്തില്‍ വേഷമിടുന്നു. മന്‍മോഹന്‍ സിംഗിനെ പോലെ വേഷമിട്ടുള്ള അനുപം ഖേറിന്റെ ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രം കോണ്‍ഗ്രസിന്റെ മുന്‍ അധ്യക്ഷ സോണിയ ഗാന്ധിയുടേതാണ്. ജര്‍മന്‍ നടി സൂസന്‍ ബെര്‍നര്‍ട്ടാണ് സോണിയ ഗാന്ധിയായി വേഷമിടുന്നത്. സോണിയ ഗാന്ധിയുടേതിന് സമാനമായ വേഷം ധരിച്ചുള്ള സൂസന്‍ ബെര്‍നര്‍ട്ടിന്റെ ചിത്രവും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരിക്കുകയാണ്. പ്രധാനമന്ത്രി എന്ന ടിവി സീരിയലില്‍ സൂസന്‍ തന്നെയാണ് സോണിയ ഗാന്ധിയായി വേഷമിട്ടത്. നിരവധി ഇന്ത്യന്‍ സിനിമകളിലും ഈ താരം അഭിനയിച്ചിട്ടുണ്ട്.
പ്രധാനമന്ത്രിയായിരുന്ന കാലത്ത് ഡോ. മന്‍മോഹന്‍ സിംഗിന്റെ മാധ്യമ ഉപദേഷ്ടാവായിരുന്ന സഞ്ജയ് ബാരുവിന്റെ പുസ്തകത്തെ ആസ്പദമാക്കിയാണ് സിനിമ ഒരുങ്ങുന്നത്. ദ ആക്‌സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍ : ദ മേക്കിംഗ് ആന്‍ഡ് അണ്‍മേക്കിംഗ് ഓഫ് മന്‍മോഹന്‍ സിംഗ് എന്ന പുസ്തകത്തെ ആസ്പദമാക്കിയാണ് സിനിമ. വിജയ് രത്‌നാകര്‍ ആണ് സിനിമയുടെ സംവിധായകന്‍.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here