ലഷ്‌കർ ഭീകരർ 24 കാരനെ തലയറുത്ത് കൊന്നു

ഉത്തര കശ്മീരിലെ ബന്ദിപ്പൂര ജില്ലയിൽ ഇരുപത്തിനാലുകാരനെ ലഷ്‌കർ ഭീകരർ തലയറുത്ത് കൊന്നു.
മൻസൂർ അഹമ്മദ് ഭട്ട് എന്ന യുവാവിനെയാണ് ഭീകരർ വധിച്ചത്. വെള്ളിയാഴ്ച രാവിലെ തലയറുക്കപ്പെട്ട നിലയിൽ ഇയാളുടെ മൃതദേഹം പൊലീസ് ഹജിൻ മേഖലയിൽ കണ്ടെത്തി. ബുധനാഴ്ച രാത്രിയിൽ മൻസൂർ അഹമ്മദിനെ ഭീകരർ വീട്ടിൽ നിന്ന് തട്ടിക്കൊണ്ടു പോകുകയായിരുന്നു. ഇയാളുടെ പിതാവ് അബ്ദുൾ ഖാഫർ ഭട്ടിനെയും തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ചെങ്കിലും പരിക്കുകളോടെ ഇയാൾ രക്ഷപ്പെട്ടു. വെടിയേറ്റ അബ്ദുൾ ഖാഫർ ചികിത്സയിലാണ്.
തട്ടിക്കൊണ്ടു പോകപ്പെട്ട മൻസൂർ അഹമ്മദിനെ തലയറുത്ത നിലയിലാണ് കണ്ടെത്തിയതെന്ന് കശ്മീർ പൊലീസ് അറിയിച്ചു. ലഷ്‌കർ ഭീകരനായ മുഹമ്മദ് സലീം പരേയാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു. ഹജിൻ മേഖലയിൽ കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന രണ്ടാമത്തെ സംഭവമാണിത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here