കരുണ, കണ്ണൂര്‍ മെഡിക്കല്‍ കോളേജ് പ്രവേശനം; ബില്‍ ഗവര്‍ണര്‍ക്ക് കൈമാറി

കരുണ, കണ്ണൂര്‍ മെഡിക്കല്‍ കോളേജ് പ്രവേശനവുമായി ബന്ധപ്പെട്ട് നിയമസഭ പാസാക്കിയ മെഡിക്കല്‍ ബില്‍ സര്‍ക്കാര്‍ ഗവര്‍ണര്‍ക്ക് അയച്ചു. ബില്‍ കഴിഞ്ഞ ദിവസം തന്നെ സര്‍ക്കാര്‍ ഗവര്‍ണര്‍ക്ക് അയച്ചു എന്ന തരത്തില്‍ നേരത്തേ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍, ഇന്ന് രാവിലെയാണ് ബില്‍ സര്‍ക്കാര്‍ ഗവര്‍ണര്‍ക്ക് അയച്ചിട്ടുള്ളൂ എന്ന് സ്ഥിരീകരിച്ച റിപ്പോര്‍ട്ടുകള്‍ ലഭിച്ചു. ഇന്നലെ രാത്രി തന്നെ ബില്‍ ഗവര്‍ണര്‍ക്ക് അയച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നെങ്കിലും ബില്‍ സെക്രട്ടറിയേറ്റിലെ നിയമവകുപ്പില്‍ തന്നെയായിരുന്നു. ഇന്ന് നിയമ സെക്രട്ടറി നേരിട്ട് എത്തിയാണ് ബില്‍ ഗവര്‍ണര്‍ക്ക് കൈമാറിയത്. ഇതോടെയാണ് ബില്‍ ഗവര്‍ണറുടെ കൈവശമാണെന്ന് സ്ഥിരീകരണമായത്. ബില്ലില്‍ ഗവര്‍ണര്‍ സ്വീകരിക്കുന്ന നിലപാട് ഏറെ നിര്‍ണായകമാണ്.
നിയമസഭ പസാക്കിയ ബില്‍ ആയതിനാല്‍ അത് ഗവര്‍ണര്‍ക്ക് അയക്കാതെ മറ്റ് വഴികളൊന്നും സര്‍ക്കാരിന് മുന്നിലില്ല. ബില്‍ തടഞ്ഞുവെക്കാന്‍ സര്‍ക്കാരിന് അവകാശമില്ല. ബില്‍ അംഗീകരിക്കുകയോ തിരിച്ചയക്കുകയോ അതുമല്ലെങ്കില്‍ സര്‍ക്കാരിനോട് ബില്ലിനെ കുറിച്ച് വിശദീകരണം തേടുകയോ ഗവര്‍ണര്‍ക്ക് ചെയ്യാവുന്നതാണ്. പ്രതിപക്ഷത്തിന്റെ അനുമതിയോടെ സര്‍ക്കാര്‍ നിയമസഭയില്‍ പാസാക്കിയ ബില്‍ സുപ്രീം കോടതി നേരത്തേ തള്ളിയിട്ടുള്ളതാണ്.
ബില്ലില്‍ ഒപ്പിടരുതെന്ന ആവശ്യവുമായി ബിജെപി നേതാക്കള്‍ ഇന്ന് ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here