കാശ്മീരിലെ പെണ്‍കുട്ടിയ്ക്ക് വേണ്ടി ഹാജരാകരുതെന്ന് ബാർ അസോസിയേഷനിൽ നിന്ന് ഭീഷണി; വെളിപ്പെടുത്തലുമായി അഭിഭാഷക

ജമ്മു കാശ്മീരിലെ കത്‌വയിൽ എട്ട് വയസുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊന്ന കേസിൽ ഹാജരാകരുതെന്ന് ബാർ അസോസിയേഷനിൽ നിന്നും ഭീഷണിയെന്ന് വനിതാ അഭിഭാഷകയുടെ പരാതി. ദീപിക എസ് രജാവത്താണ് വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുന്നത്.
സഹപ്രവർത്തകരിൽ നിന്നും തനിക്ക് ഇത്തരത്തിൽ ഭീഷണിയുണ്ടായതായി അഭിഭാഷക തുറന്നു പറഞ്ഞു. സംഭവത്തിൽ പെൺകുട്ടിയുടെ പിതാവിനു വേണ്ടി ജമ്മു കോടതിയിൽ ഹാജരാകാൻ ഇരിക്കുകയായിരുന്നു ദീപിക. ഇതിന് മുമ്പാണ് കശ്മീർ ഹൈക്കോടതിയിൽ വച്ച് ബാർ അസോസിയേഷൻ പ്രസിഡന്റ് ബിഎസ് സലാത്തിയ തന്നെ പരസ്യമായി ഭീഷണിപ്പെടുത്തിയതെന്ന് ദീപിക പറയുന്നു.
കൊലപാതകവുമായി ബന്ധപ്പെട്ട വാർത്തകൾ കണ്ടാണ് കേസെറ്റെടുക്കാൻ താൻ തീരുമാനിച്ചതെന്ന് അഭിഭാഷക പറയുന്നു. എന്നാൽ ഇതോടെ ബാർ റൂമുകളിൽ നിന്ന് തനിക്ക് വെള്ളം പോലും നൽകരുതെന്ന് സഹപ്രവർത്തകർ പറഞ്ഞതായി ഇവർ പരാതിപ്പെട്ടു. എന്തിന് വേണ്ടിയാണ് പ്രതികളെ സംരക്ഷിക്കാൻ അഭിഭാഷകർ ശ്രമിക്കുന്നതെന്നും ദീപിക ചോദിക്കുന്നു.
സംസ്ഥാനത്ത് ബിജെപി മന്ത്രിമാരായ ലാൽ ചന്ദ്, ചന്ദ്രൻ പ്രകാശ് ഗംഗ, എന്നിവർ പ്രതികളെ രക്ഷിക്കാൻ സഹായം നൽകുന്നതായും നേരത്തെ തന്നെ ആരോപണമുയർന്നിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here