Advertisement

സിപിഐ നിര്‍ണായക ശക്തി; സിപിഎം സംഘടനാ റിപ്പോര്‍ട്ട് പുറത്ത്

April 17, 2018
1 minute Read

സിപിഐ ഇല്ലാതെ ഇടത് ഐക്യമില്ലെന്ന് വ്യക്തമാക്കി സിപിഎം സംഘടനാ റിപ്പോര്‍ട്ട്. സിപിഎം 22-ാം പാര്‍ട്ടി കോണ്‍ഗ്രസിന് നാളെ ഹൈദരാബാദിലാണ് ആരംഭം. ഇടത് അടിത്തറയില്‍ വിള്ളല്‍ സംഭവിച്ചിട്ടുണ്ടെന്ന് സിപിഎം പാര്‍ട്ടി റിപ്പോര്‍ട്ടില്‍ പറയുന്നു. സിപിഎം-സിപിഐ ഭിന്നത ഇടത് കൂട്ടായ്മയെ ബാധിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമായി പറയുന്നു.

എന്നാല്‍, കോണ്‍ഗ്രസുമായി ഐക്യം വേണമെന്ന സിപിഐ നിലപാടിനെ സിപിഎം തള്ളിയിരിക്കുകയാണ്. പാര്‍ട്ടി ശക്തിപ്പെടാന്‍ കുറുക്കു വഴികളില്ലെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.

ഇടതു ജനാധിപത്യമുന്നണിയുടെ മർമ്മസ്ഥാനത്ത് സിപിഐയും വേണം. കേരളത്തിൽ ആർഎസ്പിയും ഫോർവേഡ് ബ്ളോക്കും പോയത് ഇടത് ഐക്യത്തെ ബാധിച്ചു. ബംഗാൾ ഘടകം കേന്ദ്രീകൃത ജനാധിപത്യ വിരുദ്ധമായി പെരുമാറിയെന്നും റിപ്പോര്‍ട്ട്.

പാര്‍ട്ടി നേതാക്കള്‍ക്കും റിപ്പോര്‍ട്ടില്‍ വിമര്‍ശനമുണ്ട്. കേന്ദ്ര നേതാക്കള്‍ അച്ചടക്കം ലംഘിക്കുന്നതായാണ് വിമര്‍ശനം. നേതാക്കളുടെ നിയന്ത്രണമില്ലാത്ത സംസാരം പാര്‍ട്ടിയുടെ പ്രതിഛായയെ ബാധിക്കുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

കോണ്‍ഗ്രസ് ബന്ധത്തില്‍ വ്യത്യസ്തമായ നിലപാടുമായാണ് പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി 22-ാം പാര്‍ട്ടി കോണ്‍ഗ്രസിലെത്തുക. കോണ്‍ഗ്രസ് ബന്ധത്തെ കുറിച്ച് സിപിഎം രാഷ്ട്രീയ പ്രമേയത്തില്‍ ഭിന്നതയുണ്ട്. കോണ്‍ഗ്രസ് ബന്ധം വേണമെന്ന നിലപാടില്‍ യെച്ചൂരി ഉറച്ചുനില്‍ക്കുമെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍, സിപിഎം കേരള ഘടകം കോണ്‍ഗ്രസ് ബന്ധത്തിന് എതിരാണ്. കോണ്‍ഗ്രസ് ബന്ധത്തെ പിന്തുണച്ചാണ് ബംഗാള്‍ ഘടകം നില്‍ക്കുന്നത്. ഇതോടെ നാളെ ആരംഭിക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസ് കൂടുതല്‍ ചൂടുപിടിക്കും.

ത്രിപുരയിലെ പരാജയവും ബംഗാളിലെ പാര്‍ട്ടിയുടെ തളര്‍ച്ചയും പാര്‍ട്ടി കോണ്‍ഗ്രസില്‍ ചര്‍ച്ചയായേക്കും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top