ഓർമയിൽ കോൺഗ്രസ് ഇടത് ഐക്യം ആവശ്യപ്പെട്ട ഷേണായ്

പി പി ജെയിംസ്
ടിവിആർ ഷേണായിയുമായി ബന്ധപ്പെട്ട് ഒരിക്കലും മറക്കാനാവാതെ നിൽക്കുന്നത് ഡൽഹിയിൽ തിരുവനന്തപുരം പ്രസ് ക്ലബ് സംഘടിപ്പിച്ച സെമിനാറിൽ അദ്ദേഹം നടത്തിയ പ്രസംഗമാണ്. കാലികമായ ഒരു രാഷ്ട്രീയ പ്രസക്തി ഇപ്പോഴും ഉണ്ടെന്നതിനാൽ കൂടിയാണ് ആ പ്രസംഗം ഇപ്പോഴും ഞാൻ ഓർക്കുന്നത്. പ്രവർത്തനത്തിൽ ഏറിയകാലവും തെരഞ്ഞെടുത്തത് ഡൽഹിയായിരുന്നുവെങ്കിലും ടിവിആർ ഷേണായിയുടെ ഹൃദയം കേരളത്തിൽ ആയിരുന്നു എന്ന് നിസംശയം ഉറപ്പിക്കാൻ കൂടി ഇത് കാരണമായി. കേന്ദ്ര സർക്കാരിന്റെ പ്രത്യേക ക്ഷണപ്രകാരം തിരുവനന്തപുരത്തു നിന്നുള്ള മാധ്യമപ്രവർത്തകരുടെ സംഘത്തിന്റെ ഡൽഹി സന്ദർശന വേളയിലാണ് സെമിനാർ സംഘടിപ്പിച്ചത്. തിരുവനന്തപുരം പ്രസ് ക്ലബ് ആയിരുന്നു സംഘാടകർ. ഞാനായിരുന്നു തിരുവനന്തപുരം പ്രസ് ക്ലബ് പ്രസിഡന്റ്. ഡൽഹിയിലെ മലയാളി പത്രക്കാരുടെ കെ യു ഡബ്ള്യൂ ജെ ഘടകത്തിന്റെ കൂടി സഹകരണത്തോടെ സംഘടിപ്പിക്കപ്പെട്ട ‘ദി റോൾ ഓഫ് മീഡിയ ഇൻ ഇന്ത്യൻ പൊളിറ്റിക്സ്’ എന്ന വിഷയത്തിൽ നടന്ന ആ സെമിനാറിൽ എ കെ ആന്റണി , സീതാറാം യെച്ചൂരി എന്നിവർ പങ്കെടുക്കുന്നു. ടിവിആർ ഷേണായി ആയിരുന്നു മുഖ്യ പ്രഭാഷകൻ. യെച്ചൂരി സി പി എം ജനറൽ സെക്രട്ടറി ആയി ചുമതലയേൽക്കുന്ന അതെ ദിവസം കൂടിയായിരുന്നു അത്. സി പി എമ്മിനും യെച്ചൂരിക്കും ഏറെ പ്രധാന ദിവസം. യെച്ചൂരി വരാൻ സാധ്യതയില്ല എന്ന് ഒരു സാധാരണ ‘കേരളാ അനുഭവ’ത്തിൽ ഞാൻ മനസ്സിൽ കണക്കു കൂട്ടി. പക്ഷെ , യെച്ചൂരി വന്നു. ഏ കെ ആന്റണി പങ്കെടുക്കുന്ന വേദി വിട്ടുകളയാൻ തോന്നിയില്ല അതാണ് വന്നതെന്ന് യെച്ചൂരി പ്രസംഗത്തിൽ സൂചിപ്പിക്കുകയും ചെയ്തു. ടിവിആർ പ്രസംഗിക്കാൻ ആരംഭിച്ചു. ആന്റണിയും യെച്ചൂരിയും അതീവ ശ്രദ്ധയോടെ കേൾക്കാൻ മുന്നോട്ട് ആഞ്ഞിരുന്നു.
”കേരളവും ബംഗാളും വികസിക്കണമെങ്കിൽ രാഷ്ട്രീയം മറന്ന് നിങ്ങൾ ഒന്നിക്കണം. ഇത് ആദ്യമായി പറഞ്ഞത് ഞാനല്ല ; ഇ എം എസ് നമ്പൂതിരിപ്പാടാണ്. മാധ്യമ പ്രവർത്തകൻ എന്ന നിലയിൽ ഞാനും ഈ കൂടിയിരിക്കുന്നവരും നിങ്ങളെ പിന്തുണയ്ക്കുമെന്നും ഉറപ്പാണ്. കേരളം വളരണം എന്നത് മാത്രമാണ് ആവശ്യം.”
സി പി എംന്റെ നേതൃത്വം ഏറ്റെടുത്ത് മിനിട്ടുകൾക്കകം യെച്ചൂരിക്ക് ആദ്യം ലഭിച്ച ഉപദേശം കോൺഗ്രസ് – ഇടത് ഐക്യം എന്നതായിരുന്നു. നൽകിയത് ടിവിആർ ഷേണായി. സി പി എമ്മിന്റെ പാർട്ടി കോൺഗ്രസ് ആരംഭിക്കുമ്പോഴും ചർച്ച അത് തന്നെ; കോൺഗ്രസ് – ഇടത് ഐക്യം! അത് മുന്നോട്ടു വയ്ക്കുന്നത് യെച്ചൂരിയും. യാദൃശ്ചികമാകാം ഷേണായിയുടെ അന്ത്യം പാർട്ടി കോൺഗ്രസ് ആരംഭിക്കുന്ന അതെ ദിവസമായത്.
ഒരേ മേഖലയിൽ പ്രവർത്തിക്കുന്നവർ എന്നതിനുമപ്പുറം ഒരു ഹൃദയബന്ധം ടിവിആർ ഷേണായിയുമായി കാത്തു സൂക്ഷിക്കാൻ കഴിഞ്ഞു എന്നത് എന്റെ ഭാഗ്യമാണ്. ഒപ്പം ചിലവഴിക്കാൻ കഴിഞ്ഞ മണിക്കൂറുകളിലൊക്കെ കൈമാറിക്കിട്ടിയ അനുഭവസമ്പത്തുക്കളുടെ നേർ വിവരണം കേട്ടിരിക്കുക എന്ന ഭാഗ്യം വേറെ. തലസ്ഥാനത്തെത്തുന്ന ദിവസങ്ങളിൽ സെക്രട്ടേറിയറ്റിനും പ്രസ് ക്ലബ്ബിനും സമീപമായുള്ള ഒരു ഹോട്ടലിലാണ് ടി വി ആർ ഷേണായിയുടെ താമസം . തലസ്ഥാനത്ത് തങ്ങുന്ന പ്രഭാതങ്ങളിൽ ഏറിയ പങ്കും പ്രാതൽ ഞങ്ങളൊന്നിച്ചാവും. ഡൽഹി രാഷ്ട്രീയത്തിൽ നമ്മൾ വായിച്ചറിയാത്ത അണിയറ നാടകങ്ങൾ കേൾക്കാം മനസിലാക്കാം എന്ന ലാഭക്കണ്ണ് തന്നെയാണ് ആ പ്രഭാതങ്ങളിൽ എനിക്ക് ഭക്ഷണത്തേക്കാൾ രുചികരം. ടി വി ആറിനും എന്റെ ആ കൗതുകം നന്നായറിയാം. പ്രസിദ്ധീകരിക്കണ്ടതില്ല എന്ന മുഖവുരയോടെ പറയുന്ന അനുഭവങ്ങളാവും അവയിൽ ഏറെ വലിയ വാർത്തയും വിശേഷവും.
രാഷ്ട്രീയത്തിൽ ഏറെ ശോഭിക്കേണ്ടിയിരുന്ന വ്യക്തിത്വമാണ് ടി വി ആർ ഷേണായ്. സജീവ രാഷ്ട്രീയത്തിൽ പ്രവേശിക്കാതെ മാധ്യമ പ്രവർത്തകനായി തന്നെ തുടരാനായിരുന്നു അദ്ദേഹത്തിന്റെ തീരുമാനം. ബി.ജെ.പി. രാഷ്ട്രീയത്തിൽ ഇടയ്ക്ക് ചേർന്ന് നിന്നത് എൽ.കെ. അദ്ധ്വാനിയുമായുള്ള അടുത്ത ബന്ധം കൊണ്ടാണ്. മുൻ പ്രധാനമന്ത്രി വാജ് പേയിയുമായും ടി വി ആറിന് അടുത്ത ബന്ധം ഉണ്ടായിരുന്നു.
ബി.ജെ.പി. ബന്ധം ഉള്ളപ്പോൾ തന്നെ കോൺഗ്രസുകാരുമായി ചെറുതല്ലാത്ത പ്രൊഫഷണൽ ബന്ധം സൂക്ഷിച്ചിരുന്നു. പത്മഭൂഷൺ ലഭിച്ച ടിവിആറിന് തിരുവനന്തപുരത്ത് ഒരു സ്വീകരണം നൽകി. ഞാൻ അന്ന് പ്രസ് ക്ലബ്ബ് ഭാരവാഹി ആയിരുന്നു. അന്ന് മുഖ്യാതിഥി ആയിരുന്ന ഏ.കെ.ആന്റണി നടത്തിയ പ്രസംഗം ഇന്നും ഞാൻ ഓർക്കുന്നു. എറണാകുളം മഹാരാജാസിൽ എല്ലാവരെയും ആകർഷിക്കുന്ന വ്യക്തിത്വത്തിനുടമയായിരുന്നു ഷേണായ് എന്ന് ആന്റണി അന്ന് ആ പ്രസംഗത്തിലൂടെ ഓർത്തു. ഒരു പക്ഷേ അന്നത്തെ ആ സമ്മതിയിലും വ്യക്തിത്വ പരിവേഷത്തിലും ഷേണായ് രാഷ്ട്രീയത്തിൽ സജീവമായിരുന്നെങ്കിൽ തങ്ങളെല്ലാം രണ്ടാം നിരയിലേക്ക് തളളിപ്പോയേനെ എന്ന് ആന്റണി പറഞ്ഞത് ഭംഗിവാക്കായിരുന്നില്ല. ബി.ജെ.പി.യിൽ സജീവമായി തുടർന്നിരുന്നെങ്കിൽ ഒരു കേന്ദ്ര മന്ത്രിയെങ്കിലും ആകേണ്ടിയിരുന്ന ആൾ തന്നെയാണ് ടി വി ആർ.
തലസ്ഥാനത്ത് ദേശീയ ഗെയിംസ് നടക്കുന്ന ഘട്ടത്തിലാണ് അവസാനം കാണുന്നത്. ദേശീയ ഗെയിംസ് മീഡിയ സെന്റർ ഉത്ഘാടനം നിർവഹിക്കാൻ ഉമ്മൻ ചാണ്ടിയ്‌ക്കൊപ്പം ഉണ്ടായിരുന്നു. എപ്പോഴും ചിരിക്കുന്ന കരുത്തായിരുന്നു അദ്ദേഹം. ഒരു ഫോൺവിളി ദൂരത്തിൽ ഗുരുതുല്യനായി ഉണ്ടായിരുന്നു ഇതുവരെ. ആ മുഖത്ത് നിന്നും ലഭിച്ച ; മനസിൽ നിന്നും മായാത്ത പാഠങ്ങൾ നിരവധിയുണ്ട്. അത് ബോധത്തിൽ ഉള്ളടത്തോളം ടി വി ആർ ഷേണായ് എന്ന അറിവിന്റെ അപരനാമവും മായില്ല.
അന്തരിച്ച ടിവി ആർ ഷേണായ്ക്ക് ആദരാഞ്ജലികൾ!
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here