സോഷ്യല്‍ മീഡിയ ഹര്‍ത്താല്‍; മുഖ്യസൂത്രധാരനടക്കം അഞ്ചു പേര്‍ കസ്റ്റഡിയില്‍

കത്‌വയില്‍ എട്ടു വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ചതില്‍ പ്രതിഷേധിച്ച് സോഷ്യല്‍ മീഡിയയിലൂടെ സംസ്ഥാനത്ത് ഹര്‍ത്താലിന് ആഹ്വാനം നല്‍കുകയും ഹര്‍ത്താല്‍ ദിവസം കലാപത്തിന് ആഹ്വാനം ചെയ്ത് സംസ്ഥാനത്ത് അരക്ഷിതാവസ്ഥ സൃഷ്ടിക്കുകയും ചെയ്ത കേസില്‍ മുഖ്യസൂത്രധാരനടക്കം അഞ്ചു പേര്‍ പോലീസ് കസ്റ്റഡിയില്‍. കൊല്ലം, കിളിമാനൂര്‍ സ്വദേശികളാണ് പിടിയിലായവര്‍.
‘വോയിസ് ഓഫ് യൂത്ത്’ എന്ന പേരിലുള്ള വാട്സാപ്പ് ഗ്രൂപ്പ് വഴി പ്രാദേശികമായ ഗ്രൂപ്പുകളുണ്ടാക്കാന്‍ മുഖ്യ സൂത്രധാരന്മാരായി പ്രവര്‍ത്തിച്ചു എന്നാണ് പൊലീസ് പറയുന്നത്. മുന്‍ ആര്‍എസ്എസ് പ്രവര്‍ത്തകരാണ് പിടിയിലായവര്‍. എന്നാല്‍ ഇവര്‍ക്ക് നിലവില്‍ ഇവര്‍ക്ക് ആര്‍എസ്എസുമായി ബന്ധമില്ലെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ഇവര്‍ക്ക് വര്‍ഗീയ കലാപം ഉണ്ടാക്കാന്‍ പദ്ധതികളുണ്ടായിരുന്നോ എന്നത് സംബന്ധിച്ച് ചോദ്യം ചെയ്യല്‍ തുടരുകയാണ്.
പ്രദേശിക തലത്തില്‍ നൂറു കണക്കിന് സബ് ഗ്രൂപ്പുകളാണ് ഇവരുടെ നേതൃത്തില്‍ ജില്ലകളില്‍ ഉണ്ടാക്കിയിട്ടുള്ളത്. മഞ്ചേരി പോലീസ് സ്‌റ്റേഷനിലാണ് ഇവര്‍ ഇപ്പോള്‍ ഉള്ളത്. മലപ്പുറം എസ്.പി.ദേബേഷ് കുമാര്‍ ബെഹ്റയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ കണ്ടെത്തിയത്. തിരുവനന്തപുരത്തു നിന്നാണ് ഇവരെ പിടികൂടിയത്. പ്രതികളുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തിയേക്കും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here