ഹൈദരാബാദിലും യെച്ചൂരി ഒന്നാമന്‍

ഉന്മേഷ് ശിവരാമന്‍
അടിയന്തരാവസ്ഥയ്ക്കും സീതാറാം യെച്ചൂരിയുടെ പാര്‍ട്ടി അംഗത്വത്തിനും ഒരേ പ്രായമാണ്. ‘ ഇന്ദിരയെന്നാല്‍ ഇന്ത്യ’ എന്ന മുദ്രാവാക്യത്തെ ചോദ്യം ചെയ്ത വിദ്യാര്‍ത്ഥികളുടെ കൂട്ടത്തില്‍ യെച്ചൂരിയുമുണ്ടായിരുന്നു. ദില്ലി ജെഎന്‍യുവിലെ ഗവേഷണം പൂര്‍ത്തിയാക്കാന്‍ കഴിയാതെ പോയതും അടിയന്തരാവസ്ഥയ്ക്ക് എതിരെ ശബ്ദിച്ചതു കൊണ്ടാണ്. ഹൈന്ദവ ഫാസിസം രാജ്യത്ത് പിടിമുറുക്കുമ്പോഴാണ് സിപിഐഎം ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് യെച്ചൂരി രണ്ടാംവട്ടവും എത്തുന്നത്.
ഒന്നാമന്‍ ; പഠിത്തത്തിലും രാഷ്ട്രീയത്തിലും
രാഷ്ട്രീയ പ്രവര്‍ത്തകരുടെ വിദ്യാഭ്യാസ യോഗ്യതയെ കുറിച്ച് ചര്‍ച്ചകള്‍ നടക്കുന്ന കാലമാണിത്. ‘ ഒരു പണിയുമില്ലാത്തതിനാല്‍ രാഷ്ട്രീയത്തില്‍ ഇറങ്ങിയതാ ഇവരൊക്കെ’ എന്ന് പരിഹസിക്കുന്നവര്‍ യെച്ചൂരിയുടെ സ്‌കൂള്‍, കോളെജ് വിദ്യാഭ്യാസകാലത്തെ കുറിച്ച് അറിയണം. സിബിഎസ്ഇ പരീക്ഷയില്‍ അഖിലേന്ത്യാ തലത്തില്‍ ഒന്നാം റാങ്കോടെയാണ് യെച്ചൂരി സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കുന്നത്. ദില്ലി സെന്റ് സ്റ്റീഫന്‍സ് കോളെജില്‍ നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ ഒന്നാം ക്ലാസ് ബിരുദം. ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദം നേടിയതും ഒന്നാംക്ലാസോടെ തന്നെ. ഗവേഷണം പൂര്‍ത്തിയാക്കാതെ യെച്ചൂരി മുഴുവന്‍ സമയ രാഷ്ട്രീയപ്രവര്‍ത്തകന്‍ ആയി.
1974-ലാണ് യെച്ചൂരി എസ്എഫ്‌ഐയില്‍ അംഗമാകുന്നത്. 1975-ല്‍ സിപിഐഎം അംഗവുമായി. 1977-ല്‍ ആദ്യമായി ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്റെ പ്രസിഡന്റായി. എസ്എഫ്‌ഐയുടെ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറിയാകുന്നത് 1978-ല്‍. പിന്നീട് എസ്എഫ്‌ഐയുടെ ദേശീയ പ്രസിഡന്റ് പദവിയില്‍ 1986 വരെ . 1985-ലാണ് യെച്ചൂരി സിപിഐഎം കേന്ദ്രകമ്മിറ്റി അംഗമാകുന്നത്. 1992-ല്‍ പോളിറ്റ്ബ്യൂറോയില്‍. 2015-ലെ വിശാഖപട്ടണം പാര്‍ട്ടി കോണ്‍ഗ്രസില്‍ വച്ച് സിപിഐഎം ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.
സൈദ്ധാന്തികനും ജനകീയനും
സിപിഐഎമ്മിലെ ‘ ജെഎന്‍യു പ്രോഡക്റ്റുകളെ ‘ കുറിച്ചുള്ള വിമര്‍ശനം, അവര്‍ സൈദ്ധാന്തിക കമ്യൂണിസത്തിന്റെ മാത്രം വക്താക്കളാണ് എന്നാണ്. പ്രകാശ് കാരാട്ടിന്റെ കാലത്താണ് അത്തരം വിമര്‍ശനം ശക്തിപ്പെട്ടതും. എന്നാല്‍, യെച്ചൂരി ഒരിക്കലും പിളര്‍പ്പാനന്തര സൈദ്ധാന്തിക കമ്യൂണിസത്തിന്റെ മാത്രം ശബ്ദമായിരുന്നില്ല. ജനകീയനായ കമ്യൂണിസ്റ്റായിരുന്നു. ജനങ്ങളുമായി നിരന്തരം ഇടപഴകിയാണ് യെച്ചൂരി തന്റെ ആശയപോരാട്ടങ്ങള്‍ക്ക് ചൂടുംചൂരും കണ്ടെത്തിയത്. തെളിഞ്ഞ ചിന്തയ്ക്കുവേണ്ടി നന്നായൊന്നു പുകവലിക്കും ചിലപ്പോള്‍ യെച്ചൂരി. മാധ്യമ പ്രവര്‍ത്തകരോടുള്ള ഇടപെടലിന്റെ കാര്യത്തിലും യെച്ചൂരി ‘ പതിവു കമ്യൂണിസ്റ്റു പരുഷത ‘ പാലിച്ചിരുന്നില്ല.
പാര്‍ലമെന്റിലെ യെച്ചൂരി
2005-ലാണ് സീതാറാം യെച്ചൂരി പശ്ചിമബംഗാളില്‍ നിന്ന് ആദ്യമായി രാജ്യസഭാംഗമാകുന്നത്. നിരവധി വിഷയങ്ങള്‍ യെച്ചൂരി പാര്‍ലമെന്റില്‍ ഉയര്‍ത്തിക്കാട്ടി. ഇന്തോ-യുഎസ് ആണവകരാറിന്റെ കാലത്തെ യെച്ചൂരിയുടെ രാജ്യസഭാ പ്രസംഗങ്ങള്‍ ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു. 2015-ല്‍ പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനകാലത്ത് യെച്ചൂരി നടത്തിയ പ്രസംഗവും ശ്രദ്ധിക്കപ്പെട്ടു. മോദി സര്‍ക്കാരിന് എതിരായ വിമര്‍ശനങ്ങളില്‍ , രാജ്യസഭയില്‍ ഉയര്‍ന്ന ഉറച്ച ശബ്ദങ്ങളില്‍ ഒന്നായിരുന്നു യെച്ചൂരിയുടേത്.
വെല്ലുവിളികള്‍ നിറഞ്ഞ കാലം
തുടര്‍ച്ചയായ രണ്ടാംതവണയും സിപിഐഎം ജനറല്‍ സെക്രട്ടറി പദവിയില്‍ എത്തുമ്പോള്‍ പൂര്‍ത്തിയാക്കാന്‍ ചുമതലകള്‍ ഏറെയുണ്ട് യെച്ചൂരിക്ക് . സിപിഐഎമ്മിനെ ശക്തിപ്പെടുത്തുക, ഇടതുപക്ഷ ഐക്യം ദൃഢമാക്കുക, മതനിരപേക്ഷ കക്ഷികളെ ഒന്നിച്ചുചേര്‍ത്ത് ഹിന്ദുത്വ അജണ്ടകളെ ചെറുത്തു തോല്‍പ്പിക്കുക എന്നിങ്ങനെ നീളുന്നു ഉത്തരവാദിത്തങ്ങള്‍. കോണ്‍ഗ്രസ് ബന്ധത്തിന്റെ കാര്യത്തില്‍ പാര്‍ട്ടി കോണ്‍ഗ്രസ് വ്യക്തത വരുത്തി എന്നു പറയുമ്പോഴും , വരുംകാല തിരഞ്ഞെടുപ്പുകളില്‍ സ്വീകരിക്കേണ്ട സമീപനം സിപിഐഎമ്മില്‍ ഇനിയും ഒട്ടേറെ ചര്‍ച്ചകള്‍ ബാക്കിവയ്ക്കുന്നുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here