നെയ്തലക്കാവിലമ്മ തെക്കേഗോപുര നട തുറന്നു; നാളെ തൃശൂര്‍ പൂരം

പൂരത്തിന് ദേവകളേയും അതിഥികളേയും സ്വാഗതം ചെയ്യാന്‍ നെയ്തലക്കാവിലമ്മ ആനയും വാദ്യമേളങ്ങളുമായി എത്തി വടക്കുന്നാഥന്റെ തെക്കേഗോപുരനട തുറന്നു. നെയ്തലക്കാവിലമ്മയുടെ എഴുന്നള്ളിപ്പോടെ തൃശൂര്‍ പൂരത്തിന്റെ ആചാരങ്ങള്‍ക്ക് ആരംഭം. നാളെയാണ് ചരിത്ര പ്രസിദ്ധമായ തൃശൂര്‍ പൂരം.
നാളെ വെയില്‍ എത്തും മുന്‍പ് കണിമംഗലം ശാസ്താവ് വടക്കുംനാഥനെ തൊഴുത് മടങ്ങുന്നതോടെ തേക്കില്‍കാട് മൈതാനം പൂരലഹരിയില്‍ മുഖരിതമാകും. പിന്നാലെ, ചെറുപൂരങ്ങള്‍ ഓരോന്നായി വടക്കുംനാഥന്റെ സന്നിധിയിലെത്തും. തിരുവമ്പാടി ഭഗവതിയും പാറമേക്കാവിലമ്മയും വടക്കുംനാഥന്റെ സന്നിധിയില്‍ എത്തുന്നതോടെ പൂരം കൊട്ടി കയറും. തിരുവമ്പാടിയുടെ മഠത്തില്‍ വരവ് മേളവും പാറമേക്കാവിന്റെ ഇലഞ്ഞിത്തറ മേളവും പൂരപ്രേമികളെ ആവേശത്തിലാഴ്ത്തും. ഇരു ഭഗവതിമാരും തമ്മിലുള്ള കൂടിക്കഴ്ചയും തെക്കോട്ടിറക്കവും വര്‍ണം വിതറുന്ന കുടമാറ്റവും നാളെ വൈകീട്ട് നടക്കും. മേള പെരുമയില്‍ ആറാടി പതിനായിരങ്ങള്‍ തേക്കിന്‍കാട് മൈതാനിയിലേക്ക് ഒഴുകിയെത്തും.
പിറ്റേന്ന് പുലർച്ചയ്ക്ക് വിശ്വപ്രസിദ്ധമായ തൃശൂർ പൂരം വെടിക്കെട്ടും രാവിലെ ചെറുപൂരവും കഴിഞ്ഞ് ഉപചാരം ചൊല്ലിപിരിയും വരെ നഗരത്തിൽ പൂരം നിറഞ്ഞുപെയ്യും.
വടക്കുംനാഥ ക്ഷേത്രത്തിന്റെ തെക്കേഗോപുര നട തുറന്ന് നെയ്തലക്കാവിലമ്മയുടെ എഴുന്നള്ളത്ത് (ചിത്രം)
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here