Advertisement

സിപിഐയെ ആരു നയിക്കും? ചര്‍ച്ചകള്‍ സജീവം

April 26, 2018
1 minute Read
sudhakar reddy

ഇരുപത്തിമൂന്നാം പാര്‍ട്ടി കോണ്‍ഗ്രസിന് തുടക്കമായതോടെ പുതിയ ജനറല്‍ സെക്രട്ടറിയെക്കുറിച്ചുള്ള ചര്‍ച്ചകളും സിപിഐയില്‍ സജീവമായി. നിലവിലെ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഢി കൊല്ലത്ത് സ്ഥാനം ഒഴിയുമെന്നാണ് സൂചന . അനാരോഗ്യം കാരണം പദവി ഒഴിയാനുള്ള താത്പര്യം സുധാകര്‍ റെഡ്ഢി നേരത്തേ അറിയിച്ചിരുന്നു. കിസാന്‍സഭാ നേതാവ് അതുല്‍കുമാര്‍ അഞ്ജാന്‍, രാജ്യസഭാംഗം ഡി രാജ എന്നിവരുടെ പേരിനാണ് മുന്‍തൂക്കം. ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി സ്ഥാനത്തു നിന്ന് ഗുരുദാസ് ദാസ് ഗുപ്തയും ഒഴിഞ്ഞേക്കും. ദില്ലി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ദേശീയ എക്‌സിക്യൂട്ടീവ് അംഗമായ ബിനോയ് വിശ്വത്തെ കൂടുതല്‍ ഉത്തരവാദിത്തം ഏല്‍പ്പിക്കാനും സാധ്യതയുണ്ട്

കേരളം വിടാന്‍ കാനമില്ല

കാനം രാജേന്ദ്രന്‍ ജനറല്‍ സെക്രട്ടറിയാകണമെന്ന് ദേശീയ നേതൃത്വത്തില്‍ ഒരു വിഭാഗം ആഗ്രഹിക്കുന്നുണ്ട്. നിലവില്‍ കേരളത്തിലാണ് സിപിഐയ്ക്ക് ശക്തമായ സംഘടനാ സംവിധാനമുള്ളത്. പാര്‍ട്ടി അംഗങ്ങളുടെ എണ്ണത്തിലും കേരളമാണ് മുന്നില്‍. ഈ സാഹചര്യത്തില്‍ കാനം ജനറല്‍ സെക്രട്ടറി സ്ഥാനം ഏറ്റെടുക്കണമെന്നാണ് ഒരു വിഭാഗം വാദിക്കുന്നത്. എന്നാല്‍, കേരളത്തില്‍ തുടരാനാണ് കാനത്തിന് താത്പര്യം. നിലവില്‍ കേരളത്തില്‍ സിപിഐഎമ്മിന് എതിരായ വിമര്‍ശനങ്ങളിലൂടെ കാനം ശ്രദ്ധേയനാണ്. ദേശീയ ഭാരവാഹിത്വത്തിലേക്ക് ഉയര്‍ന്നാല്‍ ഇപ്പോഴത്തെ ‘ വാര്‍ത്താപ്രാമുഖ്യം ‘ കിട്ടില്ലെന്ന് വാദിക്കുന്നവര്‍ കാനം പക്ഷത്തുണ്ട്. അതോടെ സംസ്ഥാന നേതൃത്വത്തിലെ സ്വാധീനം നഷ്ടമാകുമെന്നും ഇസ്മയില്‍ പക്ഷം പിടിമുറുക്കുമെന്നും അവര്‍ കരുതുന്നു. ഇതാകാം കാനത്തിന്റെ താത്പര്യമില്ലായ്മയ്ക്ക് കാരണമെന്നാണ് വിലയിരുത്തല്‍

ഇസ്മയിലിനെ തെറിപ്പിക്കുമോ ?


സംസ്ഥാന സമ്മേളനത്തില്‍ കെ ഇ ഇസ്മയിലിന് എതിരായ നീക്കം കാനം പക്ഷം ശക്തിപ്പെടുത്തിയിരുന്നു. ഇസ്മയിലിന് എതിരായ പരാതികള്‍ പരാമര്‍ശിക്കുന്ന കണ്‍ട്രോള്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് കീഴ് വഴക്കങ്ങള്‍ ലംഘിച്ച് സമ്മേളനത്തില്‍ വിതരണം ചെയ്തത് ഇതിന്റെ ഭാഗമായിട്ടാണ്. നിലവില്‍ ദേശീയ ഏക്‌സിക്യൂട്ടീവ് അംഗമാണ് ഇസ്മയില്‍. 20 ശതമാനം പുതുമുഖങ്ങള്‍ എന്ന നിബന്ധന പാലിക്കാന്‍ ഇസ്മയിലിനെ ഒഴിവാക്കുമോ എന്നാണ് അറിയേണ്ടത്.

കേരളത്തില്‍ നിന്നുള്ള ദേശീയ കൗണ്‍സില്‍ അംഗങ്ങളുടെ കാര്യത്തിലും കാനം പിടിമുറുക്കിയേക്കും. നിലവിലെ ദേശീയ കൗണ്‍സില്‍ അംഗങ്ങളില്‍ സി എന്‍ ചന്ദ്രന്‍, ടി വി ബാലന്‍ എന്നിവര്‍ ഇസ്മയിലിനോട് അടുപ്പം പുലര്‍ത്തുന്നവരാണ്. ഇവരെ ഒഴിവാക്കി കെ പ്രകാശ് ബാബു, പി പ്രസാദ് എന്നിവരെ കൗണ്‍സിലില്‍ എത്തിച്ചേക്കും. ഇരുവരും കാനത്തിന്റെ ഉറ്റ അനുയായികളാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top