മൂന്നാമതും സുധാകര്‍ റെഡ്ഡി

സുരവരം സുധാകര്‍ റെഡ്ഡിക്ക് സമരം ജീവിതത്തിന്റെ ഭാഗമാണ്. അച്ഛന്‍ വെങ്കട്ടരാമ റെഡ്ഡി സ്വാതന്ത്ര്യസമര സേനാനിയായിരുന്നു. ആന്ധ്രാപ്രദേശിലെ കുര്‍ണൂലില്‍ സ്‌കൂള്‍ പഠനകാലത്താണ് സുധാകര്‍ റെഡ്ഡി ആദ്യം മുദ്രാവാക്യം വിളിക്കുന്നത്. ബ്ലാക്ക്‌ബോര്‍ഡിനും ചോക്കിനും മറ്റ് അടിസ്ഥാന ആവശ്യങ്ങള്‍ക്കും വേണ്ടിയായിരുന്നു അത്. സിപിഐ ജനറല്‍ സെക്രട്ടറിയായി മൂന്നാം തവണയും തിരഞ്ഞെടുക്കപ്പെടുമ്പോള്‍ കാലഘട്ടം ആവശ്യപ്പെടുന്ന സമരമുഖത്ത് പാര്‍ട്ടിയെ നയിക്കുകയെന്നതാണ് ദൗത്യം.
ചോക്കിനു വേണ്ടി ആദ്യ സമരം
എഐഎസ്എഫിലൂടെയാണ് സുധാകര്‍ റെഡ്ഡിയുടെ രാഷ്ട്രീയപ്രവേശം. കുര്‍ണൂലിലെ മുനിസിപ്പല്‍ സ്‌കൂളിലെ പഠനകാലത്തായിരുന്നു അത്. 1960-1965 കാലഘട്ടത്തില്‍ എഐഎസ്എഫിന്റെ ജില്ലാ സെക്രട്ടറിയായും സംസ്ഥാന സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. 1966-ല്‍ ദേശീയ ജനറല്‍ സെക്രട്ടറിയായി. അതോടെ പ്രവര്‍ത്തനകേന്ദ്രം ദില്ലിയിലേക്ക് മാറ്റി. 1972-ല്‍ എഐവൈഎഫിന്റെ ദേശീയ പ്രസിഡന്റായി. സിപിഐയുടെ ദേശീയ കൗണ്‍സിലില്‍ ആദ്യം എത്തിയത് 1971-ലാണ്. 1974-ല്‍ നാട്ടിലേക്ക് പ്രവര്‍ത്തനം മാറ്റിയ സുധാകര്‍ റെഡ്ഡി 1998-ല്‍ ആന്ധ്രാപ്രദേശ് സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. 2007-ല്‍ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറിയായി. തുടര്‍ന്ന് എ ബി ബര്‍ദന്‍ സ്ഥാനം ഒഴിഞ്ഞ ഒഴിവിലാണ് ആദ്യമായി ജനറല്‍ സെക്രട്ടറി സ്ഥാനത്തെത്തിയത്.
1966-ല്‍ എഐഎസ്എഫ് സംസ്ഥാന സെക്രട്ടറിയായിരിക്കുമ്പോഴാണ് ആദ്യ ജയില്‍വാസം. വിശാഖപട്ടണത്തെ സ്റ്റീല്‍പ്ലാന്റിന് എതിരായ സമരത്തില്‍ പങ്കെടുത്തതിന് കാകിനഡയിലും പിന്നീട് തിരുപ്പതിയിലും ജയിലിലടയ്ക്കപ്പെട്ടു. പശ്ചിമബംഗാളിലെ ഇടതുസര്‍ക്കാരിനെ പിരിച്ചുവിട്ടതിന് സമരം ചെയ്തതിന്റെ പേരിലും സുധാകര്‍ റെഡ്ഡിക്ക് ജയില്‍വാസം അനുഭവിക്കേണ്ടി വന്നിട്ടുണ്ട്.
തിരഞ്ഞെടുപ്പില്‍ തോറ്റു തുടക്കം
പാര്‍ലമെന്ററി രാഷ്ട്രീയത്തില്‍ തോറ്റാണ് തുടക്കം. 1985-ലും 1990-ലും ആന്ധ്രാപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടു. 1994-ല്‍ ധോണ്‍ മണ്ഡലത്തില്‍ മുഖ്യമന്ത്രി വിജയ ഭാസ്‌കര റെഡ്ഡിയോടാണ് തോറ്റത്. തോല്‍വിക്കിടയിലും ജനസ്വാധീനം ഉറപ്പിക്കാന്‍ ആ തിരഞ്ഞെടുപ്പിലൂടെ കഴിഞ്ഞു. 1998-ല്‍ നല്‍ഗൊണ്ടയില്‍ നിന്ന് ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 2004-ലും വിജയം ആവര്‍ത്തിച്ചു. അക്കാലത്ത് പാര്‍ലമെന്റിന്റെ തൊഴില്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റിയുടെ ചെയര്‍മാനായും പ്രവര്‍ത്തിച്ചു. ലോക്‌സഭാംഗമായിരിക്കേ, അസംഘടിത തൊഴില്‍മേഖല, സ്‌കൂള്‍ഉച്ചഭക്ഷണം, ആരോഗ്യസുരക്ഷ എന്നിവയുമായി ബന്ധപ്പെട്ട നിരവധി സ്വകാര്യ ബില്ലുകള്‍ അവതരിപ്പിച്ചു. 2ജി അഴിമതി, സ്വിസ് ബാങ്കിലെ കള്ളപ്പണം എന്നിവ സംബന്ധിച്ച പാര്‍ലമെന്റ് ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടതും സുധാകര്‍ റെഡ്ഡിയാണ്.
സീതാറാമും സുധാകറും തമ്മില്‍
തെലുങ്കാണ് സുധാകര്‍ റെഡ്ഡിയുടെ മാതൃഭാഷ. തെലുങ്ക് തന്നെ മാതൃഭാഷയായ സീതാറാം യെച്ചൂരിയാണ് സിപിഐഎമ്മിന്റെ ജനറല്‍ സെക്രട്ടറി. ഭാഷയിലെ ഈ സമാനത ഇരുവരുടെയും പെരുമാറ്റത്തിലുമുണ്ട് . പരുഷതയില്ല, സൗമ്യമായ പെരുമാറ്റം. ഇടത് ഐക്യത്തിന് പുതിയ ദിശാബോധം പകരാന്‍ ഇരുവര്‍ക്കും കഴിയുമോയെന്ന് കാത്തിരുന്നു കാണണം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here