ആര്‍എസ്എസും ബിജെപിയും ഹിന്ദുമത ആശയങ്ങള്‍ക്ക് അപകടം വിതക്കുന്നു; ശങ്കരാചാര്യ സ്വരൂപാനന്ദ
ബിജെപിയെയും ആര്‍എസ്എസിനെയും വിമര്‍ശിച്ച് ഹിന്ദുമതാചാര്യനും സ്വാതന്ത്ര്യസമര സേനാനിയുമായ ശങ്കരാചാര്യ സ്വരൂപാന്ദ സരസ്വതി. രാജ്യത്ത് ബിജെപിയും ആര്‍എസ്എസും വര്‍ഗീയ പ്രശ്നങ്ങള്‍ സൃഷ്ടിക്കുകയാണെന്ന് സ്വരൂപാനന്ദ സരസ്വതി പറഞ്ഞു. ഇന്ത്യ ടുഡേക്ക് അനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ വിമര്‍ശനം. ഹിന്ദു മതത്തെ കുറിച്ച് മോഹന്‍ ഭാഗവതിന് ഒന്നുമറിയില്ലെന്ന് സ്വരൂപാനന്ദ സരസ്വതി തുറന്നടിച്ചു. ഇന്ത്യയില്‍ ജനിക്കുന്നവരെല്ലാം ഹിന്ദുക്കളാണെന്ന് മോഹന്‍ ഭഗവത് പറഞ്ഞതിനെതിരെയായിരുന്നു വിമര്‍ശനം.
ബി.ജെ.പി നേതാക്കളാണ് രാജ്യത്തെ പ്രധാന ബീഫ് കയറ്റുമതിക്കാരില്‍ പലരും. എന്നാല്‍ അവര്‍ തന്നെയാണ് ഗോവധത്തിനെതിരെ പ്രവര്‍ത്തിക്കുന്നതും. അവര്‍ തന്നെയാണ് ബീഫ് കയറ്റുമതി ഇന്ത്യയുടെ മുഖത്തേറ്റ കളങ്കമാണെന്നും പറയുന്നതും. ഇത് പാര്‍ട്ടിയുടെ ഇരട്ടത്താപ്പാണ്- അദ്ദേഹം പറഞ്ഞു.
2014 ലെ തിരഞ്ഞെടുപ്പ് വേളയില്‍ രാജ്യത്തെ യുവാക്കള്‍ക്ക് ജോലി നല്‍കും, പാവപ്പെട്ടവന് 15 ലക്ഷം വീതം നല്‍കും തുടങ്ങിയ പ്രഖ്യാപനങ്ങള്‍ മോദി നടത്തിയിരുന്നു. അത്തരം പ്രഖ്യാപനങ്ങള്‍ പാലിക്കപ്പെട്ടോ എന്ന് തിരിച്ച് ചോദിച്ചാല്‍ മോദിക്കും ബിജെപിക്കും ഉത്തരമില്ലാതാകുമെന്നും അദ്ദേഹം പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here