ഇംപീച്ച്‌മെന്റ് പരാതി; കോണ്‍ഗ്രസ് പിന്‍വലിച്ച ഹര്‍ജി ഭരണഘടനാ ബെഞ്ച് തള്ളി

ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്‌ക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ കൊണ്ടുവന്ന ഇംപീച്ച്‌മെന്റ് നോട്ടീസ് രാജ്യസഭാധ്യക്ഷന്‍ നടപടിക്രമങ്ങള്‍ പാലിക്കാതെ തള്ളിയതിനെതിരെ കോണ്‍ഗ്രസ് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളി കളഞ്ഞു. ഭരണഘടനാ ബെഞ്ചാണ് ഹര്‍ജി തള്ളി കളഞ്ഞത്. ഹര്‍ജി ഭരണഘടനാ ബെഞ്ചിലേക്ക് എത്തിയതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് പിന്‍വലിക്കുകയായിരുന്നു. കോണ്‍ഗ്രസ് ഹര്‍ജി പിന്‍വലിച്ചതോടെ ഭരണഘടനാ ബെഞ്ച് ഹര്‍ജി തള്ളി കളഞ്ഞതായി വിധിക്കുകയായിരുന്നു.
ചീഫ് ജസ്റ്റിസ് ദീപക് മിശ്ര രൂപം നല്‍കിയ ഭരണഘടനാ ബെഞ്ചിലേക്ക് ഹര്‍ജി എത്തുന്നത് കോണ്‍ഗ്രസ് ആദ്യം മുതലേ എതിര്‍ത്തിരുന്നു. ജസ്റ്റിസ് ജെ. ചെലമേശ്വര്‍ അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചിലേക്ക് ഹര്‍ജി നല്‍കണമെന്നായിരുന്നു കോണ്‍ഗ്രസ് അഭിഭാഷകന്‍ കപില്‍ സിബല്‍ അടക്കമുള്ളവര്‍ വാദിച്ചിരുന്നത്.
ഇംപീച്ച്‌മെന്റുമായി ബന്ധപ്പെട്ട ഹര്‍ജി ആയതിനാല്‍ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന് കേസ് പരിഗണിക്കാന്‍ കഴിയുമായിരുന്നില്ല. ചീഫ് ജസ്റ്റിസ് കഴിഞ്ഞാല്‍ മറ്റ് മുതിര്‍ന്ന സുപ്രീം കോടതി ജഡ്ജിമാരായിരുന്നു ഹര്‍ജി പരിഗണിക്കേണ്ടത്. എന്നാല്‍, ജസ്റ്റിസ് ചെലമേശ്വര്‍ അടക്കമുള്ള നാല് മുതിര്‍ന്ന ജഡ്ജിമാരെ ഉള്‍പ്പെടുത്താതെ അഞ്ചംഗ ഭരണഘടന ബെഞ്ചിന് ചീഫ് ജസ്റ്റിസ് ഹര്‍ജി പരിഗണിക്കാന്‍ രൂപം നല്‍കുകയായിരുന്നു. ഇതേ തുടര്‍ന്നാണ് കോണ്‍ഗ്രസ് ഹര്‍ജി പിന്‍വലിച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here