ജലസമൃദ്ധി നിലയ്ക്കാത്ത പന്നിയാര്‍ പുഴയെ നശിപ്പിക്കരുത്…

ഹിമാലയൻ നദികളെപോലെ വേനൽ കാലത്തും വർഷകാലത്തും കരകവിഞ്ഞു ഒഴുകുന്ന ഒരു നദിയുണ്ട് ഇടുക്കിയില്‍. ജില്ലയിലെ ഏലമല കാടുകളിലൂടെ ഒഴുകുന്ന പന്നിയാർ പുഴയാണ് വർഷം മുഴുവൻ നിറഞ്ഞു പതഞ്ഞു ഒഴുകുന്നത്. വർഷകാലത്ത് മഴവെള്ള പാച്ചലിനാലും വേനൽകാലത്ത് ആനയിറങ്കൽ ജലാശയം തുറന്നു വിടുന്നതിനാലും മുന്നൂറ്റി അറുപത്തിയഞ്ചു ദിവസവും ജലസമൃദ്ധമായി ഒഴുകുകയാണ് പന്നിയാർ പുഴ.
ശാന്തൻപാറ, സേനാപതി, രാജകുമാരി, രാജാക്കാട് പഞ്ചായത്തുകളുടെ ഹൃദയഭാഗത്തുകൂടി ഒഴുകുന്നതിനാൽ ഈ പഞ്ചായത്തുകളുടെ ജീവനാഡിയായിട്ടാണ് പന്നിയാർ പുഴ അറിയപ്പെടുന്നത്. കാർഷിക ആവശ്യങ്ങളും കുടിവെള്ളവുമെല്ലാം പന്നിയാർ പുഴയെ ആശ്രയിച്ചാണിരിക്കുന്നത്. മതികെട്ടാൻചോലയിലെ മഴക്കാടുകളിൽ നിന്നും ഉത്ഭവിക്കുന്ന ചെറിയ അരുവികൾ കൂടിച്ചേർന്നാണ് ആർത്തലച്ചു ഒഴുകുന്ന പന്നിയാർ പുഴയായി മാറുന്നത്.
കാലവർഷത്തിൽ മതികെട്ടാൻ മലനിരകളിൽ നിന്നും ഒലിച്ചിറങ്ങുന്ന വെള്ളമാണ് മൺസൂൺ കാലത്ത് പന്നിയാർ പുഴയെ കരകവിഞ്ഞു ഒഴുകാൻ സഹായിക്കുന്നത്. ചിന്നക്കനാൽ സൂര്യനെല്ലി തേയില ചെരുവുകളിൽ നിന്നും ഒഴുകിയെത്തുന്ന വെള്ളം ആനയിറങ്കൽ ജലാശയത്തിൽ സംഭരിച്ച ശേഷം പന്നിയാർ ജലവൈദ്യുത പദ്ധതിയുടെ ഭാഗമായി പൊന്മുടി ജലാശയത്തിലേക്ക് വേനൽ ആരംഭത്തിൽ തുറന്നു വിടുന്നതിനാൽ വേനൽ കാലത്തും പന്നിയാർ പുഴ നിറ സമൃദ്ധമാണ്.
ജലവൈദ്യുത പദ്ധതിയുടെ ഭാഗമായിട്ടാണ് വേനൽ കാലത്ത് ആനയിറങ്കൽ അണകെട്ട് തുറന്നു വിടുന്നെതെങ്കിലും പന്നിയാർ പുഴയെ ആശ്രയിച്ചു കഴിയുന്ന നാല് ഗ്രാമങ്ങളിലെ കാർഷിക മേഖലക്കാണ് ഏറ്റവും ഗുണകരമാകുന്നത്. രാജകുമാരി, രാജാക്കാട്, സേനാപതി, പഞ്ചാത്തുകൾക്കായി നടപ്പിലാക്കിയിരിക്കുന്ന കുടിവെള്ള പദ്ധതിയും പന്നിയാർ പുഴയുടെ തീരത്താണ്. നിലവിൽ നാല് പഞ്ചായത്തുകളുടെയും ജീവനാഡിയായി അറിയപ്പെടുന്ന പന്നിയാർ ഇന്ന് മാലിന്യത്താൽ മരണത്തിന്റെ വക്കിലാണ്. മലയോര മേഖലയുടെ സമ്പത്സമൃദ്ധിക്കായി ഒഴുകുന്ന പുഴ നിലക്കാതിരിക്കാൻ ബന്ധപ്പെട്ട അധികൃതർ നടപടികൾ സ്വികരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here