ഷിംലയിൽ വാഹനാപകടം; 17 മരണം

ഷിംലയിൽ രണ്ട് വ്യത്യസ്ത വാഹനാപകടങ്ങളിലായി 17 പേർ കൊല്ലപ്പെട്ടു. സിർമൗർ ജില്ലയിൽ നെയ്‌നേതി ഗ്രാമത്തിലെ സോളൻ പുൽവാഹാൽ റോഡിലുണ്ടായ അപകടത്തിൽ പതിനൊന്നുപേർ കൊല്ലപ്പെട്ടു. ബസ് റോഡിൽ തെന്നി മറിഞ്ഞുണ്ടായ അപകടത്തിൽ 13 പേർക്ക് പരിക്കേറ്റു. ഇവരിൽ ചിലരുടെ നില ഗുരുതരമാണ്. ബസിൽ ഏകദേശം 26 യാത്രക്കാരുണ്ടായിരുവെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു.
ബസിന്റെ ആക്‌സിൽ ഒടിയുകയും ഒരു ടയർ ഇളകി മാറി ആഴമുള്ള മലയിടുക്കിലേക്ക് ഉരുണ്ടുപോവുകയും ചെയ്തുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. മണ്ണുമാന്തി യന്ത്രത്തിന്റെ സഹായത്തോടെയാണ് മൃതദേഹങ്ങൾ പുറത്തെടുത്തത്. അപകടത്തിൽ പെട്ടവരെ സോളൻ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരു സ്ത്രീയും കുഞ്ഞും ആശുപത്രിയിലേക്കുള്ള യാത്രാമധ്യേയാണ് മരിച്ചത്.
ഷിംല ജില്ലയിലെ ഖോൽഗാലിയിലുണ്ടായ മറ്റൊരു റോഡപകടത്തിൽ കാർ യാത്രികരായ ആറുപേർ മരിച്ചു. മരിച്ചവരിൽ രണ്ട് സ്ത്രീകളും ഉൾപ്പെടുന്നു. ഷിംലയിലെ ഗ്രാമീണ മേഖലയിലെ സുന്നി ടെഹ്‌സിൽ നിവാസികളാണിവർ. അപകടകാരണം ഇനിയും വെളിപ്പെട്ടിട്ടില്ലെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here