എല്ലാ കണ്ണുകളും മോദി വിശ്വസ്തനായ ഗവര്‍ണറിലേക്ക്

കര്‍ണാകത്തിലെ തിരഞ്ഞെടുപ്പ് ഫലം തൂക്കുമന്ത്രിസഭയിലേക്ക് വിരല്‍ ചൂണ്ടുന്നു. ബിജെപി, കോണ്‍ഗ്രസ്, ജെഡിഎസ് പാര്‍ട്ടികള്‍ക്ക് വ്യക്തമായ കേവല ഭൂരിപക്ഷ സാഹചര്യമില്ലാത്തില്‍ തൂക്കുസഭയാണ് ഏക വഴി. അതിലേക്കാണ് ബിജെപിയും കോണ്‍ഗ്രസും ചരട് വലികള്‍ നടത്തുന്നത്. 104 സീറ്റുമായി ബിജെപി തന്നെയാണ് ഏറ്റവും വലിയ ഒറ്റകക്ഷി. എന്നാല്‍, ഒറ്റയ്ക്ക് മന്ത്രിസഭ രൂപീകരിക്കണമെങ്കില്‍ 112 സീറ്റുകളുടെ കേവല ഭൂരിപക്ഷം ആവശ്യമാണ്. രണ്ടാം സ്ഥാനത്ത് 78 സീറ്റുകളുമായി കോണ്‍ഗ്രസാണ്. 37 സീറ്റുകളുള്ള ജെഡിഎസിനെ കൂട്ടുപിടിച്ച് അധികാരം പിടിക്കാനാണ് കോണ്‍ഗ്രസ് തയ്യാറെടുക്കുന്നത്. ജെഡിഎസും കോണ്‍ഗ്രസിനോട് ചായ്വ് കാണിച്ചതായി വ്യക്തമായ റിപ്പോര്‍ട്ടുകളുണ്ട്.
കോണ്‍ഗ്രസ്- ജെഡിഎസ് സഖ്യത്തില്‍ സംസ്ഥാന സര്‍ക്കാരിന് രൂപം നല്കാന് തയ്യാറാണെന്ന് ഇരു പാര്‍ട്ടികളുടെയും നേതൃത്വം ഗവര്‍ണറെ അറിയിച്ചിട്ടുണ്ട്. കര്‍ണാടകത്തിലെ ഗവര്‍ണര്‍ വാജുഭായ് വാലയാണ് ഇനി നിര്‍ണായക തീരുമാനം സ്വീകരിക്കേണ്ടത്. കേവല ഭൂരിപക്ഷം തെളിയിക്കാന്‍ തങ്ങള്‍ക്ക് സമയം വേണമെന്ന് ബിജെപി നേതൃത്വവും ഗവര്‍ണറെ അറിയിച്ചിട്ടുണ്ട്. ഭൂരിപക്ഷം തെളിയിക്കാന്‍ ബിജെപിക്ക് ഒരാഴ്ചത്തേക്ക് സമയം നല്‍കുന്നതായി ഗവര്‍ണര്‍ ബിജെപിയെ അറിയിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ ഇനി എല്ലാ കണ്ണുകളും ഗവര്‍ണറുടെ തീരുമാനത്തിലേക്കാണ്. പ്രധാനമന്ത്രിയുടെ വിശ്വസ്തനാണ് നിലവില്‍ കര്‍ണാടകത്തിലെ ഗവര്‍ണര്‍.
2002ല്‍ ഗുജറാത്ത് മുഖ്യമന്ത്രിയായി നിയോഗിക്കപ്പെട്ടപ്പോള്‍ നരേന്ദ്ര മോദിക്ക് നിയമസഭയിലേക്ക് മത്സരിക്കാനായി തന്റെ സീറ്റ് ഒഴിഞ്ഞുകൊടുത്ത വിശ്വസ്തനാണ് വാജുഭായ് വാല. പിന്നീട് അദ്ദേഹം ഗുജറാത്തിലെ മോദി മന്ത്രിസഭയില്‍ ധനകാര്യമന്ത്രിയുമായി.
1984 മുതല്‍ 2002വരെ ഗുജറാത്തിലെ രാജ്കോട്ട് മണ്ഡലത്തെ പ്രതിനിധീകരിച്ചത് വാജുഭായ് വാലയായിരുന്നു. ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് നടന്നപ്പോള്‍ മോദി മണിനഗറിലേക്ക് മാറിയപ്പോള്‍ രാജ്കോട്ട് മണ്ഡലത്തിലെ കോട്ട കാക്കുന്ന ചുമതല വീണ്ടും വാജുഭായ് വാലയുടെ ചുമലിലായി. അത് അദ്ദേഹം ഭംഗിയായി നിറവേറ്റി. 2002, 2007, 2012 നിയമസഭാ തെരഞ്ഞെടുപ്പുകളിലും അദ്ദേഹം രാജ്കോട്ടില്‍ വിജയക്കൊടി പാറിച്ചു. ഇതിനെല്ലാം ശേഷമാണ് വാജുഭായ് വാല കര്‍ണാടകത്തിലെ ഗവര്‍ണറായി ചുമതലയേറ്റത്.
ഇതുകൊണ്ടെല്ലാം തന്നെ ഗവര്‍ണര്‍ ബിജെപിക്ക് അനുകൂലമായ നിലപാട് എടുക്കുമെന്നാണ് രാഷ്ട്രീയ വിലയിരുത്തല്‍. കൃത്യമായ ചിത്രം അറിയാന്‍ ഗവര്‍ണറുടെ അന്തിമ തീരുമാനത്തിനായി കാത്തിരിക്കണം. ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ ആ തീരുമാനം ഗവര്‍ണര്‍ സ്വീകരിച്ചേക്കും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here