മരണം വരെ ഞാന്‍ കെവിന്‍ ചേട്ടന്റെ ഭാര്യയാണ്; ഈ വീട്ടില്‍ തന്നെ കഴിയും

നിയമപരമായിട്ടല്ലെങ്കിലും ഞാൻ കെവിൻ ചേട്ടന്റെ ഭാര്യയാണ്. ഞാൻ കെവിൻ ചേട്ടന്റെ വീട്ടിൽ തന്നെ നിൽക്കും. കെവിന്‍ ചേട്ടന്റെ അച്ഛനേയും അമ്മയേയും സഹോദരിയേയും ഞാന്‍ തന്നെ നോക്കും. കെവിന്റെ അച്ഛന്റെ തോളില്‍ കിടന്നുകൊണ്ട് നീനു മാധ്യമങ്ങളോട് പറഞ്ഞതാണിത്. സ്വന്തം ആത്മാവിനോളം പ്രണയിച്ച ഒരാളെ സ്വന്തമാക്കിയതിന്റെ മൂന്നാം ദിവസം അയാളെ എന്നന്നേക്കുമായി നഷ്ടപ്പെടുക, സമാനതകളില്ലാത്ത സങ്കടകടലിന് നടുവിലാണ് ഇന്ന് നീനു. പ്രണയിച്ചതിന്റെ പേരില്‍ സ്വന്തം മാതാപിതാക്കള്‍ തന്നെയാണ് കെവിന്റെ ജീവനെടുത്തതെന്ന സത്യത്തിന് മുന്നിലും, ജീവന് തുല്യം സ്നേഹിച്ച ആളുടെ എന്നന്നേക്കുമായുള്ള വിയോഗത്തിന് മുന്നിലും വിറങ്ങലിച്ച് നില്‍ക്കുകയാണ് ഈ പെണ്‍കുട്ടി ഇന്ന്. ദുരഭിമാന കൊലയുടെ കേരളത്തിലെ അവസാനത്തെ ഇരയാണ് കെവിന്‍. അരീക്കോട്ട് ആതിരയും ദുരഭിമാന കൊലയുടെ ഇരയായിരുന്നു. വിവാഹത്തിന് മണിക്കൂറുകള്‍ മുമ്പാണ് ആതിര കൊല്ലപ്പെടുന്നത്, അതും സ്വന്തം അച്ഛന്റെ കൈ കൊണ്ട്!. ഇവിടെ കെവിന്റെ മരണത്തില്‍ പ്രതിസ്ഥാനത്ത് ഭാര്യയുടെ വീട്ടുകാരാണ്. നീനുവിന്റെ സഹോദരന്‍ കൊലപാതകത്തില്‍ നേരിട്ട് ഉള്‍പ്പെട്ടു, നീനുവിന്റെ സഹോദരനാണ് ക്വട്ടേഷന്‍ സംഘത്തോട് ഒപ്പം വന്ന് കെവിനെ പിടിച്ച് കൊണ്ട് പോയത്. നീനുവിന്റെ മാതാപിതാക്കളുടെ അറിവോടെ തന്നെയാണ് ഈ കൊലയെന്നാണ് വിവരം. ഇവര്‍ ഒളിവിലുമാണ്.
അമ്മയേയും അച്ഛനേയും പ്രണയം അറിയച്ചശേഷമാണ് വീട്ടില്‍ നിന്ന് ഇറങ്ങിയതെന്നാണ് നീനു പറയുന്നത്. അവര്‍ വന്ന് വിളിച്ചാല്‍ പോകില്ല. നിയമപരമയിട്ടല്ലെങ്കിലും ഞാന്‍ കെവിന്‍ ചേട്ടന്റെ ഭാര്യയാണ്. തോരാത്ത കണ്ണീരിനിടയിലും നീനു ആവര്‍ത്തിച്ച് പറയുന്നത് ഇത് തന്നെ.. താന്‍ കെവിന്‍ ചേട്ടന്റെ ഭാര്യയാണെന്ന്.. അതെ നീനു കെവിന്റെ ഭാര്യയാണ്, അതിന് നിയമ പരിരക്ഷ കിട്ടാന്‍ കുറച്ചു കടമ്പകള്‍ കൂടിയാണ് ബാക്കിയുണ്ടായിരുന്നെന്ന് മാത്രം. അതിനിടെയായിരുന്നു ഈ അരുംകൊല. മനസുകൊണ്ട് ഒന്നായവരെ, കളങ്കമില്ലാത്ത പ്രണയം കൊണ്ട് ആത്മാക്കളെ തമ്മില്‍ ബന്ധിപ്പിച്ചവരെ .. അവരെ ആര്‍ക്കും പിരിക്കാനാവില്ല, മരണത്തിന് പോലും. അത് കൊണ്ടാണ് നീനുവിന് ഇപ്പോഴും ഇടറിയ ശബ്ദത്തോടെയാണെങ്കിലും താന്‍ കെവിന്‍ ചേട്ടന്റെ ഭാര്യയാണെന്ന് പറയാന്‍ കഴിയുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here